ബൈക്ക് യാത്രികനെ തടഞ്ഞ് 1.2 കിലോ സ്വർണ കവർച്ച: ഒരാൾ പിടിയിൽ
text_fieldsകോഴിക്കോട്: ബൈക്കുകളിലെത്തിയ സംഘം ഒരു കിലോയിലേറെ തൂക്കമുള്ള സ്വർണക്കട്ടി കവർന്ന കേസിൽ ഒരാൾ പിടിയിൽ. കക്കോടി മൂട്ടോളി സ്വദേശി കെ.കെ. ലതീഷിനെയാണ് (37) കസബ പൊലീസ് അറസ്റ്റുചെയ്തത്. സെപ്റ്റംബർ 20ന് രാത്രി കണ്ടംകുളം ജൂബിലി ഹാളിനു സമീപം രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. ലിങ്ക് റോഡിലെ സ്വർണ ഉരുക്കുശാലയിൽ നിന്നും മാങ്കാവിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വർണം ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയിൽനിന്നാണ് കവർന്നത്.
റംസാൻ സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം പാളയം തളി ജൂബിലിഹാളിനു മുന്നിൽവെച്ച് തടഞ്ഞുനിർത്തുകയും കഴുത്തിനു പിടിച്ച് തള്ളി ചവിട്ടി വീഴ്ത്തിയശേഷം പാൻറ്സിെൻറ കീശയിലുണ്ടായിരുന്ന സ്വർണം തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. റംസാൻ ബഹളംവെച്ചതോടെ സമീപവാസികൾ വിവരമറിയിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം എല്ലാ റോഡിലും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. രാത്രി തന്നെ നഗരത്തിലെ മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറി അന്വേഷണം നടത്തിയിരുന്നു.
നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് സ്വർണം കവർന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിലെയടക്കം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ചില സൂചനകളിൽ നിന്നാണ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത്. പ്രതികൾ സഞ്ചരിച്ച ഒരു ബൈക്കിെൻറ നമ്പർ ഭാഗികമായി ലഭിച്ചതും പൊലീസിന് തുമ്പായി. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിലെ മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുെമന്നാണ് പൊലീസ് പ്രതീക്ഷ. ടൗൺ അസി. കമീഷണർ പി. ബിജുരാജിെൻറ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എൻ. പ്രജീഷാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.