ഗ്യാസ് പൈപ്പിടൽ നിലച്ചു; മെഡിക്കൽ കോളജ് റോഡിൽ ഗതാഗത സ്തംഭനം രൂക്ഷം
text_fieldsകോഴിക്കോട്: വീടുകൾക്കും വണ്ടികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പ്രകൃതി വാതകം എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട്-മാവൂർ റോഡിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി മേൽനോട്ടത്തിലുള്ള പൈപ്പിടൽ നിലച്ചതോടെ ഗതാഗത സ്തംഭനം.
പ്രവൃത്തിക്കായി വൺവേ പാതയുടെ പകുതി കുഴിയെടുത്തതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. മെഡിക്കൽ കോളജിലേക്ക് രോഗികളുമായെത്തുന്ന ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽ മുന്നോട്ടുനീങ്ങാനാവാത്ത അവസ്ഥയാണ്.
ക്വാറി പണിമുടക്കുകാരണം നിർമാണ സാധനങ്ങൾ കിട്ടാത്തതാണ് കരാറുകാർ പണി നിർത്തിവെക്കാൻ കാരണമെന്ന് അദാനി ഗ്യാസ് കമ്പനി അധികൃതർ പറഞ്ഞു. പ്രസന്റേഷൻ സ്കൂളിനുസമീപം ബി.എസ്.എൻ.എല്ലിന്റെ രണ്ട് കേബിൾ മുറിഞ്ഞത് നന്നാക്കാനുള്ള പണി നടക്കുന്നതും പൈപ്പിടൽ നീളാൻ കാരണമാണ്. തൊണ്ടയാടിനും മെഡിക്കൽ കോളജിനുമിടയിലാണ് ഇപ്പോൾ പൈപ്പിടൽ നടക്കുന്നത്.
റോഡിൽ കുഴികൾ പലതും മൂടാത്ത അവസ്ഥയിലാണ്. ഫൂട്പാത്തുകളും റോഡും ഒരുപോലെ മണ്ണും മറ്റും വീണ് തടസ്സപ്പെട്ടിരിക്കുകയാണ്. പെരുന്നാൾ തിരക്ക് കൂടിയായതോടെ മെഡിക്കൽ കോളജ് റോഡിൽ ഗതാഗതക്കുരുക്ക് സ്ഥിരമാണ്.
ഈ മാസം 17 മുതലാണ് ക്വാറി സമരം തുടങ്ങിയത്. നേരത്തേ യാർഡുകളിൽ കൊണ്ടിട്ട സാധനങ്ങൾ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ തൊണ്ടയാടുവരെ പണി തീർത്തിരുന്നു. യാഡിലും റോഡരികിലും കൂടുതൽ സാധനങ്ങൾ കൊണ്ടിട്ടാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നതിനാൽ കൂടുതൽ സംഭരിച്ചുവെക്കാറില്ല. തിങ്കളാഴ്ച മുതൽ പണി പുനരാരംഭിക്കാനുള്ള ശ്രമം നടക്കുന്നതായി അധികൃതർ പറഞ്ഞു.
അടുത്തയാഴ്ചക്കകം കുഴിമൂടാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ, ടാറിടൽ ക്വാറി പണിമുടക്ക് കഴിഞ്ഞാലേ ഉണ്ടാവുകയുള്ളൂ. കുഴികൾ മൂടി ബോർഡുകൾ പെട്ടെന്ന് മാറ്റാനാണ് ശ്രമമെന്നും അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജ് വരെയാണ് പൈപ്പ് വിഭാവനം ചെയ്തതെങ്കിലും കുറ്റിക്കാട്ടൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്. കോവൂർ ജങ്ഷൻ മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗത്തും പൈപ്പിടൽ നടക്കുന്നുണ്ട്. എന്നാൽ, അവിടെ ടാറിടലിന്റെ ചുമതല റോഡിന്റെ നിലവിലെ സംരക്ഷകരായ കേരള റോഡ് ഫണ്ട് ബോർഡിനും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കുമാണ്. തിരക്കേറിയ ഇടുങ്ങിയ റോഡിൽ രാത്രി 10 മുതൽ പുലർച്ച അഞ്ചുവരെയാണ് പണി നടക്കുന്നത്. മാവൂർ റോഡിൽ കോവൂർ ജങ്ഷൻ വരെ ഗ്യാസ് പൈപ്പിടൽ രണ്ടാഴ്ചയെങ്കിലും കഴിയുമെന്നാണ് കരുതുന്നത്.
കെ.എസ്.ആർ.ടി.സിക്കടുത്തും മാവൂർ റോഡ്-രാജാജി റോഡ് ജങ്ഷനിലുമെല്ലാം കുഴികളെടുത്ത ഭാഗം ഇനിയും ടാർ ചെയ്ത് നന്നാക്കാനുമുണ്ട്. എത്രയും വേഗം തീർക്കേണ്ട കോഴിക്കോട് നഗരത്തിലെയും മെഡിക്കൽ കോളജ് റോഡിലെയും പണി ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.