ആരോഗ്യ പരിചരണം: ട്രാൻസ്ജെൻഡറുകൾക്ക് കരുതലുമായി ഒരുകൂട്ടം ഡോക്ടർമാർ
text_fieldsകോഴിക്കോട്: ആരോഗ്യകാര്യത്തിൽ കരുതലുമായി ഒരുകൂട്ടം ഡോക്ടർമാരും ട്രാൻസ്ജെൻഡറുകളും ഒന്നിക്കുന്നു. ട്രാൻസ്ജെൻഡേഴ്സടക്കമുള്ള ക്വീർ സമൂഹത്തിന്റെ ആരോഗ്യപരിചരണത്തിൽ പല പരാതികളുമുയരുന്ന സന്ദർഭത്തിലാണ് 'പ്രൈഡ് ഇൻ പ്രാക്ടിസ് സൊസൈറ്റി' എന്നപേരിൽ കൂട്ടായ്മയുണ്ടാക്കിയതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവേചനമില്ലാതെ എല്ലാ മനുഷ്യർക്കും ചികിത്സയും മറ്റും എത്തിക്കുകയെന്ന ഡോക്ടർമാരുടെ പ്രാഥമിക കർത്തവ്യമാണ് നിറവേറ്റുന്നതെന്ന് ചേവായൂർ ഗവ. ചർമരോഗാശുപത്രിയിലെ ഡോ. പ്രത്യുഷ പറഞ്ഞു.
സർക്കാർതന്നെ സമഗ്ര ആരോഗ്യ പദ്ധതി തയാറാക്കണമെന്നാണ് സൊസൈറ്റിയുടെ പ്രധാന ആവശ്യം. നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിലാണ് നടത്തുന്നത്. സർക്കാർ സഹായം പിന്നീട് നൽകുകയാണ് പതിവ്. എന്നാൽ, സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കിടെ ട്രാൻസ് സമൂഹത്തിലെ പലർക്കും ജീവൻ നഷ്ടമാകുന്ന സ്ഥിതിയുണ്ടായിരുന്നു. വിദേശരാജ്യങ്ങളിലടക്കം കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ സ്ഥിതി ദയനീയമാണെന്ന് സംഘാടകർ പറഞ്ഞു.
സൊസൈറ്റിയുടെ കീഴിൽ ഡോക്ടർമാർക്കായി അന്താരാഷ്ട്ര കോർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. തുടർനടപടിയെന്ന നിലയിൽ ശിൽപശാലകൾ സംഘടിപ്പിക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ ട്രാൻസ്ജെൻഡേഴ്സിനും ഡോക്ടർമാർക്കുമുള്ള ശിൽപശാല ചൊവ്വാഴ്ച രാവിലെ പത്തിന് വെള്ളിമാടുകുന്ന് ജെൻഡർപാർക്കിൽ നടക്കും. 'പ്രൈഡ് ഇൻ പ്രാക്ടിസ് സൊസൈറ്റി'യുടെ ഔദ്യോഗിക ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ചടങ്ങിലുണ്ടാകും. ഡോ. പി.സി അർജുൻ, സഞ്ജന ചന്ദ്രൻ, ഹയാൻ രമേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.