അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കൊയ്ത്തുകാലം
text_fieldsനന്മണ്ട: നാട്ടിലെ നിർമാണ മേഖലയിൽ സജീവമാണ് അന്തർസംസ്ഥാന തൊഴിലാളികൾ. നിർമാണ തൊഴിലുകൾ പ്രതിസന്ധിയില്ലാതെ പ്രധാനമായും മുന്നോട്ടുപോകുന്നത് ഇവരുള്ളതുകൊണ്ടാണ്.
എന്നാൽ, കുറച്ചു ദിവസങ്ങളായി വയലുകളിലെ ജോലിത്തിരക്കിലാണ് അന്തർസംസ്ഥാന തൊഴിലാളികൾ. മകരക്കൊയ്ത്ത് ആരംഭിച്ചതോടെയാണ് നെൽപാടങ്ങളിൽ ഇവരെത്തിത്തുടങ്ങിയത്. പ്രദേശത്തെ വയലുകളിൽ കൊയ്ത്തുജോലികളിൽ ഭൂരിഭാഗവും നിറവേറ്റുന്നത് അന്തർസംസ്ഥാന തൊഴിലാളികളാണ്.
നന്മണ്ടയിലെ കൂളിപ്പൊയിൽ, നാരകശ്ശേരി, കൊളത്തൂർ, കുറുന്താർ പാടങ്ങളിലും നരിക്കുനിയിലും കാക്കൂരിലെ മിക്ക വയലുകളിലും കൊയ്ത്ത് ജോലികൾ പുരോഗമിക്കുകയാണ്. നമ്മുടെ നാട്ടിലെ പരമ്പരാഗത കർഷക തൊഴിലാളികളിൽ നാമമാത്രമായി ചിലർ മാത്രമാണ് കൊയ്ത്തിലും മെതിയിലുമെല്ലാം സജീവമായിട്ടുള്ളത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതേ സ്ഥിതിയാണ് തുടരുന്നതെന്ന് കർഷക തൊഴിലാളികളായ പുന്നശ്ശേരിയിലെ കമലയും ഷീബയും പറയുന്നു.
വയലിലെ കൊയ്ത്തും മെതിയുമെല്ലാം ഇപ്പോൾ അന്തർസംസ്ഥാന തൊഴിലാളികൾ എത്തിയാലേ നടക്കൂ എന്ന സ്ഥിതിയാണുള്ളതെന്ന് വർഷങ്ങളായി നെൽകൃഷി നടത്തുന്ന പി.കെ. ഗിരീഷ് കുമാർ പറയുന്നു. അന്തർസംസ്ഥാന തൊഴിലാളികളിൽ പലരും കേരളത്തിന് പുറമെ രാജസ്ഥാൻ, കശ്മീർ, ഭോപാൽ, പഞ്ചാബ് എന്നിവിടങ്ങളിലും കൊയ്ത്ത് ജോലി ചെയ്യുന്നവരാണ്.
കേരളത്തിലെത്തിയത് മുതൽ കഴിഞ്ഞ ഏഴു വർഷമായി നെല്ലുകൊയ്ത്തിൽ പങ്കെടുക്കാറുണ്ടെന്ന് ബിഹാർ സ്വദേശികളായ ഇദ്യാദും അമീറും പറഞ്ഞു. കേരളത്തിനു പുറത്ത് നെല്ല് കൂടാതെ ഗോതമ്പ്, ചോളം എന്നിവയുടെ കൃഷിയിലും ഇവർ പങ്കാളിയാവാറുണ്ട്. സമയത്തിന് കൊയ്തെടുത്തില്ലെങ്കിൽ നെൽകൃഷി നഷ്ടത്തിലാകും എന്നതിനാൽ അന്തർസംസ്ഥാന തൊഴിലാളികൾ ഉള്ളത് ആശ്വാസമായാണ് കൃഷിക്കാരും കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.