ഫണ്ട് അനുവദിച്ചിട്ടും നടപടിയില്ല; സുരക്ഷ ഉപകരണങ്ങളില്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ
text_fieldsകോഴിക്കോട്: മഴക്കാല പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിക്കുന്നില്ലെന്ന് പരാതി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന ജലസംരക്ഷണ പദ്ധതികളുടെ ഭാഗമായുള്ള പ്രവൃത്തികളിലും മറ്റും ഏർപ്പെടുന്ന തൊഴിലാളികൾക്ക് പ്രതിരോധത്തിനുള്ള സുരക്ഷ ഉപകരണങ്ങൾ പ്രവൃത്തി ആരംഭിക്കാൻ എത്തിച്ചുനൽകുന്നില്ലെന്നാണ് പരാതി.
എലിപ്പനി പോലെയുള്ള ജലജന്യ പകർച്ചവ്യാധികൾ ബാധിക്കുന്ന അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ഗംബൂട്ട്, കൈയുറ തുടങ്ങിയ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും പല തദ്ദേശസ്ഥാപനങ്ങളിലും ഉപകരണങ്ങൾ എത്തിയിട്ടില്ല.
കഴിഞ്ഞ മാർച്ച് ഒന്നിന് സർക്കാർ ഉത്തരവിറക്കിയിട്ടും പഞ്ചായത്തുകളിലെ അക്രഡിറ്റഡ് എൻജിനീയർമാർ അലംഭാവം കാണിക്കുന്നതായാണ് ആക്ഷേപം. ഒരു ഗ്രാമപഞ്ചായത്തിൽ പരമാവധി 40 ജോടി ഗംബൂട്ടും 80 കൈയുറയും ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് വാങ്ങാനാണ് സർക്കാർ അനുമതി.
ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് ഉപകരണങ്ങൾ വാങ്ങാൻ അനുമതിക്കായി മിഷൻ ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു. ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്ത ഗ്രാമപഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ചോ സംസ്ഥാന മിഷന്റെ മുൻകൂർ അനുമതിയോടെ പദ്ധതിയുടെ ഭരണച്ചെലവിൽനിന്നോ തുക ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുതലങ്ങളിൽ ചെടികൾ മുളപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ മറ്റു ജോലികൾകൂടി ആരംഭിക്കാനിരിക്കെയാണ് സുരക്ഷ ഉപകരണങ്ങളില്ലാതെ തൊഴിലാളികൾക്ക് ജോലി ചെയ്യേണ്ടിവരുന്നത്.
ഗ്രാമപഞ്ചായത്തുകൾക്ക് പ്രതിവർഷം 75,000 രൂപവരെയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 1,50,000 രൂപവരെയും അനുവദിച്ചിട്ടുണ്ട്. വാങ്ങുന്ന സാധനസാമഗ്രികൾ പഞ്ചായത്ത് അക്രഡിറ്റഡ് എൻജിനീയറുടെ കൈവശം സൂക്ഷിച്ച് തൊഴിലുറപ്പ് പ്രവൃത്തികൾക്ക് ആവശ്യാനുസരണം നൽകുന്നതിനും പുനരുപയോഗത്തിനുതകുംവിധം ഉപകരണങ്ങൾ കഴുകി വൃത്തിയാക്കി പഞ്ചായത്തിൽ സൂക്ഷിച്ച് തുടർന്നും തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നൽകുന്നതിനും പദ്ധതിയുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.