ഗോൾഡ് പാലസ് നിക്ഷേപതട്ടിപ്പ്: കല്ലാച്ചി ജ്വല്ലറിയിൽ 50 പവൻ മാത്രം
text_fieldsനാദാപുരം: സ്വർണ നിക്ഷേപ തട്ടിപ്പ് നടന്ന കല്ലാച്ചി ഗോൾഡ് പാലസ് ജ്വല്ലറിയിൽ അന്വേഷണസംഘം പരിശോധന നടത്തി. വളരെ ചുരുങ്ങിയ സ്വർണാഭരണം മാത്രമാണ് ഇവിടെനിന്ന് കണ്ടെടുക്കാനായത്. നാദാപുരം സി.ഐ ഫായിസ് അലി, എസ്.ഐ ആർ.എൻ. പ്രശാന്ത്, അഡി. എസ്.ഐ ബാബു കക്കട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിെൻറ പരിശോധനയിൽ 50 പവൻ ആഭരണങ്ങളാണ് കണ്ടെടുത്തത്. രാവിലെ പത്തര മണിക്ക് ആരംഭിച്ച പരിശോധന രാത്രി എട്ടുവരെ നീണ്ടു.
പരിശോധനയിൽ കാര്യമായി സ്വർണം കണ്ടെത്താതിരുന്നത് നിക്ഷേപകരെ ഏറെ നിരാശപ്പെടുത്തി. സ്വർണം മറ്റെവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്താലേ മനസ്സിലാകൂ. പാർട്ണർമാരിൽ ഒരാളായ കെ.ടി. സബീറിനെ ചോദ്യംചെയ്യാനായി കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ജ്വല്ലറിയുടെ പയ്യോളി, കുറ്റ്യാടി ശാഖകളിൽ പണം നിക്ഷേപിച്ചവർ അടക്കം കഴിഞ്ഞ മാസം 25ന് ഇവിടെയെത്തി പണം തിരികെ ആവശ്യപ്പെട്ട് ബഹളംവെക്കുകയായിരുന്നു. ഇതോടെ ഉടമകൾ ജ്വല്ലറിയിൽനിന്ന് മുങ്ങുകയായിരുന്നു.
പൊലീസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ ജ്വല്ലറിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ ഉടമകൾ കടത്തിയതായ പ്രചാരണവും ഉണ്ടായി. ഇത് ശരിവെക്കുന്ന തരത്തിലാണ് പൊലീസിെൻറ കണ്ടെത്തൽ.
കുറ്റ്യാടി, പയ്യോളി ജ്വല്ലറികളിലും പരിശോധനയിൽ കാര്യമായി സ്വർണം കണ്ടെത്താനായിരുന്നില്ല. ആറു കോടിയോളം രൂപയുടെ നിക്ഷേപമാണ് കല്ലാച്ചിയിലെ ജ്വല്ലറി കേന്ദ്രീകരിച്ച് പിരിച്ചെടുത്തത്. 125 ഓളം പരാതികൾ ഈ ജ്വല്ലറി കേന്ദ്രീകരിച്ച് മാത്രം നാദാപുരം പൊലീസിന് ലഭിച്ചിരുന്നു.
ജ്വല്ലറി തട്ടിപ്പ് കേസ് വിദേശത്തേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കും
കുറ്റ്യാടി: നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറിയുടെ വിദേശത്തേക്ക് കടന്ന ഉടകളായ ടി.മുഹമ്മദ്, കെ.പി.ഹമീദ് എന്നവരെ നാട്ടിലെത്തിക്കാൻ നപടിയെടുക്കുമെന്ന് കുറ്റ്യാടി സി.െഎ ടി. പി. ഫർഷാദ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കോടികളുടെ സ്വർണ്ണവും പണവും നിക്ഷേപമായി സ്വീകരിച്ച ജ്വല്ലറി പൂട്ടുന്നതിന് തൊട്ടുമുമ്പാണ് ഉടമകളായ മുഹമ്മദ്, ഹമീദ് എന്നിവർ വിദേശത്തേക്ക് കടന്നതെന്ന് നിക്ഷേപകർ പരാതിപ്പെട്ടിരുന്നു. നിലവിൽ മാനേജിങ് പാർട്്ണർ സമീർ എന്ന വി.പി.സബീർ, കല്ലാച്ചി ശാഖ മാനേജർ റുംഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ പൊലീസ് കസ്റ്റഡിയിൽവിട്ട സബീറിനെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ മാസം 26ന് ചില നിക്ഷേപകർ കൂട്ടമായി എത്തി സ്വർണ്ണം വാങ്ങിക്കൊണ്ടുപോയതായി പറയുന്നു. ഇത് ഒന്നേമുക്കാൽ കിലോയോളം വരും. ഇരുപതോളം പേരാണ് ഇപ്രകാരം വാങ്ങിക്കൊണ്ടു പോയത്. ആറ് ലക്ഷം മുതൽ 10 ലക്ഷം വരെ തുകക്കുള്ള സ്വർണ്ണമാണ് കൊണ്ടുപോയത്. ആളുകൾ കൂടിയതോടെ ജീവനക്കാർ ബലമായി ജ്വല്ലറി അടക്കുകയായിരുന്നു. സ്വർണ്ണം കൊണ്ടുപോയവരുടെ പേര് വിവരങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ലഭിച്ചിട്ടുണ്ട്.
ഇത് വിഗദ്ധരെ വെച്ച് പരിേശാധിക്കും. നിക്ഷേപം പിൻവലിച്ച ചിലരും പൊലീസിൽ പരാതി നൽകിയതായി കണ്ടെത്തി.
കഴിഞ്ഞ ദിവസം ജ്വല്ലറി തുറന്ന് പരിശോധിച്ചപ്പോൾ ഒന്നേമുക്കാൽ കിലോ സ്വർണ്ണം മാത്രമാണ് പൊലീസിന് കണ്ടെത്താനായത് .
കുട്ടികളുടെ ആഭരണങ്ങൾ ഉൾപ്പെടെ എണ്ണൂറോളം ചെറു ആഭരണങ്ങളാണ് ലഭിച്ചത്. രാവിലെ 10 ന് തുടങ്ങിയ കണക്കെടുപ്പ് സന്ധ്യവരെ തുടർന്നു. ജ്വല്ലറിയിലെ ബാങ്ക് എക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിവരങ്ങൾ പൂർണ്ണമായി ലഭിച്ചതായി സി.െഎ.പറഞ്ഞു.ജ്വല്ലറിയുടെയും സബീറിെൻറയും പേരിലുള്ള എക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു.
സ്വർണാഭരണങ്ങൾ കിട്ടിയില്ല; ചമയങ്ങളില്ലാതെ വിവാഹം
നാദാപുരം: കല്ലാച്ചി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിൽ വൻ തുക നഷ്ടമായതിെൻറ കഥകളാണ് പലർക്കും പറയാനുള്ളത്. എന്നാൽ, പ്രവാസിയായ കല്ലാച്ചിയിലെ എടോത്ത് മമ്മുട്ടിക്ക് പറയാനുള്ളത് മകളെ കെട്ടിച്ചയക്കാൻ നൽകിയ പണവും ആഭരണങ്ങളും നഷ്ടപ്പെട്ട വേദനയാണ്.
െസപ്റ്റംബർ അഞ്ചിന് നടത്താൻ നിശ്ചയിച്ച മകളുടെ കല്യാണത്തിനുള്ള സ്വർണത്തിനായി സ്വരുക്കൂട്ടിയ പണവും വീട്ടിലെ പഴയ സ്വർണാഭരണങ്ങളുമായി ആഗസ്റ്റ് 19നാണ് സമീപവാസിയായ മമ്മുട്ടിയും കുടുംബവും സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ എത്തുന്നത്.
വീട്ടിൽനിന്നെടുത്ത രണ്ടര ലക്ഷം രൂപയോളം വിലവരുന്ന പഴയ സ്വർണവും ആറു ലക്ഷത്തിലധികം രൂപയും നൽകി 25 പവൻ സ്വർണാഭരണം വാങ്ങി. എന്നാൽ, ആഭരണങ്ങൾ മുഴുവൻ വീട്ടിലേക്ക് എടുക്കാതെ കടയിൽതന്നെ സൂക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് 25ന് ജ്വല്ലറിയിൽ കശപിശകൾ തുടങ്ങുന്നത്.
പിറ്റേ ദിവസം നിക്ഷേപകരുടെ പരാതിയിൽ ജ്വല്ലറി അടച്ചുപൂട്ടുകയും ചെയ്തു. അതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി കുടുംബം. എങ്കിലും മകളുടെ വിവാഹം ഞായറാഴ്ച നിശ്ചയിച്ച തീയതിക്കുതന്നെ ലളിതമായി നടത്തി.
വില്യാപ്പള്ളിയിലും ജ്വല്ലറി തട്ടിപ്പ്: അന്വേഷണം തുടങ്ങി
വടകര: സ്വർണം നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയെന്ന പരാതിയിൽ വില്യാപ്പള്ളിയിലെ ജ്വല്ലറിക്കെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്വർണ മഹൽ ജ്വല്ലറിക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പുറമേരി കുനിങ്ങാട് സ്വദേശി തൈക്കണ്ടിയിൽ ഹാരിസ് നൽകിയ പരാതിയിൽ കട ഉടമ മുഹമ്മദ്, മാനേജിങ് പാർട്ണർ അബ്ദുൽ റഷീദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 162 ഗ്രാം സ്വർണമാണ് ഹാരിസ് ജ്വല്ലറിയിൽ നിക്ഷേപിച്ചത്. ഒരു പവൻ നിക്ഷേപിച്ചാൽ മാസം 200 രൂപ ലാഭ വിഹിതം നൽകുമെന്നായിരുന്നത്രേ വാഗ്ദാനം. നിക്ഷേപിച്ച സ്വർണം ആവശ്യം വരുമ്പോൾ തിരിച്ചെടുക്കാമെന്നും പുതിയതായി ജ്വല്ലറിയിൽ നിന്നും വാങ്ങുമ്പോൾ പണിക്കൂലി ഈടാക്കില്ലെന്നും നിക്ഷേപകർക്ക് ഉറപ്പ് നൽകിയതായി പൊലീസ് പറഞ്ഞു.
നിരവധി പേരെ ഇത്തരത്തിൽ നിക്ഷേപത്തിൽ ആകർഷിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കൃത്യമായി നിക്ഷേപകർക്ക് പണം ലഭിച്ചിരുന്നു. നിരവധി തവണ സ്വർണം തിരിച്ചെടുക്കാൻ ഉടമകളെ സമീപിച്ചെങ്കിലും സ്വർണം തിരിച്ച് നൽകിയില്ലെന്ന് ഹാരിസ് പരാതിയിൽ പറയുന്നു. ലോക്കറിൽ വെക്കുന്നതിന് പകരമായാണ് പലരും നിക്ഷേപിച്ചത്. 15 ഓളം പരാതികൾ പൊലീസിന് ലഭിച്ചതായാണ് വിവരം. കട ഉടമകളെ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താനായില്ലെന്നും ഒളിവിലാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൺട്രോൾ റൂം സി.ഐ പി.കെ. രാജ്മോഹനനാണ് അന്വേഷണ ചുമതല.
സ്വർണ നിക്ഷേപ തട്ടിപ്പ്: സർവകക്ഷി യോഗം ചേർന്നു
കുറ്റ്യാടി: ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ സർവകക്ഷി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. ടി.കെ. അജിനാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എ.സി. മജീദ്, പി. സുബൈർ, ഹാഷിം നമ്പാടൻ, കുമാരൻ, എ.എം. റഷീദ്, ടി.കെ. കുട്ടിയാലി, കെ. റിജിൽ, പി. സുരേഷ് ബാബു, പി.പി.കെ. ആലിക്കുട്ടി, അനീഷ്, വി.എം. മൊയ്തു, വി.പി. സൂപ്പി, മൊയ്തു കണ്ണൻകോടൻ, ജമാൽ പാറക്കൽ, ബഷീർ കുളങ്ങരത്താഴ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് നഫീസ ചെയർമാനായി സമരസഹായ സമിതി രൂപവത്കരിച്ചു. തട്ടിപ്പിനിരയായ ഇരകളുടെ അവകാശങ്ങൾക്കൊപ്പം സർവകക്ഷി സഹായസമിതി നിലകൊള്ളും. ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരങ്ങൾക്ക് പൂർണ പിന്തുണയുണ്ടാവും. ഉടൻതന്നെ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അറിയിച്ചു.
സി.പി.ഐ ധർണ നടത്തി
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വലറി നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇരകൾക്ക് നീതി ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ജ്വല്ലറിക്ക് മുന്നിൽ സി.പി.ഐ ധർണ നടത്തി. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. കേസന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുണമെന്ന് ആവശ്യപ്പെട്ടു.
അഡ്വ. പി. ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പി. സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ, ശ്രീജിത്ത് മുടപ്പിലായി, റീന സുരേഷ്, കോറോത്ത് ശ്രീധരൻ, രാജു തോട്ടുംചിറ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു. കേസന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.