തോക്ക്, ലാത്തി, ലോക്കപ്പ്... പിന്നെ പൊലീസും കുട്ട്യോളും
text_fieldsകോഴിക്കോട്: തോക്ക്, ലാത്തി, ലോക്കപ്പ്... പിന്നെ പൊലീസ് ചേച്ചിമാർ... സ്റ്റേഷനിലെത്തി എല്ലാം കണ്ടും കേട്ടും അറിഞ്ഞും സ്കൂൾ വിദ്യാർഥികൾ. ഏഷ്യയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷനായ കോഴിക്കോട് വനിത സ്റ്റേഷന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ‘പൊലീസും കുട്ട്യോളും’ പരിപാടിക്കാണ് പുതിയറ ബി.ഇ.എം സ്കൂളിലെ നൂറോളം വിദ്യാർഥികൾ എത്തിയത്. വിദ്യാർഥികളെ മധുരം നൽകി സ്വീകരിച്ച വനിത പൊലീസുകാർ അവർക്കൊപ്പം ചേർന്ന് പാട്ടുപാടുകയടക്കം ചെയ്തു.
അരുതേ...അരുതേ...ചെയ്യരുതേ... അരുതാത്തതു നാം ചെയ്യരുതേ... എന്നുതുടങ്ങുന്ന വിദ്യാർഥി അനന്യയുടെ വരികൾ സേനാംഗങ്ങളടക്കം എല്ലാവരും ഏറ്റുപാടി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂകിവിളിപ്പിച്ചും പൊലീസ് മാമന്മാരും ഒത്തുചേർന്നതോടെ സ്റ്റേഷൻപരിസരം കുട്ടികൾക്ക് മനോഹരമായ അനുഭവങ്ങൾ പകർന്ന കളിമുറ്റമായി.
തുടർന്ന് കുട്ടികൾ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.കെ. തുളസിയുടെ മുറിയിലെത്തി ഒപ്പംനിന്ന് സെൽഫിയെടുക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ടൗൺ അസി. കമീഷണർ പി. ബിജുരാജ് അധ്യക്ഷത വഹിച്ചു. വനിത സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.കെ. തുളസി, സ്കൂൾ പ്രധാനാധ്യാപകൻ ജയിംസ്, കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആർ. രഗീഷ്, ശരത് കോവിലകം, ബ്രിജിത, ഉമേഷ്, ധന്യശ്രീ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.