പന്നിക്കോട്ടൂരിൽ ചിക്കൻ റോൾ കഴിക്കാത്തവർക്കും ആരോഗ്യപ്രശ്നങ്ങൾ
text_fieldsകോഴിക്കോട്: ജില്ലയിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും കർശന പരിശോധന തുടരുന്നതിനിടെയാണ് നരിക്കുനി പന്നിക്കോട്ടൂർ കുണ്ടായി തടപ്പറമ്പ് സ്വദേശിയായ രണ്ടര വയസ്സുകാരൻ മുഹമ്മദ് യമീന് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ജീവൻ നഷ്ടമായത്.
കുട്ടിയുെട ശരീരത്തിൽ നിന്നുള്ള സാമ്പിളുകളുടെ മൈേക്രാബയോളജി പരിശോധന ഫലം ലഭിക്കാനുണ്ട്. വിവിധ ലക്ഷണങ്ങേളാടെ ഗവ. മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലുള്ള 10 കുട്ടികളുടെയും നില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. കെ. ശ്രീകുമാർ അറിയിച്ചു. ആശങ്കപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ച യമീെൻറ മാതാവ് സനയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഹോട്ടലുകളിലും ബേക്കറികളിലും കല്യാണവീടുകളിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമീഷണർ എം.ടി. ബേബിച്ചൻ പറഞ്ഞു.
തയാറാക്കുന്ന വിഭവങ്ങൾ ഒരേ താപനിലയിൽ സൂക്ഷിക്കണം. വെള്ളവും മറ്റും കൃത്യമായി പരിശോധിക്കണം. നരിക്കുനിയിൽ കുട്ടികൾ കഴിച്ച ചിക്കൻ റോൾ തയാറാക്കിയിട്ട് കുറച്ച് സമയം കഴിഞ്ഞിരുന്നു. മാംസവിഭവങ്ങൾ നിശ്ചിത സമയം കഴിഞ്ഞാൽ പെട്ടെന്ന് കേടാകാൻ സാധ്യത കൂടുതലാണ്. കൂടുതൽ ആളുകളെത്തുന്ന വിവാഹത്തിനും മറ്റു ചടങ്ങൾക്കും തയാറാക്കുന്ന ഭക്ഷണത്തിെൻറ സാമ്പ്ൾ രണ്ടു ദിവസമെങ്കിലും ഫ്രീസറിൽ സൂക്ഷിക്കാൻ അധികൃതർ ഉടൻ നിർദേശം നൽകും.
ഭക്ഷ്യവിഷബാധയുണ്ടായാൽ എളുപ്പം കാരണം കണ്ടെത്താൻ ഈ നീക്കം സഹായകമാകും. ചിക്കൻ റോൾ, ഷവർമ തുടങ്ങിയ ഭക്ഷണസാധനങ്ങൾ തയാറാക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നു. വൃത്തിയില്ലാത്ത രീതിയിൽ റോഡരികിൽ തുറന്നുെവച്ചാണ് പലയിടങ്ങളിലും ഷവർമ നിർമിക്കുന്നത്. പൊടിയും പുകയും ഷവർമയിൽ ചേരുന്നതായും നേരത്തേ പരാതിയുണ്ടായിരുന്നു. ഫാസ്റ്റ്ഫുഡിനൊപ്പമുള്ള സാലഡും മയോണൈസുമടക്കമുള്ളവയും നിശ്ചിത സമയം കഴിഞ്ഞാൽ അപകടകാരികളാണ്.
വൃത്തിയില്ലാതെ കാറ്ററിങ് സ്ഥാപനവും ബേക്കറിയും
കോഴിക്കോട്: കല്യാണവീട്ടിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് വധൂഗൃഹത്തിലും വരെൻറ ഗൃഹത്തിലും വെവ്വേറെ വിരുന്നുകളാണ് നടന്നത്. വരെൻറ ഗൃഹത്തിൽ രാത്രി ഏഴു മണിയോടെ നടന്ന വിരുന്നിലാണ് മന്തി, മയോൈണസ്, ചിക്കൻ എന്നിവ വിതരണം ചെയ്തത്. ഫാസ്റ്റ് ബർഗർ എന്ന കാറ്ററിങ് യൂനിറ്റിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനവുമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നെതന്ന് കണ്ടെത്തി.
സ്ഥാപനം ഭക്ഷ്യസുരക്ഷ വകുപ്പ് സീൽ ചെയ്തു. വരെൻറ ഗൃഹത്തിൽനിന്നും കാറ്ററിങ് യൂനിറ്റിൽനിന്നും വെള്ളത്തിെൻറ സാമ്പിളുകൾ പരിശോധനക്കയച്ചു. വധൂഗൃഹത്തിൽ പാചകക്കാരൻ മുഖാന്തരം വീട്ടിൽതന്നെ തയാറാക്കിയ മന്തി കഴിച്ച ആർക്കുംതന്നെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. ലൈംജ്യൂസ് തയാറാക്കിനൽകിയിരുന്ന വെള്ളത്തിെൻറ സാമ്പ്ൾ റീജനൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്.
ഉച്ചക്ക് വിരുന്നിൽ പങ്കെടുത്ത വനിതകൾക്കായി നൽകിയ പാക്കറ്റിനകത്ത് ചിക്കൻ റോൾ, കേക്ക്, മധുരം എന്നിവ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ച പലരും ഭക്ഷ്യവിഷബാധ നേരിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കേക്ക് തയാറാക്കിയ നവീൻ ബേക്കറി എന്ന സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ചിക്കൻ റോൾ തയാറാക്കിയ സ്ഥാപനത്തിൽ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
ഭക്ഷ്യവിഷബാധയേറ്റ പലരും കുഞ്ഞുങ്ങളായതിനാൽ ഇവരുടെ മൊഴികളിലും വൈരുധ്യമുണ്ട്. എല്ലാ ഭക്ഷണവും കഴിച്ചിട്ടും യാതൊരു കുഴപ്പമില്ലാത്ത കുട്ടികളും മന്തിയും പാക്കറ്റ് ഭക്ഷണവും കഴിച്ച് രോഗാവസ്ഥയിൽ എത്തിയവരും ഉണ്ട്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വയറുവേദന, വയറിളക്കം, പനി എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കുഞ്ഞുവയറിന് എല്ലാം പിടിക്കില്ല
കോഴിക്കോട്: ഭക്ഷ്യവിഷബാധ കുട്ടികളെയാണ് എളുപ്പത്തിൽ ബാധിക്കുന്നത്. ബാക്ടീരിയയുടെ ആക്രമണം താങ്ങാൻ കുഞ്ഞുശരീരത്തിന് കഴിയില്ല. ക്ലോസ്ട്രിഡിയം ഇനത്തിലുള്ള ബാക്ടീരിയകളാണ് ഭക്ഷ്യവിഷബാധകളിൽ അപകടമുണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാൽമണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നീ ബാക്ടീരിയകൾ ജീവനുതന്നെ ഭീഷണിയാകും. ഇവ പുറത്തുവിടുന്ന വിഷാംശങ്ങൾ ശരീരത്തിലെത്തിയാൽ 12 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ കാണും. സമയം വൈകാതെ വിദഗ്ധ ചികിത്സ നൽകുകയാണ് ഏക പോംവഴി.
ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ചാൽ ശരിയായ ദഹനമുണ്ടാകില്ല. പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ശുചിത്വമില്ലായ്മയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഭക്ഷണം ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വെക്കുന്നതും ബാക്ടീരിയകൾക്ക് അനുകൂല ഘടകമാണ്. ഫാസ്റ്റ്ഫുഡുകളിൽ നിന്നും വെള്ളത്തിൽനിന്നുമാണ് അടുത്തകാലത്തായി ഭക്ഷ്യവിഷബാധ കൂടുതലുമുണ്ടാകുന്നത്. നരിക്കുനിയിൽ മരിച്ച രണ്ടര വയസ്സുകാരനും ചികിത്സയിലുള്ളവർക്കും വയറിളക്കമുണ്ടായിരുന്നില്ല. ഛർദിയും വയറുവേദനയുമായിരുന്നു പ്രധാന ലക്ഷണം. പരിശോധനഫലം ലഭിച്ചശേഷമേ വിഷബാധയുടെ കാരണം വ്യക്തമാകൂവെന്ന് ജില്ല മെഡിക്കൽ ഓഫിസർ വി. ജയശ്രീ പറഞ്ഞു.
കല്യാണ ആഹ്ലാദം സങ്കടക്കടലായി
എകരൂല്‍: മുഹമ്മദ് യമീന് എന്ന രണ്ടരവയസ്സുകാരെൻറ ആകസ്മിക മരണവാർത്ത അറിഞ്ഞതു മുതൽ കറുത്തു വിങ്ങിനിന്നിരുന്ന മാനം ശനിയാഴ്ച രാത്രി 10 മണിയോടെ കുണ്ടായി ഗ്രാമത്തില്‍ കണ്ണീര് വാര്‍ത്തു. ഹൃദയം നുറുങ്ങുന്ന വേദനയിൽ പ്രകൃതിപോലും കണ്ണീര് പൊഴിച്ചപ്പോള്‍ കുഞ്ഞിെൻറ ജീവനറ്റ മൃതദേഹം കണ്ടു കലങ്ങിയ സങ്കടക്കടലിലായിരുന്നു നരിക്കുനി കുണ്ടായി തടപ്പറമ്പ് പ്രദേശത്തുള്ള മുഹമ്മദ് യമീെൻറ വീട്.
കഴിഞ്ഞ ദിവസമാണ് നരിക്കുനി പന്നിക്കോട്ടൂര്‍ കുണ്ടായി ചങ്ങളംകണ്ടി അക്ബറിെൻറ മകനായ യമീന് ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍കോളജില്‍നിന്ന് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് വീട്ടിലെത്തിച്ചത്. ചേതനയറ്റ കുഞ്ഞുദേഹം അവൻ ഓടിക്കളിച്ചിരുന്ന മുറ്റത്തെത്തിച്ചപ്പോൾ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് വീട് സാക്ഷ്യംവഹിച്ചത്. വിവരമറിഞ്ഞ് ഖത്തറില്‍ ജോലിയിലുള്ള പിതാവ് അക്ബര്‍ നാട്ടിലെത്തിയിരുന്നു. പൊന്നോമന മകെൻറ ചേതനയറ്റ ശരീരം കണ്ട് വാവിട്ടുകരഞ്ഞ കുഞ്ഞിെൻറ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ കഴിയാതെ അവിടെ കൂടിയിരുന്നവരും വിതുമ്പി. രാത്രി 11ഓടെയാണ് ഇയ്യാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നത്.
വരെൻറയും വധുവിെൻറയും വീടുകളിലേക്ക് ഭക്ഷണം എത്തിച്ച കടകള്‍ അടക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കൊടുവള്ളി സബ് ഇന്‍സ്പെക്ടര്‍ അഷ്റഫിെൻറ നേതൃത്വത്തില്‍ പൊലീസ് സംഘവും ആരോഗ്യവകുപ്പ് എച്ച്.ഐ ഷറഫുദ്ദീന്, ജെ.എച്ച്.ഐ നാസര്‍ എന്നിവരും കുട്ടിയുടെ വീട്ടിലെത്തി വിവാഹത്തില്‍ പങ്കെടുത്തവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലിം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഉമ്മു സല്‍മ, ജൗഹര്‍ പൂമംഗലം, പത്താം വാര്‍ഡ് അംഗം സുനില്‍കുമാര്‍, പ്രവാസി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഗഫൂര്‍ ഇയ്യാട് തുടങ്ങിയവരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.