ആരോഗ്യ വാഴ്സിറ്റി കലോത്സവം; വിജയികൾക്ക് മർദ്ദനത്തോടെ കിരീടം, അതിർത്തി കടത്തിയത് പൊലീസ്
text_fieldsപെരിയ: പെരിയ സിമെറ്റ് നഴ്സിംഗ് കോളജില്‍ നടന്ന ആരോഗ്യ സര്‍വകലാശാല നോർത്ത്സോണ്‍ കലോത്സവത്തിന്റെ വിജയികളെ സംഘാടകർ മർദ്ദിച്ചതായി ആരോപണം. ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യംചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെയാണ് മർദ്ദിച്ചത്. ഇതുസംബന്ധിച്ച സംഘർഷത്തിന്റെ വിഡിയോകളും വൈറലായി.
മർദ്ദനത്തിൽ പ്രതിഷേധിച്ച് സമ്മാനം വാങ്ങാതെ യാത്രപുറപ്പെട്ട വിദ്യാർഥികളെ പൊലീസ് ഇടപെട്ട് തിരിച്ചു കൊണ്ടുവന്ന് സമ്മാനം ഏൽപിച്ച് പറഞ്ഞയക്കുകയായിരുന്നുവത്രെ.
സംഘാടകരിൽ ഒരു വിഭാഗത്തിന്റെ അക്രമം ഭയന്ന് പൊലീസാണ് ഇവരെ യാത്രയാക്കിയത്. ജില്ല അതിർത്തിയായ കാലിക്കടവ് വരെ പൊലീസ് അനുഗമിച്ചു. കഴിഞ്ഞ നാലുദിവസമായി പെരിയ സിമെറ്റ് നഴ്സിംഗ് കോളജിലാണ് ആരോഗ്യ സര്‍വകലാശാല നോര്‍ത്ത്സോണ്‍ കലോത്സവം നടന്നത്.
സമാപനദിനത്തിൽ രാത്രിയോടെ അഞ്ച് ഇനങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെ സംഘാടകർ ആയോഗ്യരാക്കിയതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്.
തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ച വിദ്യാർഥികൾക്ക് കൃത്യമായ മറുപടി നൽകാൻ സംഘാടകർക്കായില്ല. സംശയം തോന്നിയ കോഴിക്കോട് മെഡിക്കൽകോളജ് സംഘം അവർക്ക് ലഭിച്ച ഓവറോള്‍ കിരീടം സ്വീകരിക്കാതെ ഓഫിസിനു മുമ്പില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരോട് എഴുന്നേറ്റുപോകാൻ സംഘാടകർ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാതായപ്പോഴാണ് ആക്രമം അഴിച്ചുവിട്ടതെന്ന് വിജയികളായ കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
സംഘാടകർ തന്നെ അക്രമത്തിനു നേതൃത്വം നൽകിയതിനാൽ കിരീടം സ്വീകരിക്കേണ്ടതില്ലെന്ന് വിജയികൾ തീരുമാനിക്കുകയായിരുന്നു. കിരീടം വാങ്ങാതെ കാമ്പസ് വിട്ടുപോകാനുള്ള ശ്രമവും അക്രമികൾ തടഞ്ഞു.
പൊലീസ് എത്തിയാണ് വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് സമ്മാനവും ഏൽപിച്ച് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്ന് നാട്ടിലേക്ക് പറഞ്ഞയച്ചത്. തർക്കങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും സംഘാടകർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.