സ്ത്രീ-പുരുഷ സമത്വത്തിന് പരിപൂർണ പിന്തുണ -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകോഴിക്കോട്: സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയുള്ള ഏതൊരു ശ്രമത്തിനും സർക്കാറിന്റെ പരിപൂർണ പിന്തുണയുണ്ടെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സമം സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമത്വത്തിനുവേണ്ടി സാംസ്കാരിക മുന്നേറ്റമെന്ന കാഴ്ചപ്പാടിൽ സംഘടിപ്പിച്ച 'സമം' മാതൃകാപരമായ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിൽ സ്ത്രീകൾ വഹിച്ച ഇടപെടലുകൾ വലുതാണ്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത കാലത്ത് സമൂഹത്തിന്റെ അധിക്ഷേപങ്ങൾക്കും വെല്ലുവിളികൾക്കും എതിരെ അവർ വലിയ പോരാട്ടങ്ങൾ നടത്തിയിരുന്നു. ഇത്തരം പോരാട്ടങ്ങൾ തീർച്ചയായും കേരളത്തിന് മാതൃകയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലയിൽ പ്രമുഖരായ പതിനഞ്ചോളം വനിതകളെ ആദരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.പി. ജമീല, എൻ.എം. വിമല, ജില്ല പഞ്ചായത്ത് മെംബർ അഡ്വ. പി. ഗവാസ്, കേരള മഹിള സംഘം സെക്രട്ടറി ഐ.വി. ആശ, ചലച്ചിത്ര അക്കാദമി മേഖല കോഓഡിനേറ്റർ നവീന, ജനപ്രതിനിധികൾ, സാംസ്കാരികരംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ സ്വാഗതവും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശികേന്ദ്രം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് മലയാള വിഭാഗം നാടകം അവതരിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗായിക ആവണി മൻഹാർ, ഗായകൻ ദീപക് ആർ.ജെ എന്നിവർ നയിച്ച സംഗീതരാവും അരങ്ങേറി. പൊതുവിഭാഗത്തിനും വിദ്യാർഥികൾക്കുമായി അമ്മ മലയാളം എന്ന പേരിൽ രാവിലെ കവിതാലാപന മത്സരം സംഘടിപ്പിച്ചു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എം. വിമല അധ്യക്ഷത വഹിച്ചു. വനിതകൾക്കായി സംഘടിപ്പിച്ച തത്സമയ ചിത്രരചന മത്സരം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
ആധുനിക മലയാള സിനിമയിലെ സ്ത്രീസാന്നിധ്യം എന്ന വിഷയത്തിൽ സർഗസംവാദം നടന്നു. ഡോ. പി.കെ. പോക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജി.പി. രാമചന്ദ്രൻ മോഡറേറ്ററായിരുന്നു. ചടങ്ങിൽ സതീഷ് കെ. സതീഷ് രചിച്ച 'പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും', 'എന്റെ മുറ്റത്തെ പച്ചമരം' എന്നീ പുസ്തകങ്ങൾ നടനും സംവിധായകനുമായ സുവീരൻ അഭിനേതാവ് സുധിക്ക് നൽകി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.