ഒക്ടോബറിലെ യൂസർ ഫീസ് കലക്ഷൻ 2.30 കോടി; പച്ചപിടിച്ച് ഹരിതകർമ സേന
text_fieldsകോഴിക്കോട്: ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള അജൈവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണത്തിൽ മുന്നേറ്റം സൃഷ്ടിച്ച് ജില്ലയിലെ ഹരിതകർമ സേന. മാലിന്യ ശേഖരണത്തിന്റെ യൂസർ ഫീസ് കലക്ഷനായി ഒക്ടോബറിൽ മാത്രം 2,30,25,612 രൂപയാണ് ലഭിച്ചത്.
ആറുമാസ കാലയളവിലെ ഏറ്റവും ഉയർന്ന ഫീസ് കലക്ഷനാണിത്. 70 ഗ്രാമപഞ്ചായത്തുകളിലെയും ഏഴ് മുനിസിപ്പാലിറ്റികളിലെയും കോഴിക്കോട് കോർപറേഷനിലെയും മൂവായിരത്തോളം വരുന്ന ഹരിതകർമ സേന അംഗങ്ങളാണ് മാലിന്യശേഖരണത്തിലൂടെ ഇത്രയും തുക സമാഹരിച്ചത്.
തുകയുടെ എൺപത് ശതമാനവും ഇത്രയും പേർക്കുള്ള വേതനത്തിനാണ് ചെലവഴിക്കുന്നത്. ബാക്കിയാണ് മാലിന്യം കയറ്റി അയക്കുന്നതിനുൾപ്പെടെ ചെലവാക്കുന്നത്. ചുരുക്കത്തിൽ സാധാരണക്കാരായ മൂവായിരത്തോളം സ്ത്രീകളുടെ ഉപജീവനമാർഗം കൂടിയായി മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണ പദ്ധതി മാറുകയാണ്.
ഹരിതകർമ സേന യൂസർ ഫീസ് ശേഖരണത്തിൽ കോർപറേഷൻ 66.31 ശതമാനവും ഗ്രാമപഞ്ചായത്തുകളിൽ ശരാശരി 56.24 ശതമാനവും മുനിസിപ്പാലിറ്റികളിൽ 60.41 ശതമാനവും കലക്ഷനാണ് നേടിയത്. ജനുവരിയോടെ നൂറുശതമാനം കലക്ഷൻ നേടുകയാണ് ലക്ഷ്യമിടുന്നത്.
അമ്പതു ശതമാനം യൂസർ ഫീസ് ലഭിക്കാത്ത 26 തദ്ദേശ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. ഇതിൽ 19.47 ശതമാനമുള്ള രാമനാട്ടുകര മുനിസിപ്പാലിറ്റിയാണ് ഏറ്റവും പിറകിൽ. കൊടിയത്തൂർ, തിരുവള്ളൂർ, ചാത്തമംഗലം, കടലുണ്ടി, ഉണ്ണികുളം പഞ്ചായത്തുകളാണ് യൂസർ ഫീസ് കലക്ഷനിൽ ഏറ്റവും പിന്നിൽ.
അടുത്ത വർഷത്തോടെ ജില്ല മാലിന്യമുക്തമാക്കുക ലക്ഷ്യമിട്ട് ഹരിതകർമ സേനയുടെ പ്രവർത്തനം കൂടുതൽ ശാസ്ത്രീയമാക്കും. അതിനായി ‘ഹരിത മിത്രം’ മൊബൈൽ ആപ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഹരിതകർമ സേനയോടൊപ്പം ഒരുദിനം കാമ്പയിനും മാലിന്യ പരിപാലന കേന്ദ്രങ്ങളിലെ സോഷ്യൽ ഓഡിറ്റും തദ്ദേശ സ്ഥാപനങ്ങളിൽ പുരോഗമിക്കുകയാണ്. ജില്ലതല എൻഫോഴ്സ്മെന്റ് ടീമിന്റെ പ്രവർത്തനത്തിലും ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ സേന പ്രവർത്തകർ, കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ, ഫീൽഡ് ഉദ്യോഗസ്ഥർ എന്നിവരുടെ ജാഗ്രതയാർന്ന പ്രവർത്തനമാണ് വലിയനേട്ടം കൈവരിക്കാൻ ജില്ലക്ക് മുതൽകൂട്ടായതെന്ന് തദ്ദേശ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ പി.എസ്. ഷിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.