ഹർഷിനക്കും പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്നുണ്ട്, പക്ഷേ...
text_fieldsകോഴിക്കോട്: ‘എല്ലാവരെയുംപോലെ ബന്ധുമിത്രാദികൾക്കൊപ്പം സ്നേഹം പങ്കിട്ട് പെരുന്നാൾ ആഘോഷിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ, ഡോക്ടർമാരുടെ പിഴവ് കാരണം അഞ്ചുവർഷം അനുഭവിച്ച ദുരിതത്തിന് എനിക്ക് നീതി ലഭിക്കേണ്ടതില്ലേ. അത് ലഭിക്കാതെ ഞാനെങ്ങനെ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കും. അത്രക്കും അനുഭവിച്ചു’. മെഡിക്കൽ കോളജിന് മുന്നിലെ സമരപ്പന്തലിലിരുന്ന് ഇത് പറയുമ്പോൾ നേരെ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കെ.കെ. ഹർഷിന. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയതുകാരണം അനുഭവിക്കേണ്ടിവന്ന ദുരിതത്തിൽ നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.കെ. ഹർഷിന നടത്തുന്ന സമരം ഇന്ന് പെരുന്നാൾ ദിനത്തിൽ 39ാം ദിവസത്തിലെത്തിയിരിക്കുകയാണ്. നാടുമുഴുവൻ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം നീതിതേടി തെരുവിൽ സമരമുഖത്താണ് ഹർഷിന.
ഒരു സാധാരണക്കാരിയായിട്ടാണോ തന്റെ ശബ്ദം അധികാരികൾ കേൾക്കാൻപോലും തയാറാവാത്തതെന്നും അവർ ചോദിക്കുന്നു. ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തെങ്കിലും ശാശീരിക അവശതകൾ ഹർഷിനയെ വിട്ടൊഴിഞ്ഞിട്ടില്ല.
പെരുന്നാൾ ദിവസം സമരപ്പന്തലിൽ കഞ്ഞിവെച്ച് സമരം നടത്താനാണ് സമരസമിതി തീരുമാനം. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് ഹർഷിനയും കുടുംബവും മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനുമുന്നിൽ നിരാഹാര സമരം തുടങ്ങി. സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും കുറ്റക്കാരെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി ഉറപ്പു നൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. 15 ദിവസം കഴിഞ്ഞ് ഒരു മറുപടിയും ഇല്ലാതായപ്പോൾ വീണ്ടും സമരം പ്രഖ്യാപിച്ചു. മാർച്ച് 30ന് മന്ത്രിസഭ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും അന്വേഷണവും പ്രഖ്യാപിച്ചു.
ഇത് അപര്യാപ്തമാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർഷിന രണ്ടാംഘട്ട സമരത്തിന് ഇറങ്ങിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം സമരപ്പന്തലിൽ എത്തിയെങ്കിലും സമരത്തോട് മുഖംതിരിഞ്ഞിരിക്കുകയാണ് സർക്കാർ. എന്നാൽ, നീതി ലഭിക്കുംവരെ സമരത്തിൽനിന്ന് പിന്തിരിയില്ലെന്നാണ് ഹർഷിനയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.