കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ മാലിന്യക്കൂമ്പാരം
text_fieldsകോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സിന്റെ മുൻവശം മാലിന്യം നിറഞ്ഞ് കുപ്പത്തൊട്ടിയായി. റോഡിനോട് ചേർന്നുള്ള ഭാഗത്താണ് മാസങ്ങളായി മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. വിവിധയിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കുകളിലാക്കി ഈ ഭാഗത്ത് കെട്ടിടത്തോടുചേർന്ന് നിക്ഷേപിച്ചതിനുപുറമെ പലഭാഗത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ ചിതറിക്കിടക്കുന്നുമുണ്ട്. പാർസൽ ഭക്ഷണത്തിന്റെ കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, ചാക്കുകൾ തുടങ്ങിയവയാണ് ചിതറിക്കിടക്കുന്നത്. വൻ തുക ചെലവഴിച്ച് ഇവിടെവെച്ച അലങ്കാരച്ചെടികളാകെ മാലിന്യത്താൽ അലങ്കോമായിക്കിടക്കുകയാണ്.
ദുർഗന്ധംവമിക്കുന്ന മാലിന്യങ്ങൾ ആരോഗ്യത്തിനും ഭീഷണിയായിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണ് മാലിന്യം കുന്നുകൂടിക്കിടക്കാൻ കാരണമെന്നാണ് പരിസരത്തെ വ്യാപാരികളും നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും പറയുന്നത്. നഗരത്തിൽ അലഞ്ഞുതിരിയുന്ന പലരും രാത്രി അന്തിയുറങ്ങാനെത്തുന്നത് കെ.എസ്.ആർ.ടി.സി കെട്ടിടത്തിലാണ്. ഇവർ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ അടക്കമുള്ളവയാണ് വലിച്ചെറിയുന്നത്. രാത്രി വൈകിയാൽ ഈഭാഗത്ത് പരസ്യ മദ്യപാനവും വ്യാപകമാണ്. നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദിവസവും കടന്നുപോകുന്ന ഭാഗം കൂടിയാണിത്. ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് രാത്രി പൊലീസിനെ നിയോഗിക്കണമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.