ഇന്ധന വിലവർധന: വറചട്ടിയിൽനിന്ന് എരിതീയിൽ
text_fieldsകോഴിക്കോട്: പാചകവാതകത്തിനും പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടാൻ തുടങ്ങിയതോടെ ജനം വറചട്ടിയിൽനിന്ന് എരിതീയിലെത്തിയ അവസ്ഥയിൽ.
കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാനാവാതെ നെട്ടോട്ടമോടുന്ന സാധാരണക്കാരന്റെ ജീവിതം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിലക്കയറ്റം ഇനിയും രൂക്ഷമാകുന്ന അവസ്ഥയാണ് മുന്നിൽ. കോവിഡിന് ശേഷം സ്വകാര്യവാഹന ഉപയോഗം വർധിച്ചതിനാൽ പെട്രോൾ വിലവർധന ഭൂരിഭാഗം ആളുകളെയും നേരിട്ട് ബാധിക്കുന്നു. പാചകവാതക വിലവർധന അടുക്കളകളെയും പ്രതിസന്ധിയിലാക്കി. ഹോട്ടൽ ഭക്ഷണത്തിനും വില കൂട്ടിത്തുടങ്ങി. ആറ് മാസം മുമ്പ് 1300 രൂപക്ക് ലഭിച്ച വാണിജ്യ സിലിണ്ടറിന് ബുധനാഴ്ചത്തെ വില 1900 രൂപയാണ്. ഇതിന്റെ പേരിൽ ചായക്കടക്കം വില കൂട്ടിയിട്ടുണ്ട് ചില ഹോട്ടലുകളിൽ. മൈദ, റവ, ആട്ട എന്നിവക്ക് 30 കിലോ ചാക്കിന് 70 രൂപ വീതം ഈയാഴ്ച കൂടി. പാമോയിലിനും സൺഫ്ലവർ ഓയിലിനും യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ കൂടിയ വില കുറഞ്ഞിട്ടില്ല.
പാമോയിലിന് 40 രൂപയും സൺഫ്ലവർ ഓയിലിന് 50-60 രൂപയുമാണ് കൂടിയത്. കോഴിക്ക് കിലോക്ക് 240 -250 ആണ് ചില്ലറവില. മീനിനും വിലക്കയറ്റമുണ്ട്. റമദാനും വിഷു, ഈസ്റ്റർ ആഘോഷങ്ങളും പടിവാതിലിൽ നിൽക്കെ വിലക്കയറ്റം ഇരട്ടി പ്രഹരമാണുണ്ടാക്കുക. വിവാഹം, വീട്ടുകൂടൽ സീസൺ കൂടിയാണ് വേനൽക്കാലം. എല്ലാറ്റിനും കരിനിഴലാവുകയാണ് വിലക്കയറ്റം.
സാധാരണക്കാർക്ക് കൂലിവർധനവില്ലെന്ന് മാത്രമല്ല, കോവിഡിന് മുമ്പ് ലഭിച്ച കൂലി സ്വകാര്യമേഖലയിൽ വെട്ടിക്കുറച്ചു.
ആനുകൂല്യങ്ങളുമില്ല, ജോലിയും കുറഞ്ഞു. സ്വകാര്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. പാസഞ്ചർ ട്രെയിൻ പൂർണതോതിൽ പുനഃസ്ഥാപിക്കാത്തതിനാൽ ആയിരക്കണക്കിന് സാധാരണ തൊഴിലാളികൾക്ക് ജോലിക്ക് പോകാനാവുന്നില്ല. മറ്റ് ഗതാഗതം ആശ്രയിച്ചാൽ കൂലി യാത്രച്ചെലവിനേ ഉണ്ടാവൂ. ഇത്രയും ദുഷ്കരമായ സാഹചര്യത്തിലാണ് ഇന്ധനത്തിനും പാചകവാതകത്തിനും പ്രതിദിന വർധന വരുന്നത്.
ഹോട്ടലുകൾക്ക് വില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ല
ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് സ്റ്റേഡിയത്തിനടുത്തുള്ള നിമിഷ ഹോട്ടൽ മാനേജർ എൻ. ദിലീപ് പറയുന്നു. പാചകവാതകത്തിന് മാത്രം ആറ് മാസം കൊണ്ട് 600 രൂപയുടെ വർധനവാണ് ഉണ്ടായത്. മറ്റ് അവശ്യവസ്തുക്കൾക്കും വിലക്കയറ്റമുണ്ട്. ലാഭം ഇല്ലാതെ കച്ചവടം നടത്തേണ്ട അവസ്ഥയാണ്.
എൻ. ദിലീപ് (നിമിഷ ഹോട്ടൽ)
ഒടുവിൽ എല്ലാം നമ്മുടെ തലയിൽ
എല്ലാ മേഖലയിലെയും വിലക്കയറ്റം അവസാനം വന്നുപതിക്കുന്നത് നമ്മുടെ തലയിലാണെന്ന് ചുമട്ടുതൊഴിലാളി റഫീഖ് കൊമ്മേരി. പാചകവാതക, നിത്യോപയോഗസാധന വിലവർധനവിന്റെ പേരിൽ ഹോട്ടലുകാർക്ക് വില കൂട്ടി വിൽക്കാം. എന്നാൽ, കൂലി ഇതിന്റെ പേരിലൊന്നും കൂടുന്നില്ല.
റഫീഖ് കൊമ്മേരി (ചുമട്ടുതൊഴിലാളി)
ഞങ്ങളുടെ കഷ്ടപ്പാട് സർക്കാറിന് മനസ്സിലായിട്ടില്ല
വികസനത്തിന്റെ പേരിലും മറ്റും നടത്തുന്ന ധൂർത്ത് ഒഴിവാക്കി ഞങ്ങളൊക്കെ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അന്വേഷിക്കാനും പഠിക്കാനും സർക്കാർ തയാറാവണമെന്ന് ലോട്ടറി വിൽപനക്കാരിയായ പുഷ്പ. താഴേക്കിടയിലുള്ളവരുടെ ജീവിതം ഓരോദിവസം പിന്നിടുമ്പോഴും ദുരിതപൂർണമാവുകയാണ്.
പുഷ്പ (ലോട്ടറി വിൽപനക്കാരി)
ജനം ആത്മഹത്യ ചെയ്യണോ?
വിലക്കയറ്റം പേടിച്ച് ജനം ആത്മഹത്യചെയ്യേണ്ട അവസ്ഥയാണെന്ന് സെക്യൂരിറ്റി ജീവനക്കാരനായ മമ്മത് കോയ കാപ്പാട്. സാധാരണ തൊഴിലെടുക്കുന്നവർക്ക് ശമ്പളം കൂടുന്നില്ല. ഇന്ധനത്തിനും പാചകവാതകത്തിനും നിത്യവും വിലകൂടുന്നത് എല്ലാ ചെലവും വർധിക്കാൻ കാരണമാവുന്നു. സബ്സിഡികളൊന്നുമില്ല. പട്ടിണികിടക്കാനും ചെലവുണ്ട്. ആരോട് ചോദിക്കും. തട്ടിമുട്ടി ഒപ്പിച്ചു ജീവിച്ചുപോവാൻപോലും പറ്റാത്ത അവസ്ഥയാണ് സാധാരണക്കാർക്ക്. പൊതുമേഖലാസ്ഥാപനങ്ങളും എണ്ണക്കമ്പനികളും സർക്കാർ വിറ്റുതുലച്ചതിന്റെ ദുരന്തഫലം ഞങ്ങൾ അനുഭവിക്കുകയാണ്.
ജി. മമ്മദ് കോയ കാപ്പാട് (സെക്യൂരിറ്റി ജീവനക്കാരൻ)
ജനം സഹകരിക്കുന്നതുകൊണ്ട് വണ്ടി ഓടിക്കുന്നു
ഓട്ടോ-ടാക്സി നിരക്ക് സർക്കാർ കൂട്ടുന്നതിന് മുമ്പ് തന്നെ ജനം സഹകരിക്കുന്നതുകൊണ്ടാണ് വണ്ടി ഓടിക്കാൻ സാധിക്കുന്നതെന്ന് ഓട്ടോഡ്രൈവർ അഫ്സൽ. മിനിമം ചാർജിലധികം തരാൻ യാത്രക്കാർ തയാറാവുന്നു. വിലക്കയറ്റം അവരെയും ബാധിക്കുന്നതിനാൽ ഞങ്ങളോട് സഹകരിക്കാൻ അവർക്കും കഴിയില്ല. ഇന്ധനവില വീണ്ടും വർധിക്കാൻ തുടങ്ങിയത് ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികളുടെ ജീവിതം കട്ടപ്പുറത്താക്കും. നികുതി കുറക്കാനും വിലവർധന പിടിച്ചുനിർത്താനും സർക്കാർ തയാറാവണം.
അഫ്സൽ (ഓട്ടോ ഡ്രൈവർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.