കോംട്രസ്റ്റ് കെട്ടിടം സർക്കാർ ഏറ്റെടുത്തില്ല; അനിശ്ചിതകാല സമരം തുടങ്ങി തൊഴിലാളികൾ
text_fieldsകോഴിക്കോട്: സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപടികളൊന്നുമില്ലാതെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടം പൊളിഞ്ഞ് തീരുന്ന അവസ്ഥക്കെതിരെ തൊഴിലാളികൾ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ സെൻട്രൽ ലൈബ്രറിക്ക് സമീപം അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
2009 ഫെബ്രുവരി ഒന്നുമുതൽ അടച്ചുപൂട്ടിയ കോംട്രസ്റ്റ് വീവിങ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ ഭാഗമായി 2012ൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും തുടർനടപടികൾ ത്വരിതപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് സമരം.
കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പുരാതന വ്യവസായശാലയിലെ തൊഴിലാളികൾ കഴിഞ്ഞ 13 വർഷമായി നീതിക്കുവേണ്ടി കയറിയിറങ്ങാത്ത വേദികളില്ല. നിയമവും കോടതിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാത്ത ഭരണാധികാരികൾ നവോത്ഥാനത്തിന്റെ നായകന്മാരല്ലെന്ന് പി.കെ. ഗോപി പറഞ്ഞു. സമര സമിതി കൺവീനറും എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റുമായ ഇ.സി. സതീശൻ അധ്യക്ഷതവഹിച്ചു.
ബി.കെ. പ്രേമൻ, ബി.എം.എസ് ജില്ല പ്രസിഡന്റ് പി. ശശിധരൻ, എം. മുഹമ്മദ് ബഷീർ, കെ. രാജൻ, കെ.പി. സഹദേവൻ, കെ. മുഹമ്മദ് ശുഹൈബ്, ബൈജു മേരിക്കുന്ന് എന്നിവർ സംസാരിച്ചു. പി. ശിവപ്രകാശ് സ്വാഗതവും ടി. മനോഹരൻ നന്ദിയും പറഞ്ഞു.
ഏറ്റെടുക്കേണ്ടത് മൂന്നേക്കറിലേറെ സ്ഥലം
കോംട്രസ്റ്റിനോടനുബന്ധിച്ച് സർക്കാർ ഏറ്റെടുക്കേണ്ടത് മൂന്നേക്കറിലേറെ സ്ഥലം. സർക്കാർ നിശ്ചക്കുന്ന പ്രത്യേക കമീഷനാണ് തുടർനടപടികൾ കൈക്കൊള്ളേണ്ടത്. മൊത്തം 3.25 ഏക്കറോളം സ്ഥലമുണ്ട്. ഇതിൽ 1.62 ഏക്കർ, 55 സെന്റ്, 45 സെന്റ് എന്നിങ്ങനെ വിറ്റ സ്ഥലങ്ങൾ സൊസൈറ്റിയുടെയും സ്വകാര്യവ്യക്തികളുടെയും കൈവശമാണ്. ഇത് കഴിച്ചാണ് ട്രസ്റ്റ് ഭൂമി എങ്കിലും മൊത്തം ഭൂമിയും സർക്കാർ ഏറ്റെടുക്കാനാണ് തീരുമാനം.
'ഏറ്റെടുക്കാത്തത് കോടതിയുടെ പരിഗണനയിലായതിനാൽ'
കോടതിയുടെ പരിഗണനയിലായതിനാലാണ് സർക്കാറിന് ഫാക്ടറി സ്ഥലം ഏറ്റെടുക്കാൻ പറ്റാത്തതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. കോടതിയുടെ വിലക്ക് ഒഴിവാക്കാനായി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.