സമരം നിർത്തിക്കൂടേയെന്ന് കമീഷൻ; സമയമായില്ലെന്ന് ഹർഷിന
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഹർഷിനയുടെ പരാതിപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സമർപ്പിക്കാത്തതിനാലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
അടുത്ത ദിവസങ്ങളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശൻ അറിയിച്ചു. ജോലിസംബന്ധമായ കാര്യങ്ങളിൽ സർക്കാർ ജീവനക്കാർ പ്രതിയാകുന്ന കേസുകളിൽ കുറ്റപത്രം നൽകാൻ സർക്കാറിന്റെ അനുമതി ആവശ്യമുണ്ട്.
ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കും. ഈ സാഹചര്യത്തിൽ സമരം നിർത്തിക്കൂടേയെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് ഹർഷിനയോട് ചോദിച്ചു.
എന്നാൽ, കുറ്റപത്രം സമർപ്പിച്ച് അതിലെ വസ്തുതകൾ അറിഞ്ഞതിനുശേഷം മാത്രമേ സമരം നിർത്തൂവെന്നായിരുന്നു ഹർഷിനയുടെ മറുപടി. അന്വേഷണം ഇതുവരെ നല്ല രീതിയിലാണ് നടക്കുന്നത്. പൊലീസിൽ വിശ്വാസമുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും ഹർഷിന പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സമരസമിതി ചെയർമാനും കുടുംബത്തോടും ഒപ്പമാണ് ഹർഷിന പങ്കെടുത്തത്.
തിരുവോണത്തിന് പട്ടിണിസമരം
വയറ്റിൽ കത്രിക കുടുങ്ങിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർഷിന മെഡിക്കൽ കോളജിനു മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം തിരുവോണനാളിൽ 100ാം നാൾ പിന്നിടും. തിരുവോണനാളിൽ പട്ടിണിസമരം നടത്തുമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.