വയോജനക്ഷേമത്തിനായി ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്
text_fieldsകോഴിക്കോട്: കോവിഡ് ഏറ്റവും അധികം ബാധിച്ചത് വൃദ്ധരെയാണ്. രോഗം മാത്രമല്ല, കോവിഡ്മൂലം പുറത്തിറങ്ങാൻ സാധിക്കാത്തതിനാലുള്ള പ്രയാസങ്ങൾ, രോഗംസംബന്ധിച്ച ആശങ്കകൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വയോജനങ്ങൾ നേരിടുന്നത്. അതിനെല്ലാം പുറമെയാണ് അവർ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങൾ.
വീടുകളിൽ കഴിയുന്നവരേക്കാൾ ഒറ്റപ്പെട്ടനിലയിലാണ് വയോജന മന്ദിരങ്ങളിൽ അന്തേവാസികൾ കഴിയുന്നത്. ഇവരെ ഹൃദയത്തോട് ചേർത്തുനിർത്താനായി ഹാർട്ട് ടു ഹാർട്ട് എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് സാമൂഹികനീതി വകുപ്പ്. ജില്ലയിൽ ഓർഫനേജ് ബോർഡിെൻറ അംഗീകാരമുള്ള 18 വയോജന കേന്ദ്രങ്ങളാണുള്ളത്. മാനസികരോഗം ഭേദമായവരെ താമസിപ്പിക്കുന്ന നാല് കേന്ദ്രങ്ങളും. ഇവയിൽ എല്ലാം കൂടെ 1000 ഓളം അന്തേവാസികൾ കഴിയുന്നുണ്ട്. കോവിഡ് കാലത്ത് ഒറ്റപ്പെട്ടുകഴിയുന്ന ഇവർക്ക് മാനസികോല്ലാസം നൽകുന്നതിനായി കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുക, ബന്ധുക്കൾ ഉള്ളവരെ സ്വന്തം വീടുകളിലേക്ക് എത്തിക്കുക, ഇതര സംസ്ഥാനക്കാരെ അവരവരുടെ നാടുകളിൽ എത്തിക്കുക, മാനസിക സമ്മർദമുള്ളവർക്ക് കൗൺസലിങ് നൽകുക, വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കുക തുടങ്ങിയ പദ്ധതികളാണ് ഹാർട്ട് ടു ഹാർട്ടിലൂടെ നടപ്പാക്കുക.
വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനമായ ജൂൺ 15 മുതൽ വയോജന ദിനമായ ഒക്ടോബർ ഒന്നുവരെ തുടർപദ്ധതിയായി നടപ്പാക്കാനാണ് തീരുമാനം. പദ്ധതിയുടെ ഉദ്ഘാടനം ജില്ല കലക്ടർ സാംബശിവ റാവു ചൊവ്വാഴ്ച നിർവഹിക്കും. പദ്ധതിപ്രകാരം വയോജനങ്ങൾക്ക് മാനസികോല്ലാസം നൽകുന്നതിനായി പ്രമുഖ കലാകാരൻമാർ ഉൾപ്പെടെ ഓരോ ദിവസവും കലാപരിപാടികൾ അവതരിപ്പിക്കും. വയോജനങ്ങൾക്ക് ഓൺലൈനായി പരിപാടി ആസ്വദിക്കാം.
പ്രത്യാശ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതരസംസ്ഥാനക്കാരെ നാട്ടിലെത്തിക്കുന്നത്. പകൽവീടുകൾ സായംപ്രഭ ഹോമുകളാക്കി മാറ്റാനുള്ള പദ്ധതികളും വകുപ്പ് ആവിഷ്കരിക്കുന്നുണ്ട്. മാനസിക- ശാരീരിക പീഡനങ്ങളുൾപ്പെടെ ആശങ്കകളൊന്നും പുറത്തു പറയാൻ പറ്റാത്തവർക്കായി വകുപ്പിന് കീഴിൽ വയോക്ഷേമ കാൾ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഉൾപ്പെടെ സഹായങ്ങളും കാൾസെൻറർ വഴി ലഭ്യമാക്കുന്നുണ്ട്. 0495 - 2377911 എന്ന നമ്പറിൽ രാവിലെ 10 മുതൽ അഞ്ചുവരെ കാൾ സെൻററിൽ വിളിച്ച് സഹായം തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.