സ്പെഷൽ പാനീയ കടകൾക്ക് പൂട്ടിട്ട് ആരോഗ്യവിഭാഗം
text_fieldsപെരുമണ്ണയിൽ രാത്രികാല താൽക്കാലിക പാനീയ വിൽപനകേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ്
അധികൃതർ പരിശോധന നടത്തുന്നു
പെരുമണ്ണ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ അനധികൃത വഴിയോരകച്ചവടങ്ങൾക്ക് പൂട്ടുവീണു. പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്തരം കച്ചവടങ്ങൾക്കെതിരെ നടപടിയെടുത്തത്.
രാത്രികാലങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടകേന്ദ്രങ്ങളിൽ എരിവും പുളിയും കലർന്ന പാനീയങ്ങൾ, ഉപ്പിലിട്ടത്, സ്പെഷൽ ദം സോഡ, മസാല സോഡ തുടങ്ങിയവയാണ് വിൽപന നടത്തുന്നത്. ജലജന്യരോഗങ്ങളും ഭക്ഷ്യജന്യ രോഗങ്ങളും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം കച്ചവടക്കാർക്കെതിരെ വരും ദിവസങ്ങളിൽ പൊലീസ് സഹായത്തോടെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പെരുമണ്ണ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി. ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. സോബിത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.