യൂത്ത് കോൺഗ്രസ് പിടിക്കാൻ കോഴിക്കോട് ജില്ലയിൽ ഗ്രൂപ്പുയോഗങ്ങൾ തകൃതി
text_fieldsകോഴിക്കോട്: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ എ ഗ്രൂപ്പിനെ ഒതുക്കിയതിനുപിന്നാലെ, യൂത്ത് കോൺഗ്രസ് പിടിക്കുക ലക്ഷ്യമിട്ട് ജില്ലയിൽ ഗ്രൂപ് യോഗങ്ങൾ തകൃതി. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തിലാണ് വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഗ്രൂപ് യോഗം ചേർന്നതായി പരാതി ഉയർന്നത്.
തിരുവമ്പാടി, നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിലെ യോഗം പരസ്യമായതോടെ എ ഗ്രൂപ്പിലെ മുതിർന്ന നേതാവും മുൻ ഡി.സി.സി പ്രസിഡന്റുമായ കെ.സി. അബു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്ക് പരാതി നൽകി.
ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സംഘടനക്ക് പ്രയാസമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരും സംഘടിപ്പിക്കുന്നില്ല. എന്നാൽ, ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വ്യാപകമായി ഗ്രൂപ് യോഗങ്ങൾ നടന്നുവരുകയാണെന്ന് പരാതിയിൽ കുറ്റപ്പെടുത്തി. കൽപറ്റ എം.എൽ.എ ആയിട്ട് വയനാട്ടിലെ പാർട്ടിയിൽ ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഇദ്ദേഹം കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുകയാണ്.
അടിയന്തരമായി ഇക്കാര്യത്തിലിടപെട്ട് വിഭാഗീയ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കണം -കെ.സി. അബു കെ. സുധാകരനയച്ച പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകുകയും വിഷയം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിന്റെ ശ്രദ്ധയിൽപെടുത്തി വിഷയം പാർട്ടി ചർച്ചചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മറുചേരികളും പ്രാദേശിക നേതാക്കളുമായെല്ലാം ബന്ധപ്പെടുന്നുണ്ടെങ്കിലും ഗ്രൂപ് തിരിഞ്ഞ് പരസ്യ യോഗങ്ങൾ ചേർന്നിട്ടില്ല. പരമ്പരാഗതമായി എ ഗ്രൂപ്പിന്റെ പക്കലുണ്ടായിരുന്ന പല ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളും ഇത്തവണ സിദ്ദീഖ് പക്ഷം കൈക്കലാക്കിയിരുന്നു. 26ൽ നേരത്തെ 17 ബ്ലോക്ക് പ്രസിഡന്റുമാരുണ്ടായിരുന്ന എ ഗ്രൂപ്പിന് ഇത്തവണ ആറെണ്ണമാണ് ലഭിച്ചത്.
ഇതിനെ ചൊല്ലി എ ഗ്രൂപ്പും സിദ്ദീഖ് പക്ഷവും തമ്മിൽ പോര് രൂക്ഷമാണ്. ഉമ്മൻ ചാണ്ടി പക്ഷത്തുനിന്ന് മാറിയ സിദ്ദീഖിനെതിരെ ‘പാർട്ടിയിൽ ക്രിസ്തുവിനും യൂദാസിനും ഒരേ പരിഗണന’ എന്ന് പറഞ്ഞാണ് എ ഗ്രൂപ് കാമ്പയിൻ നടത്തുന്നത്.
നിലവിലെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ എ ഗ്രൂപ് പ്രതിനിധിയായാണ് നിയമിതനായതെങ്കിലും പിന്നീട് സിദ്ദീഖ് പക്ഷത്തേക്ക് മാറുകയായിരുന്നു. അടുത്തിടെ ഷഹിന് കെ.പി.സി.സി മെംബർ സ്ഥാനം നൽകിയെങ്കിലും വ്യാപക പരാതിയെ തുടർന്ന് ആ പട്ടിക തന്നെ മരവിപ്പിച്ചതിനാൽ ജില്ല പ്രസിഡന്റ് പദവിയിൽ തുടരാനാണ് ഇദ്ദേഹവും ആഗ്രഹിക്കുന്നത് എന്നാണ് വിവരം.
പാർട്ടിയിലെ ഗ്രൂപ് യോഗത്തിന് കെ.പി.സി.സി വിലക്കേർപ്പെടുത്തുകയും യോഗം വിളിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് വർക്കിങ് പ്രസിഡന്റ് നേരിട്ട് ഗ്രൂപ് പ്രവർത്തനം നടത്തുന്നത് എന്നാണ് എ ഗ്രൂപ്പുകാർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഇത്തവണ ഇങ്ങനെ..
ജൂൺ 14വരെ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജില്ല പ്രസിഡന്റ്, ജില്ല ജനറൽ സെക്രട്ടറി, നിയോജക മണ്ഡലം പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നിവിടങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂൺ 28 മുതൽ ഓൺലൈനായാണ് അംഗത്വവിതരണം. അംഗത്വത്തിന് 50 രൂപ ഈടാക്കും.
അന്നുമുതൽ ജൂലൈ 28 വരെ ഇത്രയും പേർക്ക് നേരിട്ട് വോട്ട് രേഖപ്പെടുത്താം. ഈ സ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരെ തെരഞ്ഞെടുക്കപ്പെടും. തൊട്ടുകുറവ് വോട്ട് ലഭിക്കുന്നവർ വൈസ് പ്രസിഡന്റുമാർ അടക്കമുള്ള മറ്റു പദവികളിലും നിയമിതരാവും. ജൂലൈ 28ഓടെ തെരഞ്ഞെടുപ്പ് പൂർത്തിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.