തിരിച്ചുവരുന്നു, മാലിന്യത്തൊട്ടികൾ
text_fieldsകോഴിക്കോട്: ഒരുകാലത്ത് നഗരത്തിന്റെ പ്രത്യേകതയായിരുന്ന, പിന്നീട് പൂർണമായി ഒഴിവാക്കിയ മാലിന്യത്തൊട്ടികൾ പുതുഭാവത്തോടെ തിരിച്ചു വരുന്നു. മാലിന്യം ഉറവിടത്തിൽ തന്നെ സംഭരിച്ച് പൊതു സ്ഥലത്ത് കൊണ്ടിടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഴയ മാലിന്യത്തൊട്ടികൾ പടിപടിയായി ഇല്ലാതായത്. എന്നാൽ, എല്ലാ മാലിന്യവും റോഡിലിടുന്നത് ഏറെക്കുറെ നിയന്ത്രണത്തിലായി. ഇതോടെ യാത്രയിലും മറ്റും ഉണ്ടാവുന്ന കടലാസുകളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കാൻ സ്ഥലം വേണമെന്ന ആവശ്യമുയർന്നു. ഇത് പരിഹരിക്കാൻ ആധുനിക രീതിയിലുള്ള മാലിന്യ പാത്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കാനുള്ള 900 മാലിന്യ ബിന്നുകൾ എത്തി.
ഒരു കോടി രൂപയുടെ പദ്ധതിയിൽ ഇവ പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാനായി സ്ഥാപിക്കാനാണ് കോർപറേഷൻ തീരുമാനം. ടാഗോർ ഹാളിൽ എത്തിയ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പ്രധാനയിടങ്ങളിലുമാണ് ആദ്യ ഘട്ടമായി സ്ഥാപിക്കുക. പിന്നീട് റോഡുകളിൽ 500 മീറ്റർ ഇടവെട്ട് ബിന്നുകൾ വരും. സ്റ്റീൽ ബിന്നുകളായതിനാൽ കൂടുതൽ വൃത്തിയും ഈടും ഇവക്കുണ്ടാവുമെന്നാണ് കരുതുന്നത്. മുമ്പ് നഗരമെങ്ങും മാലിന്യം നിക്ഷേപിക്കാനുള്ള തൊട്ടികൾ ഉണ്ടായിരുന്നു. വൈദ്യുതി പോസ്റ്റിലും മറ്റും ചെറിയ മാലിന്യ സംഭരണികൾ വെച്ചും പരീക്ഷണം നടത്തി. നഗരത്തിലുള്ള മൊത്തം മാലിന്യം തരം തിരിക്കാതെ കൊണ്ടിട്ട് രൂക്ഷ ഗന്ധം പരത്തിയിരുന്ന തൊട്ടികൾ ഇല്ലാതായത്, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന നയം വന്നതോടെയാണ്. പുതിയ പദ്ധതിയിൽ കരിയിലയും കുപ്പികളും ഇടാനായുള്ള കമ്പികൊണ്ടുള്ള പാത്രങ്ങളും ബീച്ചിലും സ്ഥാപിച്ചു കഴിഞ്ഞു. കെ.എസ്.ആർ.ടി. സി സ്റ്റാൻഡ്പോലുള്ള സ്ഥലങ്ങളിൽ കുപ്പിയുടെ ആകൃതിയിലുള്ള ബോട്ടിൽ ബൂത്തും മരങ്ങളും മറ്റും നിറഞ്ഞയിടങ്ങളിൽ കരിയിലകളിടാനുള്ള പാത്രങ്ങളും സ്ഥാപിക്കാനും ലക്ഷ്യമുണ്ട്. ഹരിത കർമ സേന ഇവ മുറക്ക് എടുത്തുമാറ്റും.
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന് നഗരത്തിലെ ടൂറിസ്റ്റ് സ്പോട്ടുകൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലാണ് അഴക് ബിന്നുകൾ സ്ഥാപിക്കുക. യാത്ര ചെയ്യുന്നവർക്കും നഗരത്തിലെത്തുന്നവർക്കും അവരുടെ മാലിന്യങ്ങൾ ഇതിൽ നിക്ഷേപിക്കുന്നതിന് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.