പ്ലംബിങ് കടകളിലെ മോഷണ പരമ്പര: പ്രതികൾ പിടിയിൽ
text_fieldsവെള്ളിമാടുകുന്ന്: വിവിധ ഹാർഡ് വെയർ കടകളിൽ അടിക്കടി മോഷണം നടത്തി െപാലീസിന് തലവേദന തീർത്ത കേസുകളിലെ പ്രതികൾ മോഷണ വസ്തുക്കളുമായി പിടിയിൽ. പ്ലംബിങ്, ഇലക്ട്രിക്കൽ കടകളിൽ മോഷണം നടത്തിയ കേസുകളിൽ പൊലീസ് തിരയുന്ന യുവാവും യുവതിയുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ചേവരമ്പലത്തുവെച്ച് ചേവായൂർ പൊലീസ് പിടിയിലായത്. ഫറോക്കിൽ താമസമാക്കിയ താനുർ കുന്നുംപുറം തയ്യിൽപറമ്പിൽ മീനൂട്ടി എന്ന മീനുവാണ് (27, ഒപ്പം താമസിക്കുന്ന കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൂന്നു കൂട്ടാളികൾ കൂടി പൊലീസ് പിടിയിലായി.
ചാക്കിൽ കെട്ടിയ മോഷണ വസ്തുക്കളുമായി യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പൊലീസ് പിടികൂടുകയായിരുന്നു. കണ്ണൻ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. ഹാർഡ് വെയർ കടകൾ കുത്തിത്തുറന്ന് പിച്ചളയിലും ചെമ്പിലും നിർമിച്ച ഫിറ്റിങ്ങുകളാണ് എല്ലായിടത്തുനിന്നും സംഘം മോഷ്ടിച്ചത്. വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം സമാന കേസുകൾ നിലവിലുണ്ട്. തിരൂരങ്ങാടി പടിക്കലിലെ കടയിൽനിന്ന് മോഷ്ടിച്ച വസ്തുക്കളുമായി വരവെയാണ് പിടിയിലായത്.
പന്തീരാങ്കാവിൽ പെരുമണ്ണ റോഡിലെ ഐ.ആർ.എസ് ആർക്കേഡിലെ 'ലെ ഗാമ' എന്ന കടയിൽ കഴിഞ്ഞ ആഴ്ച മോഷണം നടന്നിരുന്നു. ബൈക്കിലെത്തിയ സംഘത്തിെൻറ ചിത്രം സമീപത്തെ അയ്യപ്പഭജനമഠത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. കടകളിലെ സി.സി.ടി.വി കേടുവരുത്തി, സെർവറുകൾ മോഷ്ടിച്ചു കൊണ്ടുപോയി തെളിവു നശിപ്പിക്കുന്നത് സംഘത്തിെൻറ രീതിയായിരുന്നു. വേങ്ങേരി, കോട്ടൂളി, മേത്തോട്ടുതാഴം, ഫറോക്ക്, കുന്ദമംഗലം, മലാപ്പറമ്പ്, കോവൂർ, മാത്തറ, എലത്തൂർ എന്നിവിടങ്ങളിലെ കടകളിലും മോഷണം നടന്നിരുന്നു. മാതാവും പിതാവും തമിഴരായ യുവതി ഫറോക്കിലെത്തിയത്. പ്രതികളെ പിടികൂടുന്നതിനു വേണ്ടി വിവിധ സ്ക്വാഡുകൾ രൂപവത്കരിച്ചിരുന്നു.
ഇവർ സഞ്ചരിച്ച ബൈക്കും മോഷ്ടിച്ചതാണ്. മോഷണത്തിനു ശേഷം വസ്തുക്കൾ ചാക്കുകളിലാക്കി കടകളിൽ നിന്ന് മാറിയുള്ള കുറ്റിക്കാടുകളിൽ രാത്രി തന്നെ ഒളിപ്പിച്ചുവെക്കും. ബൈക്കിൽ കടത്താവുന്നവയുമായി കടന്നുകളയുകയും ചെയ്യും. പിന്നീട് സൗകര്യം പോലെ എടുത്തു കൊണ്ടുപോകുകയാണ് പതിവ്. ഫറോക്കിൽ ആക്രി കട നടത്തുന്ന ഇവർ താമസിക്കുന്നതും കടയോട് ചേർന്ന മുറിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.