കത്രിക: പൊലീസ് റിപ്പോർട്ട് ആരോഗ്യവകുപ്പിനേറ്റ കനത്ത തിരിച്ചടി
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറി ഫോർസെപ്സ്) കോഴിക്കോട് മെഡിക്കൽ കോളജിലേതാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കപ്പെടുമ്പോൾ തിരിച്ചടിയേറ്റത് ആരോഗ്യവകുപ്പിനും മന്ത്രിക്കും. വിഷയത്തിൽ രണ്ട് അന്വേഷണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്.
ഒന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലും മറ്റൊന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ നേരിട്ടുള്ള നേതൃത്വത്തിലും. രണ്ടിലും ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ ആർട്ടറി ഫോർസെപ്സ് മെഡിക്കൽ കോളജിലേതല്ലെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ മന്ത്രിയും ഡോക്ടർമാർക്ക് ക്ലീൻചിറ്റ് നൽകി. എന്നാൽ, ഇതേ വിഷയം പൊലീസ് അന്വേഷിച്ചപ്പോൾ ആർട്ടറി ഫോർസെപ്സ് മെഡിക്കൽ കോളജിൽ നിന്നുള്ളതാണെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടു.
അപ്പോൾ ആരോഗ്യവകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ കത്രിക എങ്ങനെ മെഡിക്കൽ കോളജിന്റേതല്ലെന്ന് റിപ്പോർട്ട് നൽകി എന്നസംശയം ബാക്കിയാവുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർമാരെ സംരക്ഷിക്കാനായിരുന്നു ഇത്തരമൊരു റിപ്പോർട്ട് എന്ന സംശയവും ഇതിലൂടെ ബലപ്പെടുന്നു.
2017 നവംബർ 30നാണ് ഹർഷിന മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് നിരവധി അസുഖങ്ങൾ നിരന്തരം അലട്ടിക്കൊണ്ടിരുന്ന യുവതിയുടെ വയറ്റിൽ സ്റ്റീൽ ഉപകരണം ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. അഞ്ചു വർഷത്തിന് ശേഷം 2022 സെപ്റ്റംബർ 17ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽനിന്ന് ആർട്ടറി ഫോർസെപ്സ് പുറത്തെടുത്തു.
മെഡിക്കൽ കോളജിൽനിന്നുതന്നെ കുടുങ്ങിയതാണെന്ന് ഉറപ്പിച്ചുപറഞ്ഞ പരാതിക്കാരി കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് സൂപ്രണ്ടിനും പരാതി നൽകി. ഇതിൽ നടപടിയാവാത്തതോടെ ഈ വർഷം ഫെബ്രുവരി 26ന് ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ സമരം ആരംഭിച്ചു. അഞ്ചു ദിവസം ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കിയില്ല.
എന്നാൽ, മാർച്ച് ആറിന് മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളജിന്റെ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ എത്തുന്നതിന് മണിക്കൂറികൾക്ക് മുമ്പ് ആരോഗ്യമന്ത്രി നേരിട്ട് സമരപ്പന്തലിലെത്തി ഹർഷിനയെ കെട്ടിപ്പിടിച്ച് എല്ലാത്തിനും പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. ഇതോടെ മുഖ്യമന്ത്രിയുടെ പരിപാടിയുടെ ഒരു മണിക്കൂർ മുമ്പ് ഹർഷിന സമരം അവസാനിപ്പിച്ചു.
എന്നാൽ, പ്രഖ്യാപിക്കപ്പെട്ട നീതി വൈകിയതോടെ ഹർഷിന രണ്ടാംഘട്ട സമരത്തിനിറങ്ങുകയായിരുന്നു. സമരം 64 ദിവസം പിന്നിടുമ്പോഴാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്. പൊലീസ് റിപ്പോർട്ട് സർക്കാർ സ്വീകരിക്കുമോ, തള്ളുമോ എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.