മലബാറിന്റെ വിദ്യാഭ്യാസാവശ്യത്തെ സർക്കാർ വർഗീയമായി ചിത്രീകരിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsകോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കൂടുതൽ സ്ഥാപനങ്ങൾ അനുവദിക്കുന്നതിനെ വർഗീയമായി ചിത്രീകരിക്കുന്ന വികല മനസ്സാണ് ഇടതു മുന്നണി സർക്കാറിനുള്ളതെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. ഹയര്‍സെക്കൻഡറി സീറ്റുകളുടെ കാര്യത്തില്‍ മലബാറിനോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി അധികബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ ഗ്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സ്ഥാപനങ്ങൾ അനുവദിച്ച കാലത്ത് അതിനെതിരെ കേസ് കൊടുത്തവരാണ് ഇടതുപക്ഷ അധ്യാപക സംഘടനകൾ. എന്നാൽ, സുപ്രീംകോടതി ഇടപെട്ടാണ് ആ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. ഹയര്‍സെക്കൻഡറി സീറ്റുകളുടെ എണ്ണത്തിൽ മലബാറിനോടുള്ള അവഗണന ഇടത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് എല്ലാ വർഷവും സീറ്റുകളുടെ അപര്യാപ്തതമൂലം പഠനാവസരം നഷ്ടമാകുന്നു. ആവശ്യമായ അധികബാച്ചുകൾ അനുവദിക്കുക മാത്രമാണ് ഏക പോംവഴി. അതിനുപകരം സർക്കാർ നടപ്പാക്കുന്ന ആനുപാതിക സീറ്റ് വർധന വിദ്യാർഥികളോടുള്ള അനീതിയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ പൊലീസ് തടഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി മുഖ്യപ്രഭാഷണം നടത്തി. ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, എൻ.സി അബൂബക്കർ, ടി.ടി ഇസ്മായിൽ, മിസ്ഹബ് കീഴരിയൂർ, അഹമ്മദ് പുന്നക്കൽ, എസ്.പി കുഞ്ഞമ്മദ്, വി.പി ഇബ്രാഹിം കുട്ടി, നാസർ എസ്റ്റേറ്റ്മുക്ക്, ഷജീർ ഇഖ്ബാൽ, കെ.ടി. റഹൂഫ്, എം.കെ ഹംസ, സി. ജാഫർ സാദിഖ്, ഷിജിത്ത് ഖാൻ, ആഷിക് ചെലവൂർ, ഷഫീക് അരക്കിണർ, മൻസൂർ മാങ്കാവ്, റിഷാദ് പുതിയങ്ങാടി എന്നിവർ സംസാരിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സ്വാഗതവും ട്രഷറർ ഷമീർ പാഴൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.