കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ജനറൽ ബോഡി; ബഹളം; പൊലീസ് ഇടപെടൽ
text_fieldsവടകര: കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ വാക്കേറ്റവും ബഹളവും. പൊലീസെത്തി യോഗം നിർത്തിവെപ്പിച്ചു.
കണക്ക് അവതരണവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് ചോമ്പാല സി.ഐ ബി.കെ. സിജുവിന്റ നേതൃത്വത്തിൽ പൊലീസ് യോഗം നിർത്തിവെപ്പിച്ചത്. അഞ്ചുവർഷത്തെ കണക്കാണ് യോഗത്തിൽ അവതരിപ്പിക്കാനിരുന്നത്.
ക്വാറം തികയാത്തതിനാൽ രണ്ടുതവണ മാറ്റിവെച്ച കണക്ക് അവതരണം മൂന്നാം തവണ കമ്മിറ്റി നിയമാവലി പ്രകാരം അവതരിപ്പിക്കാൻ ഞായറാഴ്ച രാത്രി ഏഴുമണിക്ക് യോഗം വിളിക്കുകയായിരുന്നു. നിരീക്ഷകനായി യോഗത്തിൽ വഖഫ് ബോർഡ് പ്രതിനിധിയും എത്തിയിരുന്നു. കണക്ക് അവതരണത്തിനിടെയുള്ള ചോദ്യാവലി വാക് തർക്കത്തിലും സംഘർഷത്തിലേക്കും വഴിവെക്കുകയായിരുന്നു.
വൻ സംഘർഷത്തിലേക്ക് വഴി മാറുമെന്നായപ്പോൾ പൊലീസ് യോഗ സ്ഥലത്ത് കയറി യോഗം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ചോമ്പാല, എടച്ചേരി പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് നേരത്തെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ഏറെക്കാലമായി കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ ഭിന്നത നിലനിൽക്കുകയാണ്. സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത വഖഫ് ഭൂമിയിൽ സി.ബി.എസ്.ഇ സ്കൂൾ സ്ഥാപിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഓഫിസിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. കമ്മിറ്റിക്കെതിരെ നടക്കുന്നത് അടിസ്ഥാന രഹിത ആരോപണങ്ങളാണെന്ന് കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി അൻവർ ഹാജി പറഞ്ഞു.
നിയമനടപടി സ്വീകരിക്കും
വടകര: കഴിഞ്ഞ ഏഴു വർഷമായി ജനറൽ ബോഡി മുമ്പാകെ വരവ് -ചെലവ് കണക്കുകൾ അവതരിപ്പിക്കാത്ത ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റിയുടെ വസ്തുതവിരുദ്ധ പ്രചാരണം അൽപത്തരമാണെന്നും, കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി വഖഫ് ബോർഡ് നേരിട്ട് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഉടൻ നിയമ നടപടി സ്വീകരിക്കുമെന്ന് മഹൽ സംരക്ഷണ സമിതി. യോഗത്തിൽ ചെയർമാൻ സാലിം പുനത്തിൽ അധ്യക്ഷത വഹിച്ചു. റഫീഖ് അഴിയൂർ, അബ്ദുള്ള എരിക്കിൽ, അലി എരിക്കിൽ, സയ്യിദ് അബ്ദുർ റഹ്മാൻ ജിഫ്രി, വി.പി. സവാദ്, എ.കെ. ഹനീഫ, എ.കെ. സൈനുദ്ദീൻ, കെ.പി. ഹുസ്സൈൻ, എം. സാഹിർ, പി. സലീം പി, നദീർ എരിക്കിൽ, ടി.പി. സനൂജ്, സാഹിർ പുനത്തിൽ, വി.പി. ഗഫൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.