ധാന്യമില്ലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsനന്മണ്ട: പാക്കറ്റ് ധാന്യപ്പൊടികളും മസാലക്കൂട്ടും വിപണി കൈയടക്കിയതോടെ പൊടിമില്ലുടമകൾ ആശങ്കയിൽ. പുറത്തുനിന്നു വരുന്ന പാക്കറ്റുപൊടികൾ കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന് വന്നതോടെയാണ് മില്ലുകളെ ആശ്രയിച്ചിരുന്ന ഉപഭോക്താക്കളുടെ ചുവടുമാറ്റം.
പലചരക്കുകടകളിലെ മുളക്, മല്ലി എന്നിവയുടെ വിലവർധന, ഇവ വാങ്ങി മില്ലിൽ കൊടുത്ത് പൊടിയായി മാറുമ്പോഴുണ്ടാകുന്ന തൂക്കക്കുറവിലെ സാമ്പത്തികനഷ്ടം ഇവയെല്ലാമാണ് സാധാരണക്കാരായ ഉപഭോക്താക്കളെ പിന്നോട്ടടിപ്പിക്കുന്നത്. ഒരു കിലോ മുളകിന് 370 രൂപ വരും. പൊടിക്കൂലികൂടി കൂട്ടുമ്പോൾ 400 രൂപ വരെയാകും. എന്നാൽ, പാക്കറ്റുപൊടി 320 രൂപക്ക് കിട്ടുമെന്നതാണ് അവസ്ഥ. ധാന്യമില്ല് ജീവനക്കാരൻ പുനത്തിൽ ഇസ്മയിൽ പങ്കുവെക്കുന്ന പരിഭവം ഇങ്ങനെ:
വർഷങ്ങൾക്കുമുമ്പ് മില്ലുകളിൽ കാണപ്പെട്ടിരുന്നത് തിരക്കും തൊഴിലാളിപ്പെരുപ്പവുമായിരുന്നു. ഉപഭോക്താവ് പൊടിക്കാനുള്ള സാധനവുമായി വരുമ്പോൾ അന്ന് ടോക്കൺ കൊടുത്ത് ക്യൂ സിസ്റ്റം ഏർപ്പെടുത്തിയ അനുഭവമായിരുന്നു. ഇന്ന് വല്ലപ്പോഴും ആരെങ്കിലും വന്നെങ്കിലായി.
സ്വയംതൊഴിൽ എന്ന നിലയിൽ ബാങ്കുകളിൽനിന്നു ലോണെടുത്ത് ഇത്തരം തൊഴിൽസംരംഭം തുടങ്ങിയവരുടെ തലക്കുമീതെ ആശങ്കയുടെ കാർമേഘമാണ് ഉരുണ്ടുകൂടുന്നത്. വൈദ്യുതി ചാർജ് വർധന, വോൾട്ടേജ് ക്ഷാമം, മെഷീൻ പാർട്സിന്റെ വിലവർധന ഇവയെല്ലാം മില്ലുടമക്ക് നഷ്ടം വരുത്തിവെക്കുന്നു. ധാന്യങ്ങൾ പൊടിക്കുന്നതിനാവട്ടെ അടുത്ത കാലത്തൊന്നും നിരക്കുവർധന നടപ്പാക്കിയിട്ടുമില്ല. എന്നാൽ, തൊഴിലാളിക്ക് കാലാനുസൃതമായ വേതനവർധന നടപ്പാക്കിവരാറുണ്ടെന്നും ഇസ്മയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.