മേയ് മുതൽ നഗരത്തിൽ പൈപ്പ് വഴി ഗ്യാസെത്തും
text_fieldsകോഴിക്കോട്: പ്രകൃതിവാതകം കുഴൽ വഴി എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കണ്ണൂർ റോഡിലും പൈപ്പിടൽ തുടങ്ങി.
മേയ് അവസാനത്തോടെ ഇതുവഴി ഗ്യാസ് കടത്തിവിട്ടു തുടങ്ങും. എട്ട് കൊല്ലം കൊണ്ട് 142 കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) പമ്പുകളിലും 2.5ലക്ഷം വീടുകളിലും കണക്ഷൻ നൽകുകയാണ് ലക്ഷ്യം.
സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാംഘട്ട ഭാഗമായി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി മേൽനോട്ടത്തിൽ പുതിയങ്ങാടിക്കും വെസ്റ്റ്ഹിൽ ചുങ്കത്തിനുമിടയിലാണ് കുഴലിടൽ പണി തുടങ്ങിയത്. നല്ലളത്തും കോവൂർ വെള്ളിമാട് കുന്ന് റോഡിലും പൈപ്പിടൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
25 കിലോമീറ്റർ പൈപ്പിട്ടു
ഒന്നാം ഘട്ടം താമരശ്ശേരി, കുന്ദമംഗലം, കൊടുവള്ളി ഭാഗങ്ങളിൽ നേരത്തേതന്നെ തുടങ്ങിയിരുന്നു. ഉണ്ണികുളത്താണ് വാതകം സംഭരിക്കുന്ന മുഖ്യസ്റ്റേഷൻ ഉള്ളത്. അവിടെ നിന്ന് പൂനൂർ, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം തുടങ്ങി 25 കിലോമീറ്റർ പൈപ്പാണ് സ്ഥാപിച്ച് കഴിഞ്ഞത്. രണ്ടാം ഘട്ടത്തിൽ 48 കിലോമീറ്ററാണ് പൈപ്പിടാനുള്ളത്. ഇങ്ങനെ മൊത്തം 73 കിലോമീറ്റർ പൈപ്പിട്ടശേഷം മേയ് അവസാനത്തോടെ ഗ്യാസ് കടത്തിവിട്ടു തുടങ്ങും. പണി തീരുന്ന മുറക്ക് മറ്റിടങ്ങളിലും വാതകമെത്തിക്കും. ഇപ്പോൾ എറണാകുളത്ത് നിന്നാണ് പമ്പുകളിൽ ഗ്യാസ് കൊണ്ടു വരുന്നത്. അത് പൈപ്പിലൂടെ ഉണ്ണികുളത്ത് നിന്ന് വരുന്നതോടെ നഗരത്തിൽ ഇപ്പോഴുള്ള സി.എൻ.ജി ക്ഷാമമൊഴിവാകുമെന്ന് പ്രതീക്ഷിക്കുന്നതായി അസോസിയേറ്റ് മാനേജർ നിധിൻ നസിറുദ്ദീൻ പറഞ്ഞു.
റോഡുകളിൽ പണി വരും
നഗരത്തിന് അഭിമാനമായ മാവൂർ റോഡ് അടക്കം പ്രധാന നിരത്തുകളിൽ പൈപ്പ് സ്ഥാപിക്കാൻ കുഴികൾ എടുക്കേണ്ടി വരും.
കുന്ദമംഗലം, വെള്ളിമാടുകുന്ന്, മെഡിക്കൽ കോളജ്, തൊണ്ടയാട്, പൊറ്റമ്മൽ, അരയിടത്തുപാലം, മാങ്കാവ്, മാവൂർ റോഡ് ജങ്ഷൻ, മാനാഞ്ചിറ, വട്ടക്കിണർ, ബേപ്പൂർ, മീഞ്ചന്ത, നല്ലളം, നടക്കാവ്, വെസ്റ്റ് ഹിൽ, ഭട്ട് റോഡ്, ബീച്ച് റോഡ്, പാവങ്ങാട് വഴിയാണ് പൈപ്പ് കടന്നു പോവുന്നത്.
റോഡുകളിൽ പദ്ധതിമൂലം ഭാവിയിൽ ഉണ്ടാകുന്ന തകരാറുകൾ പൊതുമരാമത്ത്, കോർപറേഷൻ പോലുള്ള അതത് സ്ഥാപനങ്ങൾ നിർദേശിക്കുന്ന നിലവാരത്തിൽ ഇന്ത്യൻഓയിൽ അദാനിഗ്യാസ് പരിഹരിക്കും.
റോഡിൽ കുഴികൾ കുറവായിരിക്കും. ഭൂമിക്കടിയിലെ കേബിളും മറ്റും ലൊക്കേറ്ററുകൾ ഉപയോഗിച്ച് കണ്ടു പിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.