'ഭവനപദ്ധതികൾ സർക്കാർ അട്ടിമറിക്കുന്നു'
text_fieldsകൂരാച്ചുണ്ട്: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ മുഖേന നടത്തുന്ന ഭവനപദ്ധതികൾ ലൈഫ് ഭവന പദ്ധതികൾ എന്ന പേരിൽ സർക്കാർ അട്ടിമറിക്കുകയാണെന്ന് കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. ഗ്രാമസഭകൾ ചർച്ച ചെയ്ത് നിർധന കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭവനം നൽകുന്ന പദ്ധതിയായിരുന്നു കഴിഞ്ഞകാലങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ചെയ്തിരുന്നത്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആദിവാസി കുടുംബത്തിന് വീട് നൽകണമെന്ന ഗ്രാമസഭ യോഗ തീരുമാനം സംസ്ഥാന സർക്കാറിന്റെ നിബന്ധനകൾ പ്രകാരം പ്രാവർത്തികമാക്കാൻ പറ്റാത്ത സാഹചര്യമാണ്. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ പരമാവധി 25 സെൻറ് സ്ഥലം എന്ന മാനദണ്ഡം മലയോരപ്രദേശത്തെ പല നിർധന കുടുംബങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
2021 ഫെബ്രുവരി 20 വരെ ലൈഫ് ഭവന പദ്ധതിയിൽ വാങ്ങിയ അപേക്ഷയിൽ വീട് കൊടുക്കാനുള്ള നടപടികൾ സർക്കാർ നാളിതുവരെ ആരംഭിച്ചിട്ടില്ല. ആയതിനാൽ നിർധന കുടുംബങ്ങളുടെ ഭവനം എന്ന സ്വപ്നം അട്ടിമറിക്കുന്ന സർക്കാർ നയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പയസ് വെട്ടിക്കാട്ട്, സുനീർ പുനത്തിൽ, രാജു കിഴക്കേക്കര, ബിൻസി തോമസ്, സണ്ണി പുതിയ കുന്നൻ, ജോർജ് പുട്ടുകുളം, ജോസ് കെ. പോൾ, ഷാജി ഒറ്റപ്ലാക്കൽ, കെ.സി. മൊയ്തി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.