ഫണ്ടില്ല; നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതികൾ വെട്ടിക്കുറച്ച് ജില്ല പഞ്ചായത്ത്
text_fieldsകോഴിക്കോട്: 2024-25 വർഷത്തേക്കുള്ള പദ്ധതികൾ വെട്ടിക്കുറക്കാൻ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം. 2023-24 വർഷത്തെ സ്പിൽ ഓവർ പദ്ധതികൾക്കായി തുക ചെലവാക്കേണ്ടിവരുന്നതുകൊണ്ടാണ് നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സ്പിൽ ഓവർ പദ്ധതികൾക്കായി പതിവായി സംസ്ഥാന സർക്കാർ തുക അനുവദിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. എന്നാൽ, കരാറുകാർക്ക് പണം നൽകുകയും വേണം. ഈയവസ്ഥയിലാണ് നടപ്പു സാമ്പത്തിക വർഷത്തിലെ പദ്ധതികൾ വെട്ടിച്ചുരുക്കി ആ തുക സ്പിൽ ഓവർ പദ്ധതികൾക്കായി മാറ്റി വകയിരുത്തുന്നത്. 35 കോടി രൂപയാണ് സ്പിൽ ഓവർ പദ്ധതികൾക്കായി വേണ്ടിവരുന്ന തുക. എന്നാൽ, സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് ജില്ല പഞ്ചായത്തിന് ഫണ്ട് നൽകാൻ കഴിയാത്തതെന്നും അതിനാലാണ് പദ്ധതികൾ വെട്ടിച്ചുരുക്കേണ്ടിവന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ജില്ല പഞ്ചായത്തിന്റെ ആസ്തി വികസന റോഡുകളുടെ അറ്റകുറ്റപ്പണികൾപോലും പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. വികസന സ്റ്റാൻഡിങ് കമ്മിറ്റിയുടെയും എസ്.സി/എസ്.ടി മേഖലയിലുള്ളതുമായ ചില പദ്ധതികൾക്ക് മാത്രമാണ് ഇപ്പോൾ തുക വകയിരുത്തിയിട്ടുള്ളത്. പുതിയ ഗ്രൗണ്ടുകൾ, സ്റ്റേഡിയങ്ങൾ എന്നിവയുടെ പണികളും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ കീഴിൽ വരുന്ന അക്കാദമിക് മേഖലയുടെ സമഗ്ര വികസനത്തിനായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികളും പാടെ ഒഴിവാക്കി. പ്ലാൻ ഫണ്ടിലും മെയിന്റനൻസ് ഗ്രാന്റിലും നടത്തുന്ന മരാമത്തുപണികളാണ് പൂർണമായും ഒഴിവാക്കിയത്. സ്പിൽ ഓവർ പദ്ധതികളിൽതന്നെ ഇതുവരെ കരാർ വെക്കാത്ത പ്രവൃത്തികൾക്കുവേണ്ടിയും തുക വകയിരുത്താൻ കഴിയാത്ത തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിലാണ് ജില്ല പഞ്ചായത്ത്.
പദ്ധതികൾ വെട്ടിച്ചുരുക്കേണ്ടി വന്നത് കേന്ദ്ര സർക്കാർ ഗ്രാന്റ് അനുവദിക്കാത്തതിനാലാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിശദീകരിച്ചു. പദ്ധതികൾ ഏതുവിധേനയും പൂർത്തിയാക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാറിൽ ജില്ല പഞ്ചായത്ത് സമ്മർദം ചെലുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, സ്വന്തം വാർഡിൽ തന്റെ ഫോട്ടോ വെച്ച് ഫ്ലക്സടിച്ച പദ്ധതികൾപോലും ഒഴിവാക്കേണ്ടി വന്ന ദയനീയ അവസ്ഥയെക്കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. പ്രഖ്യാപിക്കുകയും ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരം നേടുകയും ചെയ്ത പദ്ധതികൾ ഒഴിവാക്കുകയെന്ന ദയനീയാവസ്ഥയിലാണ് കോഴിക്കോട് ജില്ല പഞ്ചായത്തെന്ന് ടി.പി.എം. ഷറഫുന്നീസ ടീച്ചർ പ്രതികരിച്ചു. മെയിന്റനൻസ് ഗ്രാന്റായി 60 കോടിയോളം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം ലഭിച്ചത് വെറും നാലുകോടി രൂപ മാത്രമാണ്. ജില്ല പഞ്ചായത്തിന്റെ ആസ്തി വികസന റോഡുകളുടെ പണികൾക്കുവേണ്ടി മാറ്റിവെച്ചതായിരുന്നു ഈ തുക. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള റോഡുപണികൾപോലും പൂർണമായും നിലച്ചുപോകുന്ന അവസ്ഥയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.