ഫുൾ ചാർജുണ്ട്, പക്ഷെ, ഇലക്ട്രിക് ഓട്ടോകൾ നിരത്തിലില്ല
text_fieldsകോഴിക്കോട്: ഇലക്ട്രിക് ഓട്ടോറിക്ഷകൾ സുഗമമായി സർവിസ് നടത്താനാകാതെ നെട്ടോട്ടത്തിൽ. ഓട്ടോ സ്റ്റാൻഡുകളിൽ പാർക്കിങ് അനുവദിക്കാതെ ഓട്ടോ തൊഴിലാളി യൂനിയൻ തടയുകയാണെന്ന് ഇലക്ട്രിക് ഓട്ടോറിക്ഷ ഉടമകൾ പറഞ്ഞു. ജില്ലയില്‍ ആദ്യ ഇലക്ട്രിക് ഓട്ടോ സര്‍വിസ് ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ 160 ലേറെ ഇലക്ട്രിക് ഓട്ടോകളാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. പെര്‍മിറ്റില്ലാതെ എവിടെയും സര്‍വിസ് നടത്താന്‍ അധികാരമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടും ഓട്ടോ സ്റ്റാൻഡുകളില്‍ പ്രവേശനം നിഷേധിച്ചും ഓട്ടം തടഞ്ഞും യൂനിയൻ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഇലക്ട്രിക് ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റി പരാതിപ്പെട്ടു. വിഷയത്തില്‍ ഗതാഗതമന്ത്രി, കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
സർവിസ് നടത്താനാകാത്തതിനാൽ പലർക്കും ഓട്ടോയുടെ പ്രതിമാസ അടവുകൾ മുടങ്ങി. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡിപോലും ജില്ലയിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ലഭ്യമായിട്ടില്ല. കോവിഡ് കാലത്തെങ്കിലും സബ്സിഡി അനുവദിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതിനു പുറമെ ചാര്‍ജ് ചെയ്യുന്നതിലെ പ്രതിസന്ധിയും തുടരുകയാണ്. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കെ.ടി. സബിലേഷ്, ഇ.എ. മുഹമ്മദ് സലീം, എൻ. സജാദ്, സി. സനൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.