വീണ്ടും മാലിന്യം; കനോലി കനാലിൽ പരിശോധന ശക്തമാക്കി
text_fieldsകോഴിക്കോട്: വീണ്ടും മാലിന്യഭീഷണിയുയർന്ന സാഹചര്യത്തിൽ കനോലി കനാലിൽ മലിനീകരണം തടയാനുള്ള നടപടികളുമായി അധികൃതർ. ജില്ല ഭരണകൂടത്തിന്റെയും കോർപറേഷന്റെയും തീരുമാനത്തിന്റെ ഭാഗമായി കോർപറേഷൻ ആരോഗ്യ വിഭാഗമാണ് ചൊവ്വാഴ്ച നടപടി തുടങ്ങിയത്.
11 കി.മീറ്ററിലേറെ ദൂരമുള്ള കനാലിൽ മുഴുവൻ പരിശോധന പൂർത്തിയാക്കാൻ ഒരുമാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇരുകരകളിലുമുള്ള മാലിന്യ സ്രോതസ്സുകൾ കണ്ടെത്തി കോർപറേഷന് നടപടിയെടുക്കാൻ ബുദ്ധിമുട്ടുള്ളവ ജില്ല കലക്ടറെ അറിയിക്കും. ബുധനാഴ്ച അരയിടത്തുപാലം മുതൽ കല്ലുത്താൻ കടവ് ഭാഗത്തേക്കാണ് പരിശോധന നടന്നത്. മൂര്യാട് ഭാഗത്ത് മാലിന്യം കനാലിൽ തുറന്നുവിടുന്നതായി ബുധനാഴ്ച കണ്ടെത്തി. ഇവർക്ക് പിഴ ചുമത്തി. മാലിന്യമൊഴുക്കുന്ന നിരവധി സംഭവങ്ങൾ കണ്ടെത്തിയതായി കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവ്വർ റഹ്മാൻ പറഞ്ഞു. ഏഴ് ദിവസത്തിനകം മൂര്യാട്, കല്ലുത്താൻ കടവ് ഭാഗത്ത് പരിശോധന പൂർത്തിയാവും.
കനാലിലേക്ക് എവിടെ നിന്നാണ് മാലിന്യമൊഴുകുന്നതെന്ന് കണ്ടെത്താൻ വിശദ പരിശോധനയാണ് നടത്തുന്നത്. കനാലിന് സമീപത്തെ മാലിന്യ ടാങ്കുകളും ഓടകളും പരിശോധിക്കും.അരയിടത്തുപാലത്തെ കെട്ടിടത്തിൽനിന്ന് മാലിന്യം ഒഴുകുന്നതായി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. മാലിന്യം ഒഴുകുന്ന ഈ ഭാഗത്ത് ചില സ്ഥലങ്ങൾ പൊളിച്ചുനീക്കാനുണ്ട്. ഇത് ജില്ല കലക്ടറുടെ അനുമതിയോടെ മാത്രമേ പൂർത്തിയാക്കാനാവൂ.
ചൊവ്വാഴ്ച ഒരു സ്ഥാപനത്തിന് പിഴയീടാക്കുകയും മറ്റുള്ളവർക്ക് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകുകയുമായിരുന്നു. മൊത്തം നാല് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്.നിരോധിത പ്ലാസ്റ്റിക് പിടികൂടുന്നതടക്കമുള്ള കാര്യങ്ങൾക്കായി മൊത്തം നാല് പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. കനാലിൽ കറുത്തവെള്ളം നിറയുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് നടപടി തുടങ്ങിയത്. മാലിന്യക്കുഴലുകൾ കനാലിലേക്ക് രഹസ്യമായി തുറന്നുവെക്കുന്നതായി ആരോപണമുയർന്നിരുന്നു.4000 സ്ക്വയർ ഫീറ്റിന് മുകളിൽ വിസ്തീർണമുള്ള എല്ലാ കെട്ടിടത്തിലും സ്വന്തമായി ഉറവിട മാലിന്യ സംവിധാനം വേണമെന്നാണ് പുതിയ ചട്ടം. അത് കൃത്യമായി നടപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.