മണിയോർഡർ ലഭ്യമാകാൻ ആയഞ്ചേരിയിൽനിന്നും ചാലപ്പുറത്തേക്ക് നാലു വർഷം
text_fieldsആയഞ്ചേരി: തപാൽ വകുപ്പിന്റെ 'കാര്യക്ഷമതയിൽ' ആയഞ്ചേരിയിൽനിന്നും കോഴിക്കോട് ചാലപ്പുറം പോേസ്റ്റാഫിസ് പരിധിയിൽ മണിയോർഡർ തുക എത്താൻ എടുത്ത കാലാവധി നാലു വർഷം.
ആയഞ്ചേരിയിലെ കൊയിലത്ത് ആലാറ്റിൽ നഫീസ 2018 നവംബർ 22നാണ് ആയഞ്ചേരി പോസ്റ്റോഫിസിൽ നിന്നും കോഴിക്കോട് ചാലപ്പുറം പോേസ്റ്റാഫിസ് പരിധിയിലെ പ്രസിദ്ധീകരണാലയത്തിലേക്ക് തുക മണിയോർഡർ ആയി അയച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും മണിയോർഡർ തുക പ്രസിദ്ധീകരണാലയത്തിൽ ലഭ്യമാകാത്തതിനെ തുടർന്ന് ആയഞ്ചേരി തപാൽ ഓഫിസിലും പൊൻമേരി സബ് ഓഫിസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് വടകര ഹെഡ് പോസ്റ്റ് ഓഫിസിൽ പരാതി നൽകി മാസങ്ങൾ കാത്തിരുന്നിട്ടും പരിഹാരമായില്ല. പിന്നീട് കോഴിക്കോട് നോർതേൺ റീജനൽ പോസ്റ്റ് മാസ്റ്റർ ജനറലിന് പരാതി നൽകി. നീണ്ട നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാസം കോഴിക്കോട്ടെ പ്രസിദ്ധീകരണാലയത്തിൽ തപാൽ വകുപ്പ് തുക എത്തിച്ചതായി പരാതിക്കാരിക്ക് അറിയിപ്പു ലഭിച്ചു. തൊട്ടു പിറകെ മണിയോർഡർ തുക ലഭ്യമാകാൻ കാലതാമസം നേരിട്ടതിൽ തപാൽ വകുപ്പ് ഖേദം പ്രകടിപ്പിച്ചുകൊണ്ടും വീഴ്ചവരുത്തിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമുള്ള പോസ്റ്റ് മാസ്റ്റർ ജനറലിന്റെ എഴുത്തും പരാതിക്കാരിക്ക് ലഭിച്ചു. നിലവിൽ 2018ലെ തുകയുടെ ഇരട്ടി വിലയായതിനാൽ പ്രസിദ്ധീകരണം പഴയ വിലയ്ക്ക് നൽകാൻ കഴിയില്ലെന്നാണ് പ്രസിദ്ധീകരണാലയം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.