ഗോകുലം മേഴ്സി കോളജ് പ്രിൻസിപ്പലിനെ എസ്.എഫ്.ഐ ഉപരോധിച്ചു
text_fieldsവടകര: ഗോകുലം ഗ്രൂപ്പിന്റെ കുരിക്കിലാട് മേഴ്സി ബി. എഡ് കോളജ് പ്രിൻസിപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് എസ്.എഫ്.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ 25 ഓളം പ്രവർത്തകർ കോളജിലെത്തി പ്രിൻസിപ്പലിനെ ഉപരോധിച്ചത്. വിദ്യാഭ്യാസം പൂർണമായും കച്ചവടവത്കരിക്കുന്ന ഗോകുലം മാനേജ്മെന്റ് പ്രവേശനത്തിനായി അഞ്ചു ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കോളജിൽ സമരം ആരംഭിച്ചത്. സ്ഥലത്തെത്തിയ വടകര എ.എസ്.ഐ കെ.ടി. രഘുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും കോളജ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് രണ്ടു മണിക്കൂറോളം നീണ്ട ഉപരോധത്തിൽ നിന്നും വിദ്യാർഥികൾ പിന്മാറി. ബുധനാഴ്ച വടകര പൊലീസിന്റെ നേതൃത്വത്തിൽ മാനേജ്മെന്റും, എസ്.എഫ്.ഐ പ്രവർത്തകരും സംയുക്തമായി ചർച്ച നടത്തി തീരുമാനം പ്രഖ്യാപിക്കാമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിച്ചത്. ഉപരോധ സമരത്തിന് എസ്.എഫ്.ഐ ഒഞ്ചിയം ഏരിയ സെക്രട്ടറി എസ്.ആർ. അശ്വിൻ, പ്രസിഡൻറ് ഗൗതം കൃഷ്ണൻ, സായന്ത്, നീരജ്, ഹർഷ, ഋഷികേശ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ആഗസ്റ്റ് 22ന് കോളജിലേക്ക് വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചിരുന്നു. സമരം അക്രമാസക്തമായതോടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നു. ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ഇന്നലെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി വീണ്ടുമെത്തിയത്. കോളജിൽ പി.ടി.എ കമ്മിറ്റി രൂപവത്കരിക്കുക, ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർഥികളെ വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക, ഇന്റേണൽ മാർക്ക് നൽകുമ്പോൾ യൂനിവേഴ്സിറ്റി നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കുക, കോളജിന്റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ സമരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.