ഗ്യാസ് പൈപ്പിടൽ; മാവൂർ റോഡിൽ പ്രശ്നങ്ങൾ തുടരുന്നു
text_fieldsകോഴിക്കോട്: വീടുകൾക്കും വണ്ടികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പ്രകൃതിവാതകം എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഏറ്റവും തിരക്കേറിയ മാവൂർ റോഡിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി മേൽനോട്ടത്തിലുള്ള പൈപ്പിടൽ അവസാന ഘട്ടത്തിലെത്തിയെങ്കിലും കുഴികളെടുത്ത ഭാഗം പൂർണമായി മൂടാത്തത് പ്രശ്നമാവുന്നു. കെ.എസ്.ആർ.ടി.സിക്കടുത്തും മാവൂർ റോഡ്-രാജാജി റോഡ് ജങ്ഷനിലുമെല്ലാം കുഴികളെടുത്ത ഭാഗം മൂടിയിട്ടില്ല. ഈ ഭാഗങ്ങളിലെ മുന്നറിയിപ്പ് ബോർഡുകളും തടസ്സങ്ങളും എടുത്തുമാറ്റിയതിനാൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയുണ്ട്. മാവൂർ റോഡിൽ അരയിടത്തുപാലത്തിനും ബാങ്ക് റോഡ് ജങ്ഷനുമിടയിൽ ഇനി പൈപ്പുകൾക്കിടയിൽ ഓരോ കിലോമീറ്ററിലും ബന്ധിപ്പിക്കേണ്ട ജോലിയും ചേംബറുകളുടെ നിർമാണവുമാണ് ബാക്കിയുള്ളതെന്ന് ഗ്യാസ് കമ്പനി അധികൃതർ അറിയിച്ചു.
ഈയാഴ്ചതന്നെ റോഡ് ടാറിടൽ തുടങ്ങും. മാവൂർ റോഡിനും മെഡിക്കൽ കോളജിനുമിടയിൽ പ്രസന്റേഷൻ സ്കൂൾ മുതൽ മെഡിക്കൽ കോളജ് വരെ ഒന്നര കിലോമീറ്ററോളം പൈപ്പിടാനുണ്ട്. കോവൂർ-വെള്ളിമാട്കുന്ന് റോഡിലും 1.2 കിലോമീറ്ററോളം പൈപ്പിടാനുണ്ട്. മാവൂർ റോഡിൽ കനോലി കനാലിനടിയിലൂടെയുള്ള പൈപ്പിടൽ കനാൽ സിറ്റി പദ്ധതിയുടെ പ്ലാൻകൂടി ലഭിച്ചശേഷമേ പൂർത്തിയാവുള്ളൂ.
കനോലി കനാലിനടിയിലൂടെയാണ് പൈപ്പ് ലൈൻ മുറിച്ചുകടക്കുക. ജലനിരപ്പിനും ആറു മീറ്ററോളം താഴ്ചയിലാണ് പൈപ്പ് കടന്നുപോവുക. കനാലിനടിയിലൂടെ മേൽപാലത്തിനടിയിൽ കയറുംവിധമാണ് പൈപ്പ് സ്ഥാപിക്കുക. കനാൽ ജലസേചന വകുപ്പിനു കീഴിലായതിനാൽ അവരുടെ അനുമതി കിട്ടിയശേഷമേ വെള്ളത്തിലുള്ള പണി തുടങ്ങാനാവൂ. കല്ലുത്താൻകടവിലും ഈ വിധം കനാൽ മുറിച്ചുകടക്കണം. ഉണ്ണികുളം പഞ്ചായത്തിലാണ് പദ്ധതി ഇപ്പോൾ ആരംഭിച്ചത്. അവിടെനിന്ന് പൂനൂർ, താമരശ്ശേരി ചുങ്കം, കൊടുവള്ളി, കുന്ദമംഗലം വഴി വെള്ളിമാട്കുന്ന് കോവൂരിലേക്കാണ് നഗരത്തിലേക്കുള്ള പൈപ്പ് ലൈൻ വരുക. കോവൂരിൽനിന്ന് ഒരു ലൈൻ മെഡിക്കൽ കോളജ് ഭാഗത്തേക്കും മറ്റൊന്ന് അരയിടത്തുപാലത്തേക്കും കൊണ്ടുവരുകയാണ് പദ്ധതി. ഇതിന്റെ ഭാഗമായുള്ള പണിയാണ് മാവൂർ റോഡിൽ നടക്കുന്നത്. മിനി ബൈപാസ് വഴി നാലിഞ്ചും മാവൂർ റോഡ് വഴി എട്ടിഞ്ചും പൈപ്പുകളാണ് സ്ഥാപിക്കുന്നത്. കുഴിയെടുത്ത് റോഡ് തുരന്ന് അതിനടിയിലൂടെ പൈപ്പ് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. നഗരത്തിൽ വീടുകളിൽ ലൈൻ എത്തിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ പൈപ്പുകളിൽനിന്ന് വീടുകളിലേക്ക് ഗ്യാസ് മാറുന്നതിനുള്ള ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്റ്റേഷനുകൾ ആറിടത്ത് സ്ഥാപിക്കാൻ കോർപറേഷൻ അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.