വാതകക്കുറ്റികളുമായി പോയ മിനിലോറി അപകടത്തിൽ പെട്ടു വാതകം ചോർന്നു; രണ്ടു പേർക്ക് പരിക്ക്
text_fieldsകോഴിക്കോട് : സി.എൻ.ജി ഗ്യാസ് കുറ്റികളുമായി പോകുകയായിരുന്ന മിനിലോറി അപകടത്തിൽ പെട്ട് വാതകം ചോർന്നത് മണിക്കൂറുകൾ ആശങ്ക പരത്തി. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഒമ്പതേകാലോടെ മലാപ്പറമ്പ് -പൂളാടിക്കുന്ന് ബൈപാസ് റോഡിൽ എരഞ്ഞിക്കൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. ടയർ പൊട്ടി റോഡരികിൽ നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ സി.എൻ. ജി ഗ്യാസ് സിലിണ്ടറുമായി എറണാകുളത്തുനിന്ന് വരുകയായിരുന്ന കെ.എൽ 76 ബി 1410 മിനിലോറി ഇടിക്കുകയായിരുന്നു.
ചേമഞ്ചേരി, കൊയിലാണ്ടി ഭാഗത്തെ പമ്പുകളിലേക്കുള്ളതായിരുന്നു സിലിണ്ടർ. കോഴിക്കോടുനിന്ന് ഇരുമ്പ് ഷീറ്റുമായി തലശ്ശേരിക്ക് പോകുകയായിരുന്ന കെ.എൽ 11 എ.സി 1184 മിനിലോറിയിലാണ് ഗ്യാസ് ലോറി ഇടിച്ചത്. ഇടിയെ തുടർന്ന് സിലിണ്ടറുമായി ബന്ധിപ്പിച്ച പൈപ്പ് പൊട്ടി വാതകം ചോർന്നു. ഗ്യാസ് ലോറിയുടെ മുൻഭാഗം തകരുകയും അതിലുണ്ടായിരുന്ന ഡ്രൈവർ നവീഷ് , ശോഭാനന്ദ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. കാലിനും തലക്കും പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുന്നിലുണ്ടായിരുന്ന ലോറി കോൺക്രീറ്റ് സുരക്ഷാ കുറ്റികൾ തകർത്ത് താഴെ ചതുപ്പിലേക്ക് തൂങ്ങി നിന്നു. ഡ്രൈവർ താഹിർ ചാടി രക്ഷപ്പെട്ടു. വാതകം ചോർന്ന് തീപിടിക്കാനുള്ള സാധ്യതയെ തുടർന്ന് പൊലീസും അഗ്നിശമന സേനയും പൂളാടിക്കുന്നിലും കുണ്ടുപറമ്പിലും വാഹനങ്ങൾ തടഞ്ഞ് വഴി തിരിച്ചുവിട്ടു. വെള്ളിമാടുകുന്ന് യൂനിറ്റിലെ അഗ്നിശമന സേന സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. വാതക കമ്പനി സേഫ്റ്റി ഓഫിസർ നിതിൻ നസറുദ്ദീെൻറ നേതൃത്വത്തിലെത്തിയ സാങ്കേതിക വിദഗ്ധർ വാതക ചോർച്ച അടച്ചു. ക്രെയിൻ ഉപയോഗിച്ച് കീഴ്ഭാഗത്തേക്ക് തെന്നിനീങ്ങിയ ലോറികൾ 11.30 ഓടെ ഉയർത്തി.
ഇതിനിടെ ചരക്കുലോറിയുടെ ടാങ്ക് തകർന്ന് ഡീസൽ ചോർന്നത് ആശങ്ക പരത്തിയെങ്കിലും അഗ്നിശമന സേന മുൻകരുതൽ സ്വീകരിച്ചു. ഒഴിഞ്ഞ സ്ഥലത്തേക്ക് ഗ്യാസ് ലോറി മാറ്റി. അന്തരീക്ഷത്തിലേക്ക് വാതകം തുറന്നു വിടാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി ഫയർ യൂനിറ്റ് വാഹനത്തിലേക്ക് വെള്ളം ചീറ്റാൻ തുടങ്ങിയെങ്കിലും രണ്ടു മണിക്കൂറോളം വാതകം ഒഴിവാക്കാൻ സമയമെടുക്കുമെന്നതിനാലും അപകടമില്ലാതെ വാഹനം വിതരണ കേന്ദ്രത്തിൽ എത്തിക്കാമെന്ന നിർദേശത്തിലും ശ്രമം അവസാനിപ്പിച്ചു. തുടർന്ന് റിക്കവറി വാൻ കൊണ്ടുവന്ന് ലോറി കെട്ടിവലിച്ചുകൊണ്ടുപോയി.
ഇതു വഴി മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിഞ്ഞു. അസി. പൊലീസ് കമീഷണർ രാജു , വെള്ളിമാടുകുന്ന് ഫയർ യൂനിറ്റിലെ എ.എസ്.ടി.ഒ ബാബുരാജ്, എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാർ , എസ്.ഐ കെ.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാസേന രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.