നിർത്തിയിട്ട ബസിന്റെ ചില്ല് തകർത്തു; മാവൂരിൽ സമാന രീതിയിൽ തകർക്കപ്പെടുന്ന 13ാമത്തെ ബസ്
text_fieldsമാവൂർ: റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. കോഴിക്കോട്-മാവൂർ-അരീക്കോട് റൂട്ടിലോടുന്ന റോസ്ന ബസാണ് വ്യാഴാഴ്ച അർധരാത്രി 12.30ഓടെ എറിഞ്ഞുതകർത്തത്. മീൻമുള്ളംപാറ തെനയിൽ അബ്ദുൽ റഷീദിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്. സർവിസ് അവസാനിപ്പിച്ചശേഷം രാത്രി മീൻമുള്ളംപാറയിൽ വീടിനുമുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു.
ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണത്തിനു പിന്നിൽ. ബൈക്കിന് പിന്നിലിരുന്ന ആൾ കല്ലെറിയുന്നതിന്റെ ദൃശ്യം ഉടമയുടെ വീട്ടിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ബസിൽ കിടന്നുറങ്ങുകയായിരുന്നു ക്ലീനർ ജാഫർ ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴേക്കും ആക്രമികൾ കടന്നുകളഞ്ഞു.
മീൻമുള്ളംപാറയിൽനിന്ന് മാവൂർ പോസ്റ്റ് ഓഫിസിനടുത്തേക്ക് എത്തുന്ന പോക്കറ്റ് റോഡ് വഴിയാണ് ഇവർ രക്ഷപ്പെട്ടത്. ഈ സമയത്ത് സംശയകരമായ രീതിയിൽ ചുറ്റിക്കറങ്ങിയ കാറിന്റെ ദൃശ്യവും കാമറകളിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിയിച്ചതനുസരിച്ച് മാവൂർ പൊലീസ് രാത്രിതന്നെ സ്ഥലത്തെത്തി പരിശോധിച്ചു. ഉടമയുടെ പരാതിയിൽ മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചുരുങ്ങിയ കാലയളവിനുള്ളിൽ മാവൂർ റൂട്ടിൽ 13 ബസുകളുടെ ചില്ലുകൾ ഇത്തരത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.