കൈ പൊള്ളിക്കും പച്ചക്കറി വില
text_fieldsകോഴിക്കോട്: കോവിഡ്കാലത്ത് പച്ചക്കറി വില കുതിച്ചുയരുന്നത് ജനജീവിതം ദുരിതത്തിലാക്കുന്നു. കിലോഗ്രാമിന് 40 രൂപയിൽ കുറഞ്ഞ പച്ചക്കറികളൊന്നും കിട്ടാത്ത അവസ്ഥയാണ്. ഓണത്തിനുശേഷം മിക്ക പച്ചക്കറികൾക്കും കടിഞ്ഞാണില്ലാതെ വില ഉയരുകയാണ്. ചില്ലറ വിപണിയിൽ ഒരു നിയന്ത്രണവുമില്ലാതെ കച്ചവടക്കാർ വില വർധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്്.
തക്കാളി, ഉള്ളി, വെണ്ട, ഉരുളക്കിഴങ്ങ്, കാരറ്റ്, മുരിങ്ങക്കായ, പച്ചക്കായ എന്നിവക്കെല്ലാം പൊള്ളുന്ന വിലയാണ്. ലോക്ഡൗൺ കാലത്ത് വിപണിയിൽ സജീവമായി ഇടപെട്ട സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ജില്ല ഭരണകൂടവും കാഴ്ചക്കാരായതോടെ വിലക്കയറ്റം തടയാൻ സംവിധാനമില്ലാതായി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിർദേശം പല കടകളും പാലിക്കുന്നില്ല. വാങ്ങുന്ന വിലയും വിൽക്കുന്ന വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ തടയാനും നേരത്തേ അധികൃതർ ശ്രമിച്ചിരുന്നു.
27 മുതൽ 30 രൂപവരെയാണ് കോഴിക്കോട്ട് മൊത്ത വിപണിയിൽ ഒരു കിലോ തക്കാളിയുടെ വില. ജില്ലയുടെ വിവിധയിടങ്ങളിൽ 45രൂപ വരെയാണ് ചില്ലറ വില. കർണാടകയിലും തമിഴ്നാട്ടിലും മഴയിൽ തക്കാളി നശിച്ചതിനാൽ വിളവെടുപ്പ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. മഴ നനഞ്ഞ തക്കാളി പെട്ടെന്ന് നശിക്കുന്നുമുണ്ട്. ഒരു പെട്ടി തക്കാളി വാങ്ങിയാൽ രണ്ടു കിലോ വരെ കേടാകുന്നതിനാലാണ് ചെറുവിപണിയിൽ വില കൂടാൻ കാരണമെന്നും ഇവർ പറയുന്നു.
വെണ്ടക്ക് 45 രൂപ വരെയാണ് മൊത്തവില. ചില്ലറ വിൽപനക്കാർ 70 രൂപവരെ വാങ്ങുന്നുണ്ട്. ഉള്ളിക്ക് 45 രൂപയിലേറെ വേണം. പുണെയിൽനിന്ന് വരുന്ന, എളുപ്പം കേടാകാത്ത 'ഡ്രൈ ഉള്ളി' ആണ് ജില്ലയിലെത്തുന്നത്. കാരറ്റിന് 75 രൂപയാണ് മൊത്തവില. ഉരുളക്കിഴങ്ങിനും മുരിങ്ങക്കായക്കും വില കൂടുതലാണ്. പച്ചക്കായ കിട്ടാൻ 50 രൂപ നൽകണം. സംസ്ഥാന സർക്കാർ സംരംഭമായ ഹോർട്ടികോർപിൽ അൽപം വിലക്കുറവുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് കൈത്താങ്ങാകാൻ ഈ സംവിധാനത്തിനും കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.