വിദ്യാർഥികളെ കരിയർമാരാക്കി കഞ്ചാവ് ലോബി വ്യാപകം
text_fieldsനന്മണ്ട: വിദ്യാർഥികളെ കരിയർമാരാക്കി നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ലോബി പിടിമുറുക്കുന്നു. ഓൺലൈൻ ക്ലാസ് കഴിഞ്ഞ് വെളിയിലിറങ്ങുന്ന വിദ്യാർഥികളെയാണ് മാഫിയസംഘം വലവീശിപ്പിടിക്കുന്നത്.
ലോക്ഡൗൺ കാലമായതിനാൽ വ്യാപാരികൾ നേരത്തെ കട അടക്കുന്നതിനാൽ വിജനമായ അങ്ങാടിയിൽ വിപണനം പൊടിപൊടിക്കുന്നു. ആരെയും ഭയക്കാതെ മാഫിയസംഘം ബൈക്കിൽ എത്തി വിദ്യാർഥികളെ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ ഏൽപിച്ചുമടങ്ങുന്നു.
യാത്രക്കാർ ലോക്ഡൗൺ ചട്ടം ലംഘിക്കുന്നുവോ എന്ന പൊലീസിെൻറ പരിശോധന റോഡിൽ വൈകീട്ടോടെ അവസാനിക്കുന്നതും ഇവർക്ക് അനുഗ്രഹമായി.
നന്മണ്ട ഹൈസ്കൂൾ ഗ്രൗണ്ട്, കൊല്ലങ്കണ്ടിതാഴം തോട്, പന്ത്രണ്ടാം മൈൽ വളവ് ബസ് കാത്തിരിപ്പുകേന്ദ്രം, തിരുമാലക്കണ്ടി പാലം, കൂളിപ്പൊയിൽ പൊക്കിടത്തിൽ റോഡ് ജങ്ഷൻ, ആൾതാമസമില്ലാത്ത വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപന സംഘത്തിെൻറ പ്രവർത്തനം.
സ്കൂൾ പ്രവർത്തിക്കുമ്പോൾ ലഹരിക്കെതിരെ വിദ്യാർഥികൾക്ക് ബോധവത്കരണമുണ്ടായിരുന്നു. ഇപ്പോൾ വീട് തന്നെ വിദ്യാലയമായതിനാൽ അതും നിലച്ചിരിക്കുകയാണ്. ബുധനാഴ്ച കാക്കൂരിലും നന്മണ്ടയിലുമായി ചേളന്നൂർ എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണുവും സംഘവും നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനകവാടത്തിനരികിൽ വെച്ച് 50 ഗ്രാം കഞ്ചാവുമായി 17കാരനെ കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് ജാമ്യത്തിൽ വിട്ടു. ലഹരിമാഫിയ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എക്സൈസ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.