പുതുമോടിയിൽ മാലിന്യം നിക്ഷേപിക്കാം
text_fieldsകോഴിക്കോട്: മാലിന്യം വലിച്ചെറിയുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയുള്ള ആകർഷണീയമായ മാലിന്യത്തൊട്ടി വെക്കൽ നഗരത്തിൽ ആരംഭിച്ചു. മീനിന്റെ ആകൃതിയിലുള്ള വലിയ കമ്പികൊണ്ടുള്ള പാത്രമാണ് ബീച്ചിൽ സ്ഥാപിച്ചത്. 12 അടി നീളമുള്ള പത്തേമാരിയുടെ മാതൃക അടുത്തതായി വെക്കും.
സ്പോൺസർമാരുടെ സഹായത്തോടെയാണ് മാലിന്യത്തൊട്ടികൾ സ്ഥാപിക്കുന്നത്. അതത് സ്ഥലത്തിന് യോജിച്ച വിധമാണ് തൊട്ടികൾ രൂപകൽപന ചെയ്യുക. ബീച്ചിലായതുകൊണ്ടാണ് മത്സ്യവും പത്തേമാരിയുമൊക്കെ രൂപകൽപനയിൽ വന്നത്. പ്ലാസ്റ്റിക് കുപ്പികളും കവറുമെല്ലാം മീൻ ആകൃതിയിലുള്ള കണ്ടെയ്നറുകളിൽ കൊണ്ടിടാം.
ചിത്രകാരനും ശിൽപിയുമായ തോലിൽ സുരേഷാണ് ഇവ രൂപകൽപന ചെയ്തത്. പത്തേമാരി പതിനായിരം കുപ്പികൾ കൊണ്ടുള്ള ഇൻസ്റ്റലേഷൻ കൂടിയാണ്. കമ്പികൊണ്ടുള്ള പാത്രത്തിൽ പഴയ കുപ്പികൾകൊണ്ട് അലങ്കരിച്ചാണ് ഒരുക്കുക. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ആകർഷകമായ മാലിന്യക്കൊട്ടകൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
കുപ്പികളും മറ്റും നിക്ഷേപിക്കുന്ന സ്ഥലം പെട്ടെന്ന് കണ്ണിൽപെടാൻ ഇതുകൊണ്ടാവും. പത്തേമാരിയിൽ അഴക് കൂട്ടാൻ പഴയ കുപ്പികളും മറ്റും ഉപയോഗിക്കുന്നതു വഴി പഴയ സാധനങ്ങൾ ഉപയോഗപ്പെടുത്താനുള്ള മനോഭാവത്തിന് പ്രചാരണം നൽകാനുമാവുമെന്ന് കരുതുന്നു. പത്തേമാരിക്കും മീനിനുമൊക്കെ പുറമെ ബോട്ടിൽ ബങ്കുകൾ 450 എണ്ണം ഉടൻ എത്തും.
ഇവ എല്ലാ വാർഡുകളിലും സ്ഥാപിക്കാനാവും. ഇപോക്സി പെയിന്റും മറ്റും ഉപയോഗിച്ച് എളുപ്പം തുരുമ്പെടുക്കാത്ത വിധമാണ് നിർമാണം. മാലിന്യ നിക്ഷേപത്തിനുള്ള താൽക്കാലിക എം.സി.എഫുകളും തയാറായതായി കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
ബീച്ചിൽ എല്ലാ ഭാഗത്തും ഇത്തരം മാലിന്യ വീപ്പകൾ വെക്കുന്ന കാര്യം പരിഗണിക്കും. മാനാഞ്ചിറയടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്ഥലത്തിന്റെ പ്രത്യേകതയനുസരിച്ചുള്ള മാലിന്യക്കൊട്ടകൾ രൂപകൽപന ചെയ്യും. പഴയ മാലിന്യത്തൊട്ടിയിൽനിന്ന് വിഭിന്നമായി ആധുനികമായ സ്റ്റീൽ കൊണ്ടുള്ള ആയിരം ബിന്നുകൾ 35 ലക്ഷം രൂപ ചെലവിൽ നഗരമെങ്ങും സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.