ഇരുട്ടടിയിൽനിന്ന് രക്ഷപ്പെട്ടവർക്ക് തലക്കടി
text_fieldsകോഴിക്കോട്: തൊണ്ടയാട് മുതൽ വെങ്ങളംവരെയുള്ള ദേശീയപാത 66ന്റെ നിർമാണം ജനങ്ങളുടെ ക്ഷമകൂടി പരീക്ഷിച്ചാണ് മുന്നേറുന്നത്. കൃത്യമായ ആസൂത്രണമോ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനോ ആശങ്കയകറ്റാനോ കഴിയാതെ പുരോഗമിക്കുന്ന നിർമാണമെന്ന ആക്ഷേപമാണ് പാതക്കിരുഭാഗത്തെയും ജനങ്ങളിൽനിന്ന് ഉയരുന്നത്. വർഷങ്ങൾക്ക് മുമ്പ് പാതക്കുവേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി ഇരുട്ടടി നേരിട്ടവർക്കാണ് വീണ്ടുമിപ്പോൾ നിർമാണപ്രവൃത്തികൊണ്ട് തലക്കടിയേൽക്കുന്നത്. പാതക്കുവേണ്ടി ഏറ്റവും കൂടുതൽ പേർ കുടിയൊഴിപ്പിക്കപ്പെട്ട ഭാഗങ്ങളിലെ ജനങ്ങളാണ് ഗതാഗതക്കുരുക്കിലും വെള്ളക്കെട്ടിലും അമർന്ന് ക്ഷമയുടെ നെല്ലിപ്പടികാണുന്നത്.
15 കിലോമീറ്ററോളം ദൂരത്തിലുള്ള പാതക്ക് അഞ്ചു ഫ്ലൈ ഓവറുകളും രണ്ടു വെഹിക്കിൾ ഓവർ പാസും അഞ്ച് ഓവർപാസുകളുമാണുള്ളത്. ആറുവരിപ്പാതയാക്കൽ 70 ശതമാനത്തിലേറെ തീർന്നതായി കരാറുകാർ പറയുമ്പോൾ ദുരിതത്തിന്റെ നൂറുശതമാനവും ജനം അനുഭവിച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കരാർ കാലാവധിയായ 2024 ഡിസംബറിൽ പണി തീരുമെന്ന് ആശ്വസിച്ച ദുരിതബാധിതർക്ക് അത് വീണ്ടും നാലു മാസം നീളുമെന്ന അധികൃതരുടെ അറിയിപ്പ് കൂനിന്മേൽ കുരുപോലെയായി.
പണിതിട്ടും പണിതിട്ടും തീരാതെ ഓവർപാസുകൾ
വേങ്ങേരി ജങ്ഷനിലെ ഓവർപാസ് നിർമാണം തോന്നുംപടിയായതാണ് പ്രവൃത്തി മൂന്നു മാസം നീളാൻ കാരണമായത്. വേനൽക്കാലത്ത് ഗതാഗത നിയന്ത്രണംമൂലം വലഞ്ഞ ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ പേരിനുമാത്രം പ്രവൃത്തി നടത്തിയ അധികൃതർക്ക് ഒരാഴ്ചത്തെ മഴവെള്ളംമൂലമുണ്ടായ ദുരിതത്തിന് പരിഹാരം കാണാനാകാതെ നിർമാണസ്ഥലത്തേക്ക് വരാൻപോലും പറ്റാത്ത അവസ്ഥയിലായി. അമ്പലപ്പടി, മൊകവൂർ, മാളിക്കടവ്, വേദവ്യാസ സ്കൂൾ, പറമ്പിൽ ബസാർ ക്രോസ് റോഡ് എന്നിവിടങ്ങളിലാണ് ഓവർപാസുകൾ. മലാപ്പറമ്പിലും വേങ്ങേരിയിലുമാണ് വെഹിക്കിൾ ഓവർപാസുകൾ.
വിദ്യാർഥികളെ കാത്ത് വെള്ളം നിറഞ്ഞ അണ്ടർപാസുകൾ
സ്കൂൾ തുറക്കാൻ രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ വിദ്യാർഥികളെ കാത്തുകിടക്കുന്നത് അപകടകരമായ രീതിയിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന അണ്ടർപാസുകൾ. വെങ്ങളം, കല്ലടത്താഴം, അമ്പലപ്പടി, മാളിക്കടവ്, വേദവ്യാസ സ്കൂൾ എന്നീ അണ്ടർപാസുകളാണ് കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് അപകടമൊരുക്കി കാത്തിരിക്കുന്നത്. തിരുവങ്ങൂർ, വെങ്ങളം സ്കൂളുകളിലേക്കും ബസ് സ്റ്റോപ്പിലേക്കും പോകേണ്ട ഏക അണ്ടർപാസിൽ നടന്നുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ടാണ്. അണ്ടർപാസിന്റെ ഇരുഭാഗത്തുകൂടിയും നടന്നുപോകാൻ ഇടവിട്ട് കല്ലിട്ടിരിക്കുകയാണ്. ഈ കല്ലിലൂടെ വിദ്യാർഥികൾക്ക് കടന്നുപോകാൻ പ്രയാസവുമാണ്. മഴവെള്ളം വന്നാൽ കല്ലും വെള്ളത്തിലാകുന്നതോടെ മുതിർന്നവർക്കുപോലും നടന്നുപോകാൻ കഴിയില്ല. ഇതുവഴി എങ്ങനെ വിദ്യാർഥികളെ സ്കൂളിലേക്ക് അയക്കുമെന്നാണ് കല്ലടത്താഴ റോഡ് സ്വദേശിയായ രാധാകൃഷ്ണൻ ചോദിക്കുന്നത്. അണ്ടർ പാസിനരികിൽ ചളി നിറഞ്ഞതിനാൽ കഴിഞ്ഞദിവസം നാട്ടുകാർ കരാറുകാരുടെ വാഹനം തടഞ്ഞിരുന്നു. അതിനുശേഷമാണ് ചളി നീക്കിയതെന്നും രാധാകൃഷ്ണൻ പറഞ്ഞു. മാളിക്കടവിലെ അണ്ടർപാസിൽ വെള്ളം നിറയുന്നതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു കഴിഞ്ഞദിവസം രൂപപ്പെട്ടത്.
വഴിമുട്ടി മേയനക്കടവ്, കല്ലടത്താഴ റോഡ് നിവാസികൾ
ദേശീയപാത നാലുവരിയായപ്പോൾ പ്രയാസമില്ലാതിരുന്ന ഞങ്ങൾക്ക് ആറുവരിയായതോടെ വഴിനടക്കാനോ വീട്ടിലേക്ക് കയറാനോ കഴിയാത്ത അവസ്ഥയാണ്. വെങ്ങളം ജങ്ഷനിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡിൽ താമസിക്കുന്നവർക്കാണ് വെള്ളക്കെട്ടിന്റെ രൂക്ഷതയുള്ളത്. മഴ കനത്ത് വെള്ളമിറങ്ങിയാൽ ഇരുഭാഗത്തെയും ചരിഞ്ഞ റോഡുകളിൽനിന്ന് വെള്ളം കുത്തിയൊലിച്ചെത്തും. ഈ വെള്ളം മുമ്പ് ഓടവഴി മേയനക്കടവിലേക്ക് സുഗമമായി ഒഴുകിപ്പോയിരുന്നു. ആറുവരിപ്പാത പ്രവൃത്തി ആരംഭിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. ഇവിടെ നിറയെ വെള്ളമാണിപ്പോൾ. ആഴത്തിൽ വെള്ളം നിൽക്കുന്നതിനാൽ ഇതുവഴി പോകാൻ കഴിയില്ല -എം.കെ ഫ്ലോർമിൽ ഉടമ കരീം പറഞ്ഞു. റോഡിലെ വെള്ളക്കെട്ടുമൂലം തന്റെ പറമ്പിലൂടെയാണ് ഇപ്പോൾ വഴിനടക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ബന്ധപ്പെട്ട പല എൻജിനീയർമാരോടും പറഞ്ഞിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതിനുള്ള പരിഹാരം എന്തെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും കരീം പറഞ്ഞു.
അമ്പലപ്പടിയിലെ അപകട പരമ്പര
ദേശീയപാത നിർമാണം ആരംഭിച്ചതോടെ നിരവധി ജീവനുകളാണ് അപകടങ്ങളിൽ പൊലിഞ്ഞത്. പൂളാടിക്കുന്നിലും അമ്പലപ്പടിയിലും മൊകവൂരിലും അപകടപരമ്പര തുടർന്നതോടെ അധികൃതർ പലയിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചു. അശാസ്ത്രീയമായ വാഹന തിരിച്ചുവിടലാണ് ഏറെയും അപകടത്തിലേക്ക് നയിച്ചത്. മാളിക്കടവിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് അറുതിവരുത്താനുള്ള ശ്രമംപോലും നടത്തുന്നില്ലെന്നാണ് ആരോപണം. മാളിക്കടവ് അണ്ടർപാസിന്റെ മേൽഭാഗം കോൺക്രീറ്റ് ചെയ്ത് വീതികൂട്ടിയതോടെ സർവിസ് റോഡിന്റെ ഭാഗത്ത് വീതിയില്ലാതെയായി. അണ്ടർപാസിലൂടെ വരുന്ന വാഹനങ്ങളെ സർവിസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ശ്രദ്ധയിൽപെടാതെ പോകുന്നതാണ് അപകടം പതിവാക്കുന്നത്.
നിർമാണകാലം തെറ്റിച്ച് വേങ്ങേരി മേൽപാലം
കോഴിക്കോട്-ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് ബൈപാസിലേക്ക് പകുതിഭാഗം നിർമിച്ച വി.ഒ.പിയുടെ (വെഹിക്കിൾ ഓവർ പാസ്) അവശേഷിക്കുന്ന ഭാഗത്തെ നിർമാണപ്രവൃത്തി ഒച്ചുവേഗത്തിൽ. വേങ്ങേരി ജങ്ഷനിൽ രണ്ടുവരി പാലം നിർമിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരുമാസം മുമ്പ് ഡിസൈൻ വിഭാഗം അനുമതി നൽകിയെങ്കിലും പ്രവൃത്തി പുനരാരംഭിക്കുന്നത് ദിവസങ്ങൾക്ക് മുമ്പാണ്. ഒരു മാസംകൊണ്ട് രണ്ടുവരി ഗതാഗതത്തിന് പാലം നിർമിക്കുമെന്ന് അധികൃതർ മുമ്പ് പറഞ്ഞെങ്കിലും അതു നടക്കില്ലെന്ന് ഉറപ്പായി.
ഇനിയും ഒന്നരമാസമെങ്കിലും വേണമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചത്. സ്ലാബിന്റെ കോൺക്രീറ്റ് വരെയുള്ള ഭാഗത്തിന് 20 ദിവസം വേണം. കോൺക്രീറ്റ് ഉറക്കുന്നതിന് 18 ദിവസവും വേണമെന്നാണ് കരാറുകാർ നൽകുന്ന സൂചന. വെങ്ങളം-രാമനാട്ടുകര ആറുവരി ദേശീയപാതക്ക് കുറുകെ 45 മീറ്റർ വീതിയിൽ 27 മീറ്റർ നീളത്തിലാണ് പാലം. ആറുവരിയുടെ അവശേഷിക്കുന്ന പാതിഭാഗത്ത് റോഡ് താഴ്ത്തി പുതിയപാത നിർമിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് കുടിവെള്ള പൈപ്പിന് കേടുപാട് സംഭവിച്ചു. ഇതേത്തുടർന്ന് കഴിഞ്ഞ ജനുവരി 31ന് നിർമാണം നിർത്തിവെച്ചിരുന്നു.
ഓവർപാസ് നിർമാണത്തിനു തടസ്സമായ ജെയ്ക പദ്ധതിയുടെ കൂറ്റൻ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 220 മീറ്റർ പൈപ്പാണ് മാറ്റി സ്ഥാപിക്കുന്നത്. പൈപ്പ് മാറ്റൽ പ്രവൃത്തി ആരംഭിച്ചാൽ നാലു ദിവസത്തോളം സിറ്റിയിൽ വെള്ളം മുടങ്ങും. നിർമാണ പ്രവൃത്തി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികളും സി.പി.എം വേങ്ങേരി ലോക്കൽ കമ്മിറ്റിയും എൻ.എച്ച്.എ.ഐ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
സ്കൂൾ തുറക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗത പ്രശ്നം രൂക്ഷമാകും. നിർമാണ പ്രവൃത്തി പൂർത്തീകരണം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രികളിൽ എത്തിക്കാനും വിദ്യാർഥികളെ സ്കൂളിലയക്കാനും രക്ഷിതാക്കൾ പ്രയാസപ്പെടുമെന്ന കാര്യത്തിൽ ഒട്ടും തർക്കമില്ല. പൈപ്പ് മാറ്റാനുള്ള ഭാഗം ഒഴിവാക്കി 11 പില്ലറുകളിൽ നാലെണ്ണത്തിൽ മാത്രമാക്കി 14 മീറ്റർ വീതിയിൽ പാലം നിർമിക്കാനാണ് ഇപ്പോൾ നീക്കം. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികളെ ഇറക്കിവിടുകയാണ്. സ്വന്തം വാഹനങ്ങളും മറ്റുമായി രക്ഷിതാക്കൾ വഴിയരികിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്.
വെഹിക്കിൾ ഓവർ പാസ്: മലാപ്പറമ്പ് ജങ്ഷനിലും ക്രമീകരണം വരും
വേങ്ങേരി ജങ്ഷനു പിന്നാലെ മലാപ്പറമ്പ് ജങ്ഷനിലും വി.ഒ.പി നിർമാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള പാത മണ്ണെടുത്ത് താഴ്ത്തിത്തുടങ്ങി. ഇവിടെ ഗതാഗതം താൽക്കാലിക പാതയിലേക്ക് മാറ്റി. മലാപ്പറമ്പ് ജങ്ഷനിലും ദേശീയപാത താഴ്ത്തി നിർമിക്കുകയും കോഴിക്കോട്-വയനാട് ദേശീയപാതക്കു മുകളിലൂടെ വെഹിക്കിൾ ഓവർ പാസ് ആയി മാറുകയും ചെയ്യും. ഇതു നിർമിക്കുന്ന അവസരത്തിൽ ലോ കോളജ് മുതൽ ഗതാഗതം ക്രമീകരിക്കാനാണ് തീരുമാനം. മലാപ്പറമ്പ് ജങ്ഷൻ ഒഴിവാക്കി പാച്ചാക്കിൽ വഴി ഗതാഗതം തിരിച്ചുവിടും. ഇതിനായി പാച്ചാക്കിൽ ഭാഗത്ത് നിർമാണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.