കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യവകുപ്പ് പരിശോധന
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. ഡയറക്ടറുടെ ചുമതലവഹിക്കുന്ന ഡോ. പി.പി. പ്രീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് പരിശോധന.
ആരോഗ്യവകുപ്പ് ഡയറക്ടറെ കൂടാതെ ഡി.എം.ഒ ഉമർ ഫാറൂഖ്, ഡി.പി.ഒ നവീൻ, മാനസിക ആരോഗ്യകേന്ദ്രം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആഷ എന്നിവരുമുണ്ടായിരുന്നു. സസ്പെൻഡ് ചെയ്ത സൂപ്രണ്ട് ഡോ. കെ.സി. രമേശനുമായി സംഘം സംസാരിച്ചു. മൂന്ന് മണിയോടെ മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ സംഘം രാത്രി വൈകിയാണ് മടങ്ങിയത്. പരിശോധന പൂർത്തിയാകാത്തതിനാൽ ബുധനാഴ്ചയും തുടരും. ആശുപത്രിയും പരിസരവും വാർഡുകളും ബ്ലോക്കുകളും എല്ലാം വിശദമായി പരിശോധിച്ചു.
കേന്ദ്രത്തിൽ സുരക്ഷാപ്രശ്നമുണ്ടെന്നും ആവശ്യത്തിന് സുരക്ഷാജോലിക്കാരില്ലെന്നും ചുറ്റുമതിലില്ലെന്നും കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നതടക്കം നിരവധി പരാതികളാണ് ഉയരുന്നത്.
ചോർന്നൊലിക്കുന്ന വാർഡുകളാണ് ഇവിടെയുള്ളത്. രോഗികളും കൂട്ടിരിപ്പുകാരും എലിശല്യംമൂലം പൊറുതിമുട്ടുകയാണ്. ഏറെ കരുതൽ ആവശ്യമുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും എണ്ണക്കുറവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.