കുഴൽക്കിണർ നിർമാണത്തിന് നിബന്ധനകൾ കർശനമാക്കി സർക്കാർ
text_fieldsകോഴിക്കോട്: ജലചൂഷണം തടയുന്നതിനും അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണംമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ തടയുന്നതിനും നിർമാണ ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്തെ സ്വകാര്യ കുഴൽക്കിണർ നിർമാണ ഏജൻസികൾക്കാണ് രജിസ്ട്രേഷൻ നിർബന്ധമാക്കി നിയന്ത്രണമേർപ്പെടുത്തുന്നത്. രജിസ്ട്രേഷൻ എടുക്കുന്ന ഏജൻസികളുടെ ഉടമക്ക് കുഴൽക്കിണർ നിർമാണ മേഖലയിൽ മുൻ പരിചയം നിർബന്ധമാണ്. ഏതെങ്കിലും സർക്കാർ -അർധസർക്കാർ സ്ഥാപനങ്ങളിലോ, രജിസ്ട്രേഷനുള്ള കുഴൽക്കിണർ നിർമാണ ഏജൻസിയോടൊപ്പം മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കേ ഭൂജലവകുപ്പ് ഏജൻസി രജിസ്ട്രേഷൻ നൽകുകയുള്ളൂ.
ഏപ്രിൽ അവസാനത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ നിർമാണം നടത്തുന്നത് പിടിക്കപ്പെട്ടാൽ ഒരു ലക്ഷം രൂപ പിഴയീടാക്കും. സംസ്ഥാനത്ത് നിർമാണത്തിന് ഏകീകൃതമായ രീതി നടപ്പിലാക്കുന്നതിനാണ് പരിഷ്കൃത ഉത്തരവ് ഇറക്കിയത്. സ്വകാര്യ കുഴൽക്കിണർ നിർമാണ റിഗ്ഗുകൾ രജിസ്റ്റർ ചെയ്യുന്നതിന് ഓൺലൈനായി അപേക്ഷ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഓഫ് ലൈനായും അപേക്ഷകൾ അതത് ജില്ല ഓഫിസുകളിൽ സ്വീകരിക്കും.
റിഗ്ഗ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതുവരെ രജിസ്ട്രേഷൻ ഇല്ലാത്ത റിഗ്ഗുകൾ പിടികൂടുകയോ പിഴ ഈടാക്കുകയോ ചെയ്യില്ല. റിഗ്ഗുകൾ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും ഡയറക്ടറേറ്റിൽ നിന്നു പിന്നീട് അറിയിപ്പുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. ഏപ്രിൽ 29 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഏജൻസികൾ രജിസ്റ്റർ ചെയ്യുന്നതിനു അപേക്ഷ ഫോറത്തിന് 1000 രൂപ ഫീസ് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.