കെ.എസ്. മണിലാലെന്ന ഉദ്യാനപാലകൻ
text_fieldsകോഴിക്കോട്ട്: വനങ്ങളിലും പാടങ്ങളിലും മനുഷ്യൻ കണ്ടിട്ടും കാണാതെ പോയ സസ്യങ്ങളെ കണ്ടെത്തി, അവയെക്കുറിച്ച് ആഴത്തിൽ പഠിച്ച് വരുംതമുറക്കായി എണ്ണമറ്റ ഉദ്യാനങ്ങൾ തീർത്ത ഉദ്യാനപാലകൻ. ഡോ. കെ.എസ് മണിലാൽ എന്ന സസ്യശാസ്ത്രജ്ഞൻ ഒർമയാവുമ്പോൾ അദ്ദേഹം കണ്ടെത്തിയ ചെടികൾ പുതുതലമുറക്കായി തണൽവിരിച്ചുകൊണ്ടിരിക്കും. ഇന്ത്യന്‍ ഗവേഷകര്‍ക്കിടയില്‍ അവഗണിക്കപ്പെട്ട സസ്യവര്‍ഗീകരണശാസ്ത്രത്തിന് (ടാക്സോണമി) ഊടും പാവും നൽകിയാണ് ഡോ. മണിലാൽ വിടപറഞ്ഞത്. 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. എട്ടോളം സസ്യങ്ങൾ മണിലാലിന്റെ പേരിൽ അറിയപ്പെടുന്നു എന്നത് ഈ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ എത്രത്തോളമുണ്ടെന്നതിന് നേർസാക്ഷ്യമാണ്.
സൈലന്റ് വാലിയിലെയും കോഴിക്കോട്ടെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 1981-85 കാലത്ത് സൈലന്റ് വാലിയിലെ സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലും മൂന്ന് ശിഷ്യരും നടത്തിയ പഠനമാണ് മേഖലയിലെ നിർദിഷ്ട ജല വൈദ്യുതി പദ്ധതി ഉപേക്ഷിക്കുന്നതിലേക്കും ദേശീയോദ്യാനമായി സംരക്ഷിക്കുന്നതിലേക്കും വഴിതെളിച്ചത്. ഇന്നത്തെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പടിഞ്ഞാറൻ സെക്ടറുകൾ ഉൾക്കൊള്ളുന്ന ഗ്രേറ്റർ കോഴിക്കോട് പ്രദേശത്തെ സസ്യജാലങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനവും അദ്ദേഹം നടത്തിയിരുന്നു. ഏകദേശം ആയിരത്തോളം ഇനം പൂച്ചെടികൾ ഈ പ്രദേശത്തുനിന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിൽ ഏഴ് ഇനങ്ങൾ രാജ്യത്തുതന്നെ ആദ്യമായിരുന്നു. ഫ്ലോറ ഓഫ് കാലിക്കറ്റ് എന്ന പുസ്തകം പിന്നീട് ഇന്ത്യയിലെ തുടർന്നുള്ള ഗവേഷണങ്ങൾക്ക് വഴികാട്ടിയായി. 1970കളിലായിരുന്നു ഈ പഠനം.
മാത്രമല്ല ഇന്ത്യയിലെ സസ്യ വൈവിധ്യത്തെക്കുറിച്ച് കൂടുതൽ പഠനം നടത്താൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ 1989 ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ ആന്‍ജിയോസ്പേം ടാക്സോണമി (ഐ.എ.എ.ടി) സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ബോട്ടണി വകുപ്പ് മേധാവിയായിരുന്ന മണിലാലായിരുന്നു. കാലിക്കറ്റ് സർവകലാശാല കേന്ദ്രമായ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. നിലവിൽ വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ്. ഐ.എ.എ.ടി 1991ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘റീഡിയ’ ഗവേഷണ ജേര്‍ണലിന്റെ ചീഫ് എഡിറ്ററും മണിലാലായിരുന്നു. സസ്യവർഗീകരണ മേഖലയെ രാജ്യത്ത് അടയാളപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കാളിത്തം എക്കാലത്തും അനുസ്മരിക്കപ്പെടുന്നതാണെന്ന് അസോസിയേഷൻ സെക്രട്ടറി ഡോ. സന്തോഷ് നമ്പി പറഞ്ഞു.
1999ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച മണിലാല്‍, ശേഷം കോഴിക്കോട് കേന്ദ്രമായി ‘സെന്റര്‍ ഫോര്‍ റിസര്‍ച് ഇന്‍ ഇന്‍ഡീജനസ് നോളജ്, സയന്‍സ് ആന്‍ഡ് കള്‍ചര്‍’ എന്ന കൂട്ടായ്മക്ക് രൂപംനല്കിയിട്ടുണ്ട്. ചാലിയത്ത് ഫോറസ്റ്റ് ഡിപ്പോയിൽ മണിലാലിനോടുള്ള ആദര സൂചകമായി 10 ഏക്കർ സ്ഥലത്ത് വനം വകുപ്പ് ഹോർത്തൂസ് മലബാറിക്കസ് എന്ന പേരിൽ ഔഷധത്തോട്ടം ഒരുക്കിയിട്ടുണ്ട്. ബോട്ടണി വിദ്യാർഥികൾക്ക് സസ്യങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് ഉദ്യാനം ക്രമീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.