സർക്കാർ പ്രസ് അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsകോഴിക്കോട്: രണ്ടു ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങളുടെ സുപ്രധാന പ്രവൃത്തികൾചെയ്യുന്ന വെള്ളിമാടുകുന്നിലെ സർക്കാർ പ്രസിനെ അധികൃതർ അവഗണിക്കുന്നതായി പരാതി. ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥാപനം നിലനില്പ് ഭീഷണിയിലാണ്. പ്രസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനു പകരം ഇവിടെനിന്ന് അച്ചടിക്കേണ്ട ക്വട്ടേഷനുകൾ മറ്റു ജില്ലകളിലേക്ക് കൈമാറി സ്ഥാപനത്തെ ഇല്ലാതാക്കാനാണ് സർക്കാർ നീക്കം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
സർക്കാർ പ്രസുകളിൽ അദർ ഡ്യൂട്ടി നിർത്തലാക്കണമെന്ന സർക്കാർ ഉത്തരവുപ്രകാരം അഞ്ചു ജീവനക്കാരെ പിരിച്ചുവിട്ടതോടെ പ്രസിന്റെ പ്രവർത്തനം തീർത്തും അവതാളത്തിലായിരിക്കുകയാണ്. മൂന്നു പ്രിന്റിങ് മെഷീനുള്ള സ്ഥാപനത്തിൽ ആറു പ്രിന്റർമാർ വേണം. എന്നാൽ, നിലവിൽ ഇവിടെ ഒരു പ്രിന്റർമാത്രമാണുള്ളത്. ബൈൻഡിങ് സെക്ഷനിൽ 20ഓളം പേരുണ്ടായിരുന്നതിപ്പോൾ അഞ്ചായി. ഇതിൽതന്നെ രണ്ടുപേർ കട്ടിങ് ജോലിയിലേക്ക് മാറും. ഫലത്തിൽ മൂന്നു ബൈന്റർമാരുടെ സേവനം മാത്രമാണുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രിയടക്കം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ ആശുപത്രികളിലേക്കുള്ള ലെഡ്ജറുകളും ബിൽ ബുക്കുകളും മറ്റും അടിക്കുന്നത് ഇവിടെനിന്നാണ്. ഇരു ജില്ലകളിലെയും മറ്റു സർക്കാർ ഓഫിസുകളിലേക്കുള്ള ബിൽ ബുക്കുകൾ, അപേക്ഷ ഫോമുകൾ, സ്കൂളുകളിലേക്കുള്ള ചോദ്യപേപ്പറുകൾ തുടങ്ങിയവയെല്ലാം പ്രിന്റ് ചെയ്ത് നൽകുന്നതും ഇവിടെനിന്നാണ്. ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെ ഈ വർക്കുകളിൽ ബഹുഭൂരിഭാഗവും ഇപ്പോൾ ഷൊർണൂർ പ്രസിലേക്ക് കൈമാറുകയാണ്. ഇത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ അത്യാവശ്യം വേണ്ട ബിൽ ബുക്കുകളും മറ്റും ലഭ്യമാക്കുന്നതിൽ കാലതാമസത്തിനിടയാക്കുകയും ചെയ്യുന്നു.
സർക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം സർക്കാർ പ്രസുകളിൽ അദർ ഡ്യൂട്ടി നിർത്തലാക്കിയതാണ് പ്രസിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയത്. ഇതുപ്രകാരം ഈ മാസം 17ന് വെള്ളിമാടുകുന്നിലെ പ്രസിൽനിന്ന് അഞ്ചു ജീവനക്കാർ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറി. എന്നാൽ, 19നുതന്നെ ആവശ്യത്തിന് തസ്തികകളില്ലാത്ത കോഴിക്കോട്, കൊല്ലം പ്രസുകളെ ഈ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി ഡയറക്ടർ ഉത്തരവിറക്കുകയും ചെയ്തു. ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങുമെന്നിരിക്കെ തിടുക്കപ്പെട്ട് കോഴിക്കോട് പ്രസിൽനിന്ന് അദർ ഡ്യൂട്ടി ജീവനക്കാരെ പിരിച്ചുവിട്ടതും സംശയത്തിനിടയാക്കുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് പ്രസ് നിലനിർത്തുന്നതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. പ്രസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റ് അഡ്വ. എം. രാജൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.