ഡോക്ടർമാരുടെ കൈയബദ്ധം; നീതികിട്ടാൻ ഹർഷിന സമരത്തിനിറങ്ങുന്നു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ കൈയബദ്ധത്തെ തുടർന്ന് അഞ്ചുവർഷം വയറ്റിൽ ശസ്ത്രക്രിയോപകരണവുമായി ജീവിക്കേണ്ടിവന്ന യുവതി ഒടുവിൽ നീതിക്കായി തെരുവിലിറങ്ങുന്നു. അടിവാരം സ്വദേശി ഹർഷിനയാണ് കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ കുടുംബസമേതം നിരാഹാരത്തിനൊരുങ്ങുന്നത്.
അസാധാരണ ദുരിതം ഏറ്റുവാങ്ങിയ ഇവരോട് സർക്കാർ നീതികാട്ടിയില്ല. രാഷ്ട്രീയ സംഘടനകളോ വനിത സംഘടനകളോ നീതികിട്ടാൻ രംഗത്തിറങ്ങിയില്ല. സംഭവം കണ്ടെത്തി ആറുമാസമായിട്ടും ഹർഷിനക്ക് ആശ്വാസമോ നീതിയോ നൽകാൻ സർക്കാർ ശ്രദ്ധിച്ചില്ല. മൂന്നുതരം അന്വേഷണങ്ങൾ നടന്നതല്ലാതെ അതിന്റെ റിപ്പോർട്ടുകളൊന്നും സർക്കാർ പുറത്തുവിടുകയോ കുറ്റക്കാരെ കണ്ടെത്തുകയോ ചെയ്തിട്ടില്ല. ഫോറൻസിക് പരിശോധനയുൾപ്പെടെ നടപടികൾ കഴിഞ്ഞ് ആരോഗ്യവിദ്യാഭ്യാസ വകുപ്പ് മാസങ്ങൾക്കുമുമ്പ് സർക്കാറിന് റിപ്പോർട്ട് നൽകി എന്നു പറയുന്നു. എന്നാൽ, അതിൻമേൽ നടപടി സ്വീകരിക്കാൻ സർക്കാർ തയാറായില്ല.
ആരോഗ്യമന്ത്രി നേരിട്ട് ഹർഷിനയെ വിളിച്ച് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞത് രണ്ടുമാസം മുമ്പാണ്. മെഡിക്കൽ കോളജിൽ സത്യഗ്രഹസമരം നടത്താനൊരുങ്ങിയപ്പോഴായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ഇത് കഴിഞ്ഞ് മൂന്നുമാസമാവുമ്പോഴും നീതി ലഭിച്ചില്ല. താൻ അനുഭവിച്ച ശാരീരിക പീഡനങ്ങൾ സമാനതകളില്ലാത്തതാണെന്ന് ഹർഷിന പറയുന്നു. അഞ്ചുവർഷം മുമ്പ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലാണ് ഇവർ സിസേറിയന് വിധേയയായത്. കടുത്ത ശാരീരിക അസ്വസ്ഥതകൾക്ക് നിരന്തര ചികിത്സയിലായിരുന്നു അഞ്ചു വർഷം. ഒടുവിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ശസ്ത്രക്രിയോപകരണം വയറ്റിൽ കുടുങ്ങിയതാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. തുടർന്ന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി ഫോർസെപ്സ് (കത്രികക്ക് സമാനമായ ശസ്ത്രക്രിയോപകരണം) കണ്ടെടുത്തു.
ഇത് ആരുടെ വീഴ്ചയാണെന്ന് കണ്ടെത്താൻ ആറു മാസമായിട്ടും ആരോഗ്യവകുപ്പിന് സാധിച്ചില്ല എന്നാണ് പറയുന്നത്. ഡോക്ടർമാരുടെ വീഴ്ചയെ തുടർന്നുണ്ടായ രോഗവും ദുരിതവും കാരണം ഇവരുടെ ജീവിതം തന്നെ താളംതെറ്റി. മാനുഷികപരിഗണനവെച്ച് ഇവർക്ക് നഷ്ടപരിഹാരം നൽകാൻപോലും സർക്കാർ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒറ്റയാൾ പോരാട്ടം നടത്താൻ മൂന്നു മക്കളുടെ മാതാവായ ഹർഷിന തയാറാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.