ഗവ. ഹോമിയോ മെഡി. കോളജ് സുവർണ ജൂബിലി നിറവിൽ
text_fieldsകോഴിക്കോട്: ഏഷ്യയിലെ ആദ്യ ബിരുദ ഹോമിയോപ്പതിക് മെഡിക്കൽ കോളജായ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് സുവർണ ജൂബിലി നിറവിൽ. 1975 ഡിസംബറിൽ വെള്ളയിലെ വാടകക്കെട്ടിടത്തിലായിരുന്നു കോളജിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. 1976ലാണ് കോളജ് കാരപ്പറമ്പിലെ ഇന്നുള്ള സ്ഥലത്തേക്ക് മാറിയത്. ഡോ. കെ.എസ്. പ്രകാശമായിരുന്നു ആദ്യ പ്രിൻസിപ്പൽ.
തുടക്കത്തിൽ ഗവ. മെഡിക്കൽ കോളജിലായിരുന്നു പ്രീ ക്ലിനിക്കൽ ക്ലാസുകൾ. പാരാക്ലിനിക്കൽ, ക്ലിനിക്കൽ ഡിപ്പാർട്ട്മെന്റുകൾ ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ വെള്ളയിലെ വാടകക്കെട്ടിടം മെൻസ് ഹോസ്റ്റലാക്കി.
1980 ഒക്ടോബറിലാണ് കോളജ് ഹോമിയോപ്പതി വകുപ്പിൽ നിന്ന് ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസത്തിന് മാത്രമുള്ള പ്രത്യേക വിഭാഗത്തിന് കീഴിലായത്. പിന്നീട് 1982ലാണ് കാരപ്പറമ്പിലെ നിലവിലുള്ള കോളജ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 1984ൽ ഇവിടെ ഒ.പി വിഭാഗം തുടങ്ങി. 1987ൽ കോളജും ആശുപത്രിയും പൂർണമായും കാരപ്പറമ്പിലേക്ക് മാറി. തുടക്കത്തിൽ 30 വിദ്യാർഥികളെയാണ് ബി.എച്ച്.എം.എസ് കോഴ്സിന് പ്രവേശിപ്പിച്ചതെങ്കിൽ ഇപ്പോഴിത് 63 ആയി ഉയർന്നു.
ഇന്റേൺഷിപ് ഉൾപ്പെടെ അഞ്ചര വർഷത്തെ ഡിഗ്രി കോഴ്സായ ബി.എച്ച്.എം.എസിന്റെ 42 ബാച്ചുകളാണ് ഇതിനകം പഠനം പൂർത്തിയാക്കിയത്. നാലര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ നാലുനിലകളിലായുള്ള പുതിയ ആശുപത്രി ബ്ലോക്കിൽ 100 കിടക്കകളോടെയുള്ള സൗജന്യ ചികിത്സ വിഭാഗവും കുറഞ്ഞ നിരക്കിൽ ആധുനിക യന്ത്ര സംവിധാനങ്ങളോടുകൂടിയ ക്ലിനിക്കൽ ലബോറട്ടറി, എക്സറേ, ഇ.സി.ജി, ഫിസിയോതെറാപ്പി വിഭാഗങ്ങളും പാലിയേറ്റിവ് ചികിത്സ, വന്ധ്യത ചികിത്സ എന്നിവക്കുള്ള പ്രത്യേക പ്രോജക്ടുകളുമാണുള്ളത്. ഏഴ് ജനറൽ ഒ.പിയും എട്ട് സ്പെഷാലിറ്റി ഒ.പിയും ഇവിടെ പ്രവർത്തിക്കുന്നു.
സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീളുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തതെന്നും ഇതിന്റെ സംഘാടക സമിതി രൂപവത്കരണം ജനുവരി നാലിന് രാവിലെ 11ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നും പ്രിൻസിപ്പൽ ഡോ. പി. കൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി അവസാനം ആരോഗ്യ മന്ത്രി വീണ ജോർജ് സുവർണ ജൂബിലിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. എം.സി. സനിൽകുമാർ, ഡോ. നിമി മോൾ, ഡോ. ബി. റിജേഷ്, ഷിംജിത്ത്, അമൽഡ ആന്റണി എന്നിവരും വാർത്തസമ്മേനളത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.