മാലിന്യം തള്ളൽ; ചങ്ങരോത്ത് പഞ്ചായത്തിൽ 1.32 ലക്ഷം പിഴയീടാക്കി
text_fieldsപാലേരി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് 1,32,000 രൂപ പിഴയീടാക്കി. ബ്രഹ്മപുരം വിഷയത്തിൽ ജില്ലയിൽ രൂപവത്കൃതമായ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തി.
കച്ചവട സ്ഥാപനങ്ങളിൽ സൂക്ഷിച്ച 48.5 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കൽ, ഹരിതകർമ സേനക്ക് പ്ലാസ്റ്റിക് തരംതിരിച്ച് നൽകാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കി.
തുടർ നടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു. മാലിന്യം തള്ളിയ സ്ഥലങ്ങൾ ഒരാഴ്ചക്കകം വൃത്തിയാക്കി സുസ്ഥിരമായി നിലനിർത്തുന്നതിന് കർമപദ്ധതി ആവിഷ്കരിക്കുന്നതിനും പഞ്ചായത്തിന് നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച ശേഷം സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന. മാലിന്യം തരംതിരിക്കാതെ വലിച്ചെറിയുക, പ്ലാസ്റ്റിക് കത്തിക്കുക, യൂസർഫീ നൽകുന്നതിന് വിമുഖത കാണിക്കുക, ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുക, പൊതുസ്ഥലത്ത് മാലിന്യം തള്ളുക, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 10,000 രൂപ മുതൽ 1,00,000 രൂപ വരെ പിഴ ഈടാക്കുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും സ്ക്വാഡുകൾക്ക് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.