ഗ്യാസ് പൈപ്പിടൽ; മാവൂർ റോഡിലും തുടങ്ങി
text_fieldsകോഴിക്കോട്: വീടുകളിലും വണ്ടികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും പ്രകൃതിവാതകം എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ എറ്റവും തിരക്കേറിയ മാവൂർ റോഡിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി മേൽനോട്ടത്തിൽ പൈപ്പിടൽ തുടങ്ങി. മാവൂർ റോഡിൽ രണ്ട് കിലോമീറ്ററോളം ഇതിനകം പൈപ്പിടൽ പൂർത്തിയായതായി കമ്പനി അധികൃതർ അറിയിച്ചു. നഗരത്തിൽ മുഴുവൻ മെയിൻ സ്റ്റീൽ പൈപ്പ് സ്ഥാപിക്കൽ ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിൽ പൈപ്പ് വഴി ഗ്യാസ് എത്താൻ ഒന്നര കൊല്ലമെങ്കിലുമാവുമെന്നാണ് കരുതുന്നത്. പൊറ്റമ്മൽ ഭാഗത്തുനിന്ന് അരയിടത്തുപാലത്തിനടുത്ത് വരെയാണ് പൈപ്പിടൽ തീർന്നത്. ഉണ്ണികുളം പഞ്ചായത്തിലാണ് പദ്ധതി ഇപ്പോൾ ആരംഭിച്ചത്. അവിടെ നിന്ന് പൂനൂർ, താമരശ്ശേരി ചുങ്കം, കൊടുവള്ളി, കുന്ദമംഗലം വഴി വെള്ളിമാട്കുന്ന് കോവൂരിലേക്കാണ് നഗരത്തിലേക്കുള്ള പൈപ്പ് ലൈൻ വരുക. കോവൂരിൽനിന്ന് ഒരു ലൈൻ മെഡിക്കൽ കോളജ് ഭാഗത്തേക്കും മറ്റൊന്ന് അരയിടത്തുപാലത്തേക്കും കൊണ്ടുവരുകയാണ് പദ്ധതി. ഇതിന്റെ ഭാഗമായുള്ള പണിയാണ് മാവൂർ റോഡിൽ തുടങ്ങിയത്. കുന്ദമംഗലം വെള്ളിമാട്കുന്ന് റോഡിൽ പൈപ്പിടാൻ എൻ.എച്ചിന്റെ അനുമതികാക്കുകയാണ്.
വെള്ളിമാട് കുന്ന്-കോവൂർ റോഡിൽ കേരള റോഡ് ഫണ്ട് ബോർഡിൽനിന്ന് അനുമതിയായിട്ടുണ്ടെങ്കിലും കരാർ ആയിട്ടില്ല. മാങ്കാവ് -അരയിടത്തുപാലം റോഡിൽ ജയിലിനടുത്തെ സിഗ്നൽ വരെ റോഡ് ഫണ്ട് ബോർഡിന്റെയും തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെയും പാതയാണ്. മിനി ബൈപാസ് വഴി നാലിഞ്ചും മാവൂർ റോഡ് വഴി എട്ടിഞ്ചും പൈപ്പുകളാണ് സ്ഥാപിക്കുക. മാവൂർ റോഡ് പണി ഒരുമാസത്തിനകം തീർക്കണമെന്നാണ് കരാറുകാർക്ക് നിർദേശം നൽകിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കുഴിയെടുത്ത് റോഡ് തുരന്ന് അതിനടിയിലൂടെ പൈപ്പ് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. പൂർത്തിയായ ഭാഗങ്ങളിൽ കുഴി പെട്ടെന്ന് അടച്ച് ടാറിടാൻ നിർദേശം നൽകിയതായും ഈ ആഴ്ചതന്നെ ടാറിടൽ നടക്കുമെന്നും അധികൃതർ പറയുന്നു. എന്നാൽ, പൈപ്പിടൽ നടന്ന കണ്ണൂർ റോഡിലേയും കല്ലായി റോഡിലെയും ശോച്യാവസ്ഥ മാവൂർ റോഡിലും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നഗരം.
പൈപ്പ് വരുക കനാലിനടിയിലൂടെ
അരയിടത്തുപാലത്ത് കനോലി കനാലിനടിയിലൂടെയാണ് പൈപ്പ് ലൈൻ മുറിച്ചുകടക്കുക. ജലനിരപ്പിനും ആറ് മീറ്ററോളം താഴ്ചയിലാണ് പൈപ്പ് കടന്നുപോവുക. കനാലിനടിയിലൂടെ
മേൽപാലത്തിടിയിൽ കയറുംവിധമാണ് പൈപ്പ് സ്ഥാപിക്കുക. കനാൽ ജലസേചനവകുപ്പിന് കീഴിലായതിനാൽ അവരുടെ അനുമതികിട്ടിയശേഷമേ വെള്ളത്തിലുള്ള പണി തുടങ്ങാനാവൂ. കല്ലുത്താൻകടവിലും ഈവിധം കനാൽ മുറിച്ചുകടക്കണം.
ഫൂട്പാത്ത് നിറയെ പൈപ്പുകൾ
മാവൂർ റോഡിൽ ഗ്യാസ് പൈപ്പ് ലൈനുകൾ ഫൂട്പാത്തിൽ കൊണ്ടിട്ടത് യാത്രക്കാർക്ക് ദുരിതമായി. കാൽനടക്കാർ മുഴുവൻ റോഡിലിറങ്ങി നടക്കുകയാണിപ്പോൾ. പരാതിയെ തുടർന്ന് പൈപ്പുകൾ ഫൂട്പാത്തിൽ ഒറ്റവരിയായി വെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ആറിടത്ത് ഗ്യാസ് സ്റ്റേഷനുകൾക്ക് അനുമതി
നഗരത്തിൽ വീടുകളിൽ ലൈൻ എത്തിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ പൈപ്പുകളിൽനിന്ന് വീടുകളിലേക്ക് ഗ്യാസ് മാറുന്നതിനുള്ള ഡിസ്ട്രിക്ട് റസുലേറ്റിങ് സ്റ്റേഷനുകൾ ആറിടത്ത് സ്ഥാപിക്കാൻ കോർപറേഷൻ അനുമതിനൽകി. വീടുകളിലേക്ക് കൊടുക്കുമ്പോൾ പൈപ്പിലുള്ള സമ്മർദം കുറക്കാനുള്ള സംവിധാനമാണിത്. വീടുകളിലേക്ക് ഈ സ്റ്റേഷനുകളിൽനിന്ന് ഇടറോഡുകളിലൂടെയും മറ്റും വീണ്ടും ചെറിയ പൈപ്പുകൾ സ്ഥാപിച്ച ശേഷമാണ് ഗ്യാസ് വിതരണം ആരംഭിക്കുക. ചേവായൂരിലെ ഓൾഡ് റോഡിലെ പാർക്കിന് മുൻവശം, ചേവായൂരിലെ ത്വഗ് രോഗാശുപത്രിക്ക് സമീപം ആർ.ടി.ഒ കോർട്ട് റോഡിലെ കല്യാൺ കോർട്ട് യാർഡിന് എതിർവശം, പാളയം കണ്ടംകുളം ജൂബിലി ഹാളിലെ പടിഞ്ഞാറുഭാഗത്തെ രാമൻ മേനോൻ റോഡ്, ബീച്ച് റോഡിലെ സീ ക്വീൻ ഹോട്ടലിന്റെ തെക്ക്, മാനാഞ്ചിറ ഇൻകം ടാക്സ് ഓഫിസിന് മുൻവശം ബസ് സ്റ്റോപ്പിനടുത്ത്, വെസ്റ്റ്ഹിൽ ഗരുഡൻ കുളം പാർക്കിന് പിറകിൽ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.