ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചതിന് പ്രവാസിയുടെ ക്വട്ടേഷൻ: പ്രതികളുമായി തെളിവെടുപ്പ്
text_fieldsകോഴിക്കോട്: ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചു എന്നാരോപിച്ച് വിദ്യാർഥിയെ മർദിക്കാൻ പ്രവാസിയായ ഭർത്താവിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത കേസിൽ പിടിയിലായവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
അറസ്റ്റിലായ പയ്യാനക്കൽ സ്വദേശികളായ കെഫ്സീബ് (31), അൻഫാൽ (28) എന്നിവരെയാണ് മാറാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയടക്കം നടന്ന കോതി പാലത്തിലുൾപ്പെടെ കൊണ്ടുപോയി തെളിവെടുത്തത്. കോടതി ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവരെക്കൂടാതെ പയ്യാനക്കലെ ഷംസുദ്ദീൻ (31), ചക്കുംകടവിലെ മുഹമ്മദ് റഫീക്ക് (34), സുഷീർ (33), നടുവട്ടത്തെ ഫിറോസ് (39) എന്നിവരും അറസ്റ്റിലായിരുന്നു. ഇതിൽ സുഷീറിനും ഫിറോസിനും നേരത്തേ ജാമ്യം ലഭിച്ചു.
മാത്തോട്ടം സ്വദേശിയായ വിദ്യാർഥിയെയാണ് സംഘം ജനുവരി 15ന് ക്രൂരമായി മർദിച്ചത്. വിദേശത്ത് ജോലി ചെയ്യുന്നയാളുടെ ഭാര്യയുമായുള്ള സൗഹൃദമാണ് ക്വട്ടേഷന് കാരണമായത്. പ്രവാസിയുടെ സുഹൃത്തുക്കളായിരുന്നു ക്വട്ടേഷൻ ഏറ്റെടുത്തവർ. സംഘം 15ന് രാത്രി വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിദ്യാർഥിയെ ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു.
സമീപത്തെ വീട്ടുകാർ ലൈറ്റിട്ടപ്പോൾ ഓടിക്കളഞ്ഞ പ്രതികളെ പിന്നീട് കർണാടകയിൽനിന്നടക്കമാണ് മാറാട് പൊലീസും സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയത്. ക്വട്ടേഷൻ നൽകിയ പ്രവാസിയാണ് കേസിൽ പിടിയിലാവാനുള്ളത്. ഇയാൾ വിദേശത്താണെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.