കാലിക്കറ്റിലെ ബിരുദ പ്രവേശനം: സ്വാശ്രയ സീറ്റുകൾക്ക് ആവശ്യക്കാർ കുറവ്
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദപ്രവേശനത്തിെൻറ മൂന്നാം അലോട്ട്മെൻറും പൂർത്തിയായപ്പോൾ പതിവുപോലെ സ്വാശ്രയ മേഖലയിലെ സീറ്റുകൾക്ക് ആവശ്യക്കാർ കുറവ്. അഞ്ചു ജില്ലകളിലായി സ്വാശ്രയ മേഖലയില്‍ 45,948 സീറ്റാണ് ബാക്കിയുള്ളത്.
കഴിഞ്ഞ വർഷം 30,338 സീറ്റാണ് സ്വാശ്രയമേഖലയിൽ ഒഴിഞ്ഞുകിടന്നത്. 2019ൽ 18,676 സ്വാശ്രയ ബിരുദ സീറ്റുകളും ഒഴിഞ്ഞു കിടന്നിരുന്നു. വൻ തുക ഫീസടക്കേണ്ടതിനാലും പഠന നിലവാരമില്ലെന്നതും കാരണമാണ് സ്വാശ്രയ കോളജുകളിൽ പ്രേവശനത്തിന് വിദ്യാർഥികൾ മടിക്കുന്നത്. സർക്കാർ കോളജുകളിൽ കഴിഞ്ഞ വർഷം 919 സീറ്റുകളിൽ ആളില്ലായിരുന്നു.ആകെ ഒഴിഞ്ഞു കിടന്നത് 22,836 സീറ്റുകളാണ്. സംവരണ സീറ്റുകളിൽ ആളില്ലാത്തതിനാൽ ജനറൽ വിഭാഗത്തിലേക്ക് മാറ്റുന്നതടക്കമുള്ള പ്രക്രിയകൾ കോളജുകൾ നടത്താത്തതാണ് സർക്കാർ, എയ്ഡഡ് കോളജുകളിൽ സീറ്റിന് നാഥനില്ലാതാകാൻ പ്രധാന കാരണം. ലക്ഷദ്വീപ്, സ്പോര്‍ട്സ് േക്വാട്ടകള്ക്ക് അധികമായി അനുവദിച്ചവയില്‍ ആളില്ലാത്തതും കോഴ്സിന് ചേര്‍ന്ന ശേഷം പിന്നീട് നിര്‍ത്തിപ്പോയതും സീറ്റ് ഒഴിവു വരാൻ ഇടയായി.
ഇത്തവണ മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ അഞ്ചു ജില്ലകളിലെ ഗവ., എയ്ഡഡ്, സ്വാശ്രയ മേഖലകളിലും സെന്ററുകളിലുമായി ബാക്കിയുള്ളത് 58,283 സീറ്റുകള്‍. ഓട്ടോണമസ് കോളജുകളുടേത് ഒഴികെയുള്ള കണക്കാണിത്. ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി അടുത്തയാഴ്ച തന്നെ റാങ്ക്പട്ടിക തയാറാക്കി കോളജുകള്‍ക്ക് നല്‍കുമെന്ന് പ്രവേശനവിഭാഗം ഡയറക്ടര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ അറിയിച്ചു.
ഈ അധ്യയനവര്‍ഷം ആകെ ലഭ്യമായത് 98,662 സീറ്റുകളാണ്. ഗവ. കോളജുകളില്‍ 9,197ഉം , സര്‍വകലാശാല സെൻററുകളില്‍ 129 ഉം , എയ്ഡഡില്‍ 22,959 സീറ്റുകളും സ്വാശ്രയ മേഖലയില്‍ 66,377 സീറ്റുമാണുള്ളത്. മൂന്നാം അലോട്ടുമെൻറ് കഴിഞ്ഞപ്പോള്‍ ഗവ. സീറ്റുകളില്‍ കോഴിക്കോട് (593), മലപ്പുറം (596), പാലക്കാട് (521), തൃശൂര്‍ (471) വയനാട് (62) ഉള്‍പ്പെടെ 2,243 സീറ്റ് ബാക്കിയുണ്ട്. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ സര്‍വകലാശാല സെന്ററുകളില്‍ 95 സീറ്റാണുള്ളത്.എയ്ഡഡ് മേഖലയില്‍ കോഴിക്കോട് (1418), മലപ്പുറം (2854), പാലക്കാട് (1223), തൃശൂര്‍ (3628), വയനാട് (874) സീറ്റ് അടക്കം 9997 ഒഴിവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.