ആവേശത്തിരയിളക്കി സ്വർണക്കപ്പ് വിജയ ഘോഷയാത്ര
text_fieldsകോഴിക്കോട്: ബാൻഡ് മേളത്തിന്റെയും വർണാഭമായ മുത്തുക്കുടകളുടെയും അകമ്പടിയോടെ ചാമ്പ്യന്മാരായ കോഴിക്കോട് ടീം നഗരം ചുറ്റി വിജയ ഘോഷയാത്ര നടത്തി. കലാപ്രകടനങ്ങളുമായാണ് വിദ്യാർഥികൾ കപ്പിനെ അനുഗമിച്ചത്. ദഫ്മുട്ടിയും കോൽക്കളിയും പരിചമുട്ടും ഒപ്പനയും തിരുവാതിരയും കളിച്ച് വിദ്യാർഥികൾ ഘോഷയാത്ര ആഘോഷമാക്കി.
61ാമത് കേരള സ്കൂൾ കലോത്സവത്തിൽ വിജയം സ്വന്തമാക്കിയ ജില്ലയുടെ നേട്ടത്തിന്റെ ആവേശം പ്രകടമാക്കുന്ന ഘോഷയാത്രയിൽ സ്വർണക്കപ്പിനോടൊപ്പം ജില്ലയിലെ വിദ്യാർഥികളും അധ്യാപകരുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. വിദ്യാർഥികളുടെയും പൗരാവലിയുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ വൻ ജനാവലിക്കൊപ്പം സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള ആഘോഷ യാത്ര മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബി.ഇ.എം സ്കൂളിൽ സമാപിച്ചു.
ബി.ഇ.എം സ്കൂളിൽ പടക്കം പൊട്ടിച്ചുകൊണ്ടാണ് ഘോഷയാത്രയെ വരവേറ്റത്. ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകളെല്ലാം ഘോഷയാത്രയിൽ പങ്കെടുത്തു.
കലോത്സവം പരാതികളില്ലാതെ മികച്ചരീതിയിൽ സമയബന്ധിതമായി നടപ്പാക്കാൻ സാധിച്ചുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വിജയത്തിന്റെ സന്തോഷത്തിൽ മതിമറന്നുനിൽക്കുകയല്ല നാം ചെയ്യേണ്ടത്. ഈ വിജയത്തിന്റെ കാരണമെന്തെന്ന് നാം ഓരോരുത്തരം പഠിക്കണം. എല്ലാവരും ഒരുമിച്ചുനിന്നതുകൊണ്ടാണ് നമുക്കീ വിജയം നേടാനായത്.
ജാതിമത ചിന്തകളില്ലാതെ രാഷ്ട്രീയ ഭേദമില്ലാതെ കോഴിക്കോട്ടെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണീ വിജയം. കലോത്സവത്തിനായി രൂപവത്കരിച്ച 21 കമ്മിറ്റികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജീവിതത്തിൽ എല്ലാക്കാലത്തും ഓർക്കാനുള്ള സമയമായിരുന്നു കലോത്സവം.
കോഴിക്കോടിന്റെ നന്മയുടെയും മധുരത്തിന്റെയും ഓർമകളാണ് കലോത്സവത്തിന്റെ ഓർമകൾ. ഗ്രീൻ പ്രോട്ടോകോൾ അനുസരിക്കാനായി രാപകൽ അധ്വാനിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെയും ഹരിതകർമസേന അംഗങ്ങളെയും അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കലോത്സവ കമ്മിറ്റികൾ, അധ്യാപക, വിദ്യാർഥി സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, കോർപറേഷൻ, വിവിധ വകുപ്പുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനങ്ങൾ തുടങ്ങി എല്ലാവരും രാഷ്ട്രീയ-കക്ഷി ഭേദമില്ലാതെ ഒന്നിച്ചുനിന്ന് കലോത്സവം മികച്ചരീതിയിൽ നടത്തുന്നതിൽ പങ്കാളികളായി.
ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശുചിത്വ തൊഴിലാളികൾ, വാഹന സൗകര്യം ഒരുക്കിയ ഓട്ടോ തൊഴിലാളികൾ, ദിനേന കാൽലക്ഷം പേർക്ക് ഭക്ഷണം വിളമ്പിയ ഭക്ഷണ കമ്മിറ്റി, വളന്റിയർമാർ, പൊലീസ്, വിവിധ കമ്മിറ്റികൾ എന്നിവർ നടത്തിയത് മാതൃകപരമായ പ്രവർത്തനമാണ്. കലോത്സവ വിജയികളെയും മത്സരാർഥികളെയും മന്ത്രി അഭിനന്ദിച്ചു.
കോഴിക്കോട്ടെ ജനങ്ങൾ മികച്ച പങ്കാളിത്തത്തോടെ കലോത്സവം അനശ്വരമാക്കിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചടങ്ങിന്റെ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോർപറേഷൻ ശുചിത്വ തൊഴിലാളികൾ, ഹരിതകർമസേന ജീവനക്കാർ എന്നിവരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുരസ്കാരം നൽകി ആദരിച്ചു.
മേയർ ഡോ. ബീന ഫിലിപ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ആർ.ഡി.ഡി ഡോ. അനിൽ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ, കലോത്സവ കമ്മിറ്റി കൺവീനർമാർ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.